ന്യൂദല്‍ഹി: എൻസിപി (ശരദ്ചന്ദ്ര പവാർ) വിഭാഗം ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിൽ പ്രവേശിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ പാർട്ടി അധ്യക്ഷൻ ശരദ് പവാറും വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെയും പാർലമെന്റിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ചേംബറിൽ വെച്ച് നടന്ന കൂടിക്കാഴ്ച മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിലും ദേശീയതലത്തിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ജലസേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ശരദ് പവാർ മോദിക്ക് നിവേദനം നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉചിതമായ പ്രതികരണമുണ്ടാകണമെന്നും ശരദ് പവാർ ആവശ്യപ്പെട്ടതായാണ് വിവരം.
പ്രധാനമന്ത്രി മോദി പവാറിനെ ഹാർദ്ദവമായി സ്വീകരിക്കുന്നതിന്റെയും, ഇരുവരും കുറിപ്പുകൾ കൈമാറി സംഭാഷണത്തിൽ ഏർപ്പെടുന്നതിന്റെയും ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ മുംബൈയിൽ ജയന്ത് പാട്ടീൽ, പ്രഫുൽ പട്ടേൽ, സുനിൽ തത്കറെ, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ തമ്മിൽ നടന്ന കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് ഈ നീക്കം എന്നത് രാഷ്‌ട്രീയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
അജിത് പവാറിന്റെ മരണശേഷം സുനേത്ര പവാർ നേതൃത്വം നൽകുന്ന എൻസിപി വിഭാഗവുമായി വീണ്ടും ഒന്നിച്ച ശേഷമോ, അല്ലെങ്കിൽ പ്രത്യേക കക്ഷിയായോ എൻഡിഎയിൽ ചേരുന്നതിനുള്ള ഫോർമുലകൾ അണിയറയിൽ ചർച്ചയാകുന്നുണ്ടെന്നാണ് വിവരങ്ങൾ. വരാനിരിക്കുന്ന ദിവസങ്ങളിൽ ഇതിൽ അന്തിമ തീരുമാനമുണ്ടാകും. എൻഡിഎ സർക്കാരിന്റെ ഭാഗമാകുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന അഭിപ്രായമാണ് പവാർ വിഭാഗത്തിലെ ഭൂരിഭാഗം ജനപ്രതിനിധികൾക്കുമുള്ളത്.
അതേസമയം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഭരണപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നുവെന്നും, മറ്റ് റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പവാർ വിഭാഗം വ്യക്തമാക്കി.