• Sun. Sep 22nd, 2024

24×7 Live News

Apdin News

‘ഏരീസ്’.  മേടം രാശിയുടെ ഇംഗ്ലീഷ് നാമം; തൊട്ടതെല്ലാം നല്ല ‘രാശി’യാക്കിയ പേരുകളായി സോഹന്‍ റോയിയും ഏരീസും

Byadmin

Sep 22, 2024


വാഗ്ഭടാനന്ദ സ്വാമിയുടെ ആത്മവിദ്യാ സംഘത്തില്‍ അംഗമായിരുന്നു ദാമോദര്‍ ദാസ്. സംഘത്തിലുള്ളവര്‍ ജാതിയും മതവും തിരിച്ചറിയാത്ത  പേരിടണം എന്നതുകൊണ്ട് സ്വീകരിച്ച പേര്. മക്കള്‍ക്കും അത്തരം പേരിട്ടു.  ഷാജി ബോണ്‍സലെ, സോഹന്‍ റോയി, കസ്തൂരി ബായി തുടങ്ങിയ പേരുകളിട്ടു. വസൂരി വന്ന് സോഹന്‍ റോയി ചെറുപ്പത്തില്‍ മരിച്ചു. സഹോദരനോടുള്ള ഓര്‍മ്മയ്‌ക്കായി കസ്തൂരി ബായി ഇളയ മകന് ഇട്ട പേര് സോഹന്‍ റോയി. മാര്‍ച്ച് 28 ന് ജനിച്ച സോഹന്‍ തന്റെ കമ്പിനിക്ക് ജന്മരാശിയുടെ പേരുമിട്ടു, ‘ഏരീസ്’.  മേടം   രാശിയുടെ ഇംഗ്ലീഷ് നാമം. തൊട്ടതെല്ലാം നല്ല ‘രാശി’യാക്കിയ പേരുകളായി സോഹന്‍ റോയിയും ഏരീസും മാറി.

പുനലൂര്‍ ഐക്കരക്കോണം ശ്രീവിലാസത്തില്‍ അദ്ധ്യാപകരായിരുന്ന കൃഷ്ണശാസ്ത്രിയുടേയും കസ്തൂരി ബായിയുടേയും മകന്‍ സോഹന്‍ റോയി മലയാളികള്‍ക്കെല്ലാം ഇന്ന് സുപരിചിതന്‍. 29 രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ‘ഏരീസ്’ഗ്രൂപ്പിന്റെ സ്ഥാപകന്‍. മറൈന്‍ എന്‍ജിനീയര്‍, നേവല്‍ ആര്‍ക്കിടെക്റ്റ്, ഫോബ്സ് പട്ടികയില്‍ ഇടം നേടിയ സംരംഭകന്‍, സിനിമയെ പ്രണയിക്കുന്ന സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിര്‍മാതാവ്, ഗിന്നസില്‍ പേരു ചേര്‍ത്ത കവി. സര്‍ പദവിയായ ഇറ്റലിയിലെ ‘നൈറ്റ്ഹുഡ് ഓഫ് പാര്‍ട്ടെ ഗ്വെല്‍ഫ’ ബഹുമതി നേടിയ വ്യക്തി…വിശേഷണങ്ങള്‍ ഇങ്ങനെ നീളുന്നു.

രാശിചക്രത്തിലെ ആദ്യത്തെ രാശിയാണ് മേടം. നേതൃത്വം, ശുഭാപ്തിവിശ്വാസം, ഊര്‍ജ്ജം, മനസ്സ് തുറന്ന സംസാരം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന രാശി. നേതൃപാടവവും, അന്വേഷണ താല്‍പര്യവും ഇവരുടെ പ്രത്യേകതകളാണ്. ഈ രാശിക്കാര്‍ ബുദ്ധിശാലികളും അഭിമാനികളുമായതിനാല്‍ എടുക്കുന്ന തീരുമാനങ്ങളില്‍നിന്ന് വ്യതിചലിക്കില്ല. ശാസ്ത്രീയചിന്ത, പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാനുള്ള ധൈര്യം, പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള കഴിവ് ഇതെല്ലാമുള്ള മേടം രാശിക്കാര്‍ എല്ലായ്‌പ്പോഴും ആത്മവിശ്വാസം ഉള്ളവരായിരിക്കും. വേഗത്തില്‍ തീരുമാനമെടുക്കും. സംസ്‌കൃത അദ്ധ്യാപകനായിരുന്ന കൃഷ്ണശാസ്ത്രി മകന്‍ സോഹന്റെ ജന്മരാശിയെക്കുറിച്ച് പറഞ്ഞതെല്ലാം സത്യമായി.

