ലണ്ടൻ: ഇന്നും തോറ്റാലോ? എന്തായിരിക്കും മാഞ്ചസ്‌റ്റർ യുനൈറ്റഡ് പരിശീലകൻ മൈക്കൽ കാരിക്കിന്റെ അവസ്ഥ..? തോൽവികളുടെ മൈതാനത്ത് തല ഉയർത്താൻ കഴിയാതെ നിൽക്കുന്ന പഴയ യുനൈറ്റഡ് താരത്തിന് ഇന്നത്തെ അഗ്നിപരീക്ഷണം സ്വന്തം വേദിയാണ്.
യുവേഫ ചാമ്പ്യൻസ് ലീഗിലെ പ്രതിയോഗികൾ ചില്ലറക്കാരല്ല-ഇറ്റലിയിൽ നിന്നുമെത്തിയ റോമ. അവസാന ഒമ്പത് മൽസരങ്ങളിൽ ജയമില്ലാത്തവരാണ് കാരിക്കിന്റെ യുനൈറ്റഡ്. വളരെ പ്രയാസപ്പെട്ട് സ്വന്തമാക്കിയ യുവേഫ ചാമ്പ്യൻസ് ലീഗ് ബെർത്ത് അവസാന സീസണിന്റെ ആവേശത്തിൽ ടീമിനും കളിക്കാർക്കും ഊർജ്ജമായിരുന്നെങ്കിൽ ഇതിനകം നടന്ന കളികളിലെല്ലാം അവർ തോറ്റിരിക്കുന്നു. ഇറ്റലിക്കാരായ കോമോയോട് തോറ്റത് നാല് ഗോളിനായിരുന്നു. അത്ലറ്റികോ മാഡ്രിഡിനോടും തോറ്റു. ചാമ്പ്യൻസ് ലീഗിലെ മൂന്ന് കളികളിൽ ജയമില്ല.
ഇപ്പോൾ നിൽക്കുന്നത് 24-ാമത് സ്ഥാനത്ത്. പ്രീമിയർ ലീഗിലേക്ക് വന്നപ്പോൾ തോൽവികളുടെ കുത്തൊഴുക്ക്. ഇപ്പോൽ പോയിന്റ് ടേബിളിലെ സ്ഥാനം പതിനാറാണ്. തരം താഴ്ത്തൽ കടമ്പയിൽ നിന്ന് ഒരു പോയിന്റ് മാത്രം അരികെ. 1988-89 സീസണിലായിരുന്നു ഇത്തരത്തിൽ തോൽവികളുടെ മൈതാനത്ത് യുനൈറ്റഡ് തനിച്ചായത്. റോമക്കാർ ഉജ്വല ഫോമിലാണ്. ഈ സീസണിൽ ആകെ തോറ്റത് ഒരേ ഒരു മൽസരത്തിൽ. അതും ശക്തരായ റയൽ മാഡ്രിഡിനോട്, മൽസരം അവസാനിക്കാൻ ഏഴ് മിനുട്ട് മാത്രം ശേഷിക്കവൈ 3-1ന് ലീഡ് ചെയ്തവരായിരുന്നു റോമ.
എന്നാൽ അവസാനത്തിൽ കിലിയൻ എംബാപ്പേയും സംഘവും നടത്തിയ കുതിപ്പിൽ മൂന്ന് ഗോളുകൾ വഴങ്ങി ടീം തോൽക്കുകയായിരുന്നു. ഇന്നലെ വാർത്താസമ്മേളനത്തിൽ പക്ഷേ ആത്മവിശ്വാസത്തോടെയാണ് കാരിക്ക് സംസാരിച്ചത്. സമ്മർദ്ദം പതിവാണെന്നും എന്നാൽ റോമക്കെതിരെ കരുത്ത് പ്രകടിപ്പിക്കാൻ ടീമിനാവുമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. ഭാവിയെക്കുറിച്ച് ആശങ്കയില്ല. നാളെ എന്താണ് നടക്കാൻ പോവുന്നതെന്ന് നമുക്ക് തീരുമാനിക്കാനാവില്ല-അദ്ദേഹം വ്യക്തമാക്കി.
ടീമിലെ കശപിശകളും കോച്ചിനെ അലട്ടുന്നുണ്ട്. തോൽവികളുടെ കാരണക്കാരൻ കോച്ചാണെന്ന് പരസ്യമായി പറഞ്ഞത് നായകൻ ബ്രുണോ ഫെർണാണ്ടസ് തന്നെയായിരുന്നു. മറ്റൊരു സീനിയർ ലിസാൻ ഡ്രോമാർട്ടിനസും ഉടക്കി നിൽക്കുന്നു. ഇന്നും തോറ്റാൽ ഒന്നുറപ്പാണ്-ഒന്നുങ്കിൽ കാരിക്ക് രാജി നൽകും. അല്ലെങ്കിൽ അദ്ദേഹത്തെ ക്ലബ് പുറത്താക്കും