വ്യവസായത്തിനും സിനിമയ്‌ക്കും സാഹിത്യത്തിനും പുറമെ കായിക രംഗത്തേക്കും ചുവടുറപ്പിക്കുകയാണ് തൊട്ടതെല്ലാം നല്ല ‘രാശി’യാക്കിയ ഈ മലയാളി. കേരളത്തിലെ ക്രിക്കറ്റിന് പുത്തനുണര്‍വ് നല്‍കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമിന്റെ ഉടമയാണ് ഡോ. സോഹന്‍ റോയി. മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത് മെന്ററും ഐപിഎല്‍ താരം സച്ചിന്‍ ബേബി ഐക്കണ്‍ പ്ലെയറുമായ കൊല്ലം സെയ്ലേഴ്സ്. പ്രഥമ കെസിഎല്ലില്‍ മികച്ച പ്രകടനത്തിലൂടെ കിരീടം നേടിയ സ്വന്തം ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ സോഹന്‍ റോയിയും ഒപ്പമുണ്ടായിരുന്നു. തന്റെ ക്രിക്കറ്റ് സ്വപ്നങ്ങളും സിനിമയും കവിതയും നിലപാടും  എല്ലാം തുറന്നു പറയുന്നു ഡോ. സോഹന്‍ റോയി ‘ജന്മഭൂമി’ക്ക് നല്‍കിയ അഭിമുഖത്തില്‍.

കളിയും കളിക്കാരുമല്ല, വേണ്ടത് കാഴ്‌ച്ചക്കാര്‍

കായിക രംഗത്തേക്കുള്ള ചുവടുമാറ്റത്തിനും പെട്ടന്ന് ക്രിക്കറ്റ് ടീം ഉടമയാകാനുളള തീരുമാനത്തിനും പിന്നിലെന്ത് എന്ന ചോദ്യത്തിന് സോഹന്‍ റോയിയുടെ ഉത്തരം, എന്തുകൊണ്ട് അദ്ദേഹം വ്യത്യസ്തനാണ് എന്നത് അടിവരയിടും. വ്യവസായവുമായി ഏറ്റവും ഒത്തുചേര്‍ന്നു നില്‍ക്കുന്ന കായിക ഇനം ക്രിക്കറ്റാണ്. പരസ്പര പൂരകങ്ങളായ നിരവധി ഘടകങ്ങള്‍ രണ്ടിലുമുണ്ട്. എസ്എന്‍ കോളജിലെ പഠനകാലത്ത് പന്തുകൊണ്ട് മുന്‍നിരയിലെ പല്ലുപോയതിനാല്‍ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്ന സോഹന്‍ റോയി ക്രിക്കറ്റിനെ പിന്തുണയ്‌ക്കുന്നത് മികച്ച കളിക്കാരെ സൃഷ്ടിക്കാനല്ലെന്നും പറയുന്നു.

‘വ്യവസായവുമായി ഏറ്റവും അധികം യോജിച്ചുപോകുന്ന കളിയാണ് ക്രിക്കറ്റ്. അതുകൊണ്ടാണ് കെസിഎല്‍ ടീമിനെ ഏറ്റെടുത്തത്. വ്യവസായം വിജയിക്കാന്‍ വേണ്ട 25 ഗൂണങ്ങളെങ്കിലും ക്രിക്കറ്റിലുമുണ്ട്. സൂക്ഷ്മത, സമയനിഷ്ഠ, തീരുമാനം എടുക്കുന്നതിലെ വേഗത, മികവ് അളക്കല്‍, ഡേറ്റാ വിലയിരുത്തല്‍…തുടങ്ങി പലതും ക്രിക്കറ്റിലും വ്യവസായത്തിലും വിജയത്തിന് പ്രധാനമാണ്. ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ഒരാളെ കമ്പനിയില്‍ ജോലിക്കെടുത്താല്‍ ഏതെങ്കിലും വിഭാഗത്തിന്റെ തലവനാക്കുന്നതില്‍ അധികം ആലോചിക്കേണ്ടി വരില്ല. മറ്റുള്ളവരെക്കാള്‍ നല്ല ഫലം അവര്‍ നല്‍കും എന്നാണ് അനുഭവം.
കോടിക്കണക്കിന് രൂപ മുടക്കി മികച്ച രീതിയില്‍ മത്സരം സംഘടിപ്പിക്കാന്‍ എളുപ്പമാണ്. കാണികളെയെത്തിക്കുക എന്നതാണ് പ്രധാനം. അടുത്ത കെസിഎല്‍ നിറഞ്ഞ ഗാലറികളെ സാക്ഷിയാക്കിയാകണം നടക്കേണ്ടത്. ക്രിക്കറ്റ് സംസ്‌കാരം വളര്‍ത്തുകയാണ് വേണ്ടത്. സ്‌കൂളുകളില്‍ ക്രിക്കറ്റ് ക്ലബ്ബുകള്‍ ഉണ്ടാകണം. എല്ലാവരും കോഹ്ലിയും സഞ്ജുവും ആകണം എന്നാഗ്രഹിക്കരുത്. കളിക്കാരാകുക മാത്രമല്ല ക്രിക്കറ്റുകൊണ്ട് ലക്ഷ്യമിടേണ്ടത്. ക്രിക്കറ്റ് മറ്റ് നിരവധി അവസരങ്ങളാണ് തുറന്നിടുന്നത്. 22 പേര്‍ കളിക്കുന്ന ഒരു മത്സരം നടക്കുമ്പോള്‍ 22000 ത്തിലധികം പേരാണ് ക്രിക്കറ്റ് അധിഷ്ഠിത ജോലികള്‍ ചെയ്യുന്നത്.” സോഹന്‍ റോയി പറഞ്ഞു.

ജന്മനാടായ ഐക്കരക്കോണത്ത് അന്താരാഷ്‌ട്ര നിലവാരമുള്ള സ്റ്റേഡിയത്തിന്റെ നി
ര്‍മാണത്തിലാണ് ഇദ്ദേഹം. ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികളെത്തി നിര്‍
മാണ പുരോഗതി വിലയിരുത്തി, മികച്ചത് എന്ന് സാക്ഷ്യപ്പെടുത്തി. എന്‍ജിനീയര്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുമ്പോള്‍ മനസിലുണ്ടാകേണ്ടത് മികച്ച സ്റ്റേഡിയത്തെക്കുറിച്ചാകണം എന്ന് മറൈന്‍ എന്‍ജിനീയറായ സോഹന്‍ റോയി അഭിപ്രായപ്പെടുന്നു.

വിവാദങ്ങളുടെ ‘വാട്ടര്‍ ബോംബ്’

ഒരു സിനിമയുടെ പേരില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് രണ്ടു ദിവസം തടസ്സപ്പെടുക. രണ്ടു സംസ്ഥാനങ്ങള്‍ അതിര്‍ത്തിയടച്ച് പരസ്പരം പോരാടുക.. സുപ്രീം കോടതി സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടും സര്‍ക്കാര്‍ നിരോധനം തുടരുക. സിനിമാ സംഘടനകള്‍ വഴി പോസ്റ്റര്‍ പോലും പതിയ്‌ക്കാന്‍ സമ്മതിക്കാതിരിക്കുക. മലയാളികള്‍ നെഞ്ചേറ്റിയ, ഓസ്‌കറിന്റെ പടിവാതിലിലെത്തിയ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം മലയാളം ചാനലുകള്‍ പോലും എടുക്കാതിരിക്കുക…ഒരു സിനിമയെ ഇങ്ങനെ നിഷ്ഠൂരമായി കൊല ചെയ്ത സംഭവം ലോക സിനിമാ ചരിത്രത്തില്‍ തന്നെയുണ്ടായിട്ടില്ല. ഡോ. സോഹന്‍ റോയിയുടെ സംവിധാനത്തില്‍, 2011 ല്‍ പുറത്തിറങ്ങിയ ‘ഡാം 999’ എന്ന ചിത്രത്തിന്റെ അനുഭവമായിരുന്നു ഇത്. വ്യവസായി എന്നതിലുപരി സോഹന്‍ റോയിയെ പൊതുസമൂഹത്തില്‍ അടയാളപ്പെടുത്തിയതും ‘ഡാം 999 ‘ആണ്. പുതിയ സാങ്കേതിക സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ ‘ഡാം 999 ‘ തിയേറ്ററില്‍ എത്തിക്കാനൊരുങ്ങുകയാണ് ഏരീസ് തിയേറ്റര്‍ ശ്യംഖലയുടെ ഉടമയായ സോഹന്‍ റോയി.

”മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മടിത്തട്ടില്‍ തല വച്ച് കിടന്നുറങ്ങുന്ന മധ്യകേരളത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍, ലോകമെമ്പാടുമുള്ള മലയാളികളുടെ മുഴുവന്‍ ഉറക്കവും നഷ്ടപ്പെടുത്തിയിരുന്ന കാലത്താണ് ‘ഡാം 999’ പുറത്തിറങ്ങുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോള്‍ ഉണ്ടാവുന്ന ദുരന്തവും പ്രമേയമാക്കിയ സിനിമ. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്നാണ് ആരോപണം. പക്ഷേ, ഇത് മുല്ലപ്പെരിയാര്‍ ഡാമിന്റെ മാത്രം കഥയല്ല. സംസ്ഥാനത്തെ എല്ലാ ‘അഴിമതി’ഡാമുകളുടേയും കഥയാണ്. 81 ഡാമുകളാണ് കേരളത്തിലുള്ളത്. അഴിമതിയുടെ കറപുരണ്ട ഡാമുകളാണ് എല്ലാം. കോണ്‍ക്രീറ്റ് നിര്‍മിതികളുടെ ആയുസ്സ് 50-60 വര്‍ഷമാണ്. 50 വര്‍ഷത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഡാമിന് നാശം സംഭവിക്കാം. 1895ല്‍ പണി കഴിഞ്ഞ മുല്ലപ്പെരിയാര്‍ ഡാമിന് ഇപ്പോള്‍ 125 വര്‍ഷം പഴക്കം. മലയാളി എന്തുകൊണ്ടിത് മനസ്സിലാക്കുന്നില്ല. ഒട്ടനവധി പ്രത്യേകതകളുള്ള സിനിമയാണ് ‘ഡാം 999’. 16 ദേശീയ പുരസ്‌കാര ജേതാക്കള്‍ അണിനിരന്ന സിനിമ, 2ഡിയില്‍ നിന്ന് 3ഡിയിലേക്കുള്ള ‘കണ്‍വേര്‍ഷന്‍ ടെക്നോളജി’ പ്രാവര്‍ത്തികമാക്കിയ ആദ്യ ഇന്ത്യന്‍ സിനിമ. അഞ്ച് ഭാഷകളില്‍ ലോകവ്യാപകമായി  ഒരേസമയം റിലീസ് ചെയ്ത സിനിമ. അന്നുവരെ ലോകസിനിമകളില്‍ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കപ്പലില്‍ ചിത്രീകരിക്കപ്പെട്ട സിനിമ, ഇന്ത്യയില്‍ വാട്ടര്‍ ഗ്രാഫിക്സ് സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തിയ ആദ്യ സിനിമ, ഹോളിവുഡ് ഫോര്‍മാറ്റില്‍ നിര്‍മിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ സിനിമ, ലോക പ്രശസ്ത നിര്‍മാണ വിതരണക്കമ്പനി ‘വാര്‍ണര്‍ ബ്രോസ്’ വിതരണം ചെയ്യുന്ന സിനിമ, ഇറങ്ങുന്നതിന് മുന്‍പേ ഒരു സംസ്ഥാനത്ത് നിരോധിക്കപ്പെട്ട സിനിമ. റിലീസിന് ശേഷം, പുരസ്‌കാരങ്ങളുടെ എണ്ണത്തിലും ചിത്രം ‘സൂപ്പര്‍ ഹിറ്റാ’യിരുന്നു. ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ‘ഡാം 999 ‘ കേരളത്തിലും പ്രദര്‍ശനത്തിനെടുക്കാന്‍ തിയേറ്റര്‍ ഉടമകള്‍ മടിച്ചു. ആ സാഹചര്യത്തിലാണ് 13 വര്‍ഷത്തിനു ശേഷം 4 കെ സംവിധാനത്തില്‍ സിനിമ റിലീസാകുന്നത്. ക്രിസ്തുമസിന് സിനിമ പ്രദര്‍ശനത്തിനെത്തും, സോഹന്‍ റോയി പറഞ്ഞു.

വയറിന് മാത്രമല്ല, സര്‍ഗ്ഗാത്മകതയ്‌ക്കും വിശക്കും

കോടികള്‍ മുടക്കി സിനിമ എടുക്കുന്നു. പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതിനപ്പുറം ബോക്സ് ഓഫീസില്‍ വിജയിക്കുന്നില്ല. ഫോബ്സ് പട്ടികയില്‍ ഇടം നേടിയ സംരംഭകന്‍, പണം വെറുതെ കളയുന്നതെന്തിന് എന്നതിന് ‘വിശപ്പുമാറ്റാന്‍’ എന്നായിരുന്നു സോഹന്‍ റോയിയുടെ പെട്ടന്നുള്ള ഉത്തരം. വിശദീകരിക്കുകയും ചെയ്തു.

” വയറിനു മാത്രമല്ല വിശപ്പ്. കലാകാരന്മാര്‍ക്കും വിശപ്പുണ്ട്. വയറിന്റെ പട്ടിണി ഭക്ഷണം കഴിച്ചാല്‍ മാറും. സര്‍ഗ്ഗാത്മകതയുടെ വിശപ്പു മാറണമെങ്കില്‍ സൃഷ്ടി നടക്കണം. ലാഭം മാത്രം പ്രതീക്ഷിച്ചല്ല സിനിമ എടുക്കുന്നത്. കലാകാരന്മാരെ സഹായിക്കാനാകും. ഒപ്പം മനസ്സില്‍ രൂപപ്പെടുന്ന സന്ദേശം പകരാം. എടുത്ത സിനിമകളിലധികവും ‘ചാരിറ്റി സിനിമ’കളാണ്. കേരളത്തിലെ അട്ടപ്പാടി കുറുമ്പ ഗോത്ര സമൂഹത്തിന്റെ സംസാര ഭാഷയായ കുറുമ്പ ഭാഷയിലെ ആദ്യ ഇന്ത്യന്‍ സിനിമാ പ്രൊജക്ടായിരുന്നു ‘മ്…'(സൗണ്ട് ഓഫ് പെയിന്‍). ഫുട്ബോള്‍ താരം ഐ.എം. വിജയന്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഗോത്രജനത ചൂഷണം ചെയ്യപ്പെടുന്ന രീതികളും പാരിസ്ഥിതിക പ്രശ്നങ്ങളും കൃത്യമായി വരച്ചുകാട്ടി. ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംനേടാനും അന്താരാഷ്‌ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കാനും സാധിച്ചു. വിശപ്പ് പ്രമേയമാക്കിയിട്ടുള്ള സിനിമയായിരുന്നു ‘മുടുക  എന്ന ഗോത്ര ഭാഷയില്‍ ചിത്രീകരിച്ച’ആദിവാസി’. ആള്‍ക്കൂട്ട മര്‍ദ്ദനത്തെതുടര്‍ന്ന് മരണപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കഥ. ആലപ്പാട് പ്രദേശത്തെ അശാസ്ത്രീയ ഖനനവും പാരിസ്ഥിതിക ചൂഷണവും വിഷയമാക്കി സംവിധാനം ചെയ്ത ‘ബ്ലാക്ക് സാന്‍ഡ് ‘ എന്ന ഡോക്യുമെന്ററിയും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടി. സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് നിര്‍മ്മിച്ച ആദ്യ സിനിമ ‘ജല’ത്തിലെ ഗാനങ്ങള്‍ ഓസ്‌കറിലെ ‘ബെസ്റ്റ് ഒറിജിനല്‍ സോങ്’ വിഭാഗത്തിലെ ചുരുക്കപട്ടികയില്‍ ഇടം നേടി. ജന്മനാടിനോടുളള കടപ്പാടാണ് ‘എക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍’ എന്ന സിനിമ. 5000 വര്‍ഷത്തോളം പഴക്കമുള്ള ആയുര്‍വേദ ചികിത്സയെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ വരുമാനം പൂര്‍ണ്ണമായും പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്കി.

വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ഉരുള്‍പൊട്ടലില്‍ അനാഥരായ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസം ഏറ്റെടുത്ത് അവരുടെ ഭാവി സംരക്ഷിക്കുന്ന പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായ എല്ലാ കുട്ടികളുടെയും പഠനം, കരിയര്‍ ഡിസൈന്‍ എന്നിവ മുതല്‍ ജോലി കിട്ടുന്നത് വരെയുള്ള എല്ലാ ചെലവുകളും ഏറ്റെടുക്കുവാനാണ് ഉദ്ദേശിക്കുന്നത്. പുതിയ ചലച്ചിത്രമായ ‘കര്‍ണിക’യില്‍ നിന്ന് ലഭിക്കുന്ന ലാഭവും പൂര്‍ണ്ണമായും ഇതിനുവേണ്ടി വിനിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.’

ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതൊന്നും വലിയ പ്രശ്നമല്ലെന്നായിരുന്നു  സോഹന്‍ റോയിയുടെ മറുപടി. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ. നിയമങ്ങള്‍ സ്ത്രീകള്‍ക്ക് അനുകൂലമാണെന്ന് മനസ്സിലാക്കണം. സ്തീകളോട് മോശമായി പെരുമാറുന്നവരെ സിനിമയില്‍ മാത്രമല്ല തന്റെ കമ്പനിയില്‍ പോലും അടുപ്പിക്കില്ല എന്നതാണ് നിലപാട്.
സംവിധാനം പടിക്കാന്‍  കമലിന്റെ കൂടെ കുറച്ചു നാള്‍ നിന്നു. ‘വിഷ്ണുലോകം’ സിനിമയില്‍ അസിസ്റ്റന്റാക്കാമെന്ന് കമല്‍ പറഞ്ഞു. പക്ഷേ ദിലീപിനെ അസിസ്റ്റന്റാക്കി.  എന്റെ അവസരം ദിലീപ് കാരണം പോയി എന്നും പറയാം. സംവിധാന മോഹം ഉപേക്ഷിക്കാന്‍ ഇത് കാരണമായി.  ജോലിയും ബിസിനസ്സും നടക്കുമ്പോഴും സിനിമ മനസ്സില്‍ ഒന്നാമതുണ്ടായിരുന്നു. സിനിമയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം ഒരു പ്രശ്നമൊന്നും ആകില്ല.  മലയാള സിനിമ എല്ലാ പ്രതിസന്ധികളേയും  മറികടക്കും. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നവര്‍ക്ക് തന്റെ സ്ഥാപനങ്ങളില്‍ ജോലി നല്‍കില്ല.  ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞു പോകേണ്ടിവരും. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്ക് സ്ത്രീധനം സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായാല്‍, നിയമപരമായ അനുബന്ധ നടപടികള്‍ സ്ഥാപനം ഏറ്റെടുത്ത് നടത്തും. നിലവിലുള്ള തൊഴില്‍ കരാര്‍ പുതുക്കുന്ന ജീവനക്കാര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ‘സ്ത്രീധന നിരാകരണ സമ്മതപത്രവും’ ഒപ്പിട്ടു നല്‍കേണ്ടിവരും. ഈ നയം പില്‍ക്കാല പ്രാബല്യത്തോടെയല്ല നടപ്പാക്കുന്നതെങ്കിലും, ജീവനക്കാരുടെ ഭാര്യമാരോ അവരുടെ മാതാപിതാക്കളോ സ്ത്രീധന സംബന്ധമായ ദേഹോപദ്രവങ്ങളെ സംബന്ധിച്ച് പരാതിപ്പെട്ടാല്‍, അത് ഗുരുതര നയ ലംഘനമായി കണക്കാക്കുകയും, അത്തരം ജീവനക്കാരുടെ സേവനം അവസാനിപ്പിക്കുകയും ചെയ്യും. ലോകത്ത് തന്നെ ആദ്യമായി സ്ത്രീധന നിരാകരണ സമ്മതപത്രം തൊഴില്‍ കരാറിന്റെ ഭാഗമാക്കുന്ന സ്ഥാപനം ഏരീസ് ആണ്.

അദ്ധ്യാപകരില്ലാത്ത സ്‌കൂളുമായി അദ്ധ്യാപക പുത്രന്‍

അദ്ധ്യാപക ദമ്പതികളുടെ മകനാണ് ഡോ സോഹന്‍ റോയി. അച്ഛനും അമ്മയും മാത്രമല്ല സഹോദരിയും ബന്ധുക്കളില്‍ പലരും അദ്ധ്യാപകര്‍. പക്ഷേ സ്വപനം കാണുന്നത് അദ്ധ്യാപകരില്ലാത്ത സ്‌കൂളുകള്‍. തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുളള യാത്രയിലാണ് ഇദ്ദേഹം. കേരളസമൂഹത്തില്‍ സാമൂഹ്യമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശത്തെ കുട്ടികള്‍ പഠിച്ചുവരുന്ന അഗളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മറ്റൊരു വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ് സോഹന്‍.

”സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് അട്ടപ്പാടിയിലെ അഗളി സ്‌കൂളിലെത്തിയത്. 40 കിലോമീറ്റര്‍ വരെ ദൂരത്തുനിന്ന് വരുന്ന കുട്ടികള്‍. ഭൂരിഭാഗവും പഠിക്കാനല്ല, ഭക്ഷണം കിട്ടുമല്ലോ എന്നു കരുതി എത്തിയവര്‍. ഈ അറിവ് ഏറെ വേദനിപ്പിച്ചു. അവരോട് കൃഷിയെക്കുറിച്ചും വീട്ടുജോലികളെക്കുറിച്ചും മരം കയറുന്നതിനെക്കുറിച്ചും ഒക്കെ ചോദിച്ചപ്പോള്‍ അറിയാമെന്ന ഉത്തരം. എത്ര പേര്‍ സിനിമ കണ്ടിട്ടുണ്ട് എന്ന ചോദ്യത്തിന് ഭൂരിപക്ഷത്തിന്റേയും ഉത്തരം ഇല്ല എന്നായിരുന്നു. അതാണ് അവസ്ഥ. പ്രകടമായ എന്തുമാറ്റം കൊണ്ടുവരാം എന്നു ചിന്തിച്ചു. സെമിനാറുകളും ക്ലാസ്സുകളും മികച്ച ദൃശ്യ ശ്രവ്യ സംവിധാനത്തോടെ അനുഭവിച്ചറിയുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്ന രീതിയില്‍ ലോകോത്തര നിലവാരമുള്ള എജ്യൂക്കേഷണല്‍ തിയേറ്റര്‍ അവിടെ സൗജന്യമായി നിര്‍മിച്ചു നല്‍കി, വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍ഡിവുഡ് ടാലന്റ് ക്ലബ്ബ് എന്ന പേരില്‍ ക്ലബ്ബും രൂപീകരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രിസ്റ്റല്‍ ക്ലിയര്‍ ഫോര്‍ കെ റെസല്യൂഷനിലുള്ള, പ്രൊജക്ഷന്‍ സംവിധാനമടക്കമുള്ള മികച്ച ആധുനിക സംവിധാനങ്ങള്‍ ഈ തിയേറ്ററിന്റെ പ്രത്യേകതയാണ്. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റമാണ് തിയേറ്റര്‍ നിര്‍മാണത്തിന് ശേഷം അവിടുത്തെ കുട്ടികള്‍ കാഴ്ചവച്ചത്. പരിസ്ഥിതി സംരക്ഷണത്തെ ആസ്പദമാക്കി 21 ഓളം ഡോക്യുമെന്ററികള്‍ കുട്ടികള്‍ നിര്‍മിച്ചു. പഠിപ്പിക്കാന്‍ അദ്ധ്യാപകരുടെ ആവശ്യമില്ല. പഠിക്കാനുള്ള കാര്യങ്ങള്‍ ദൃശ്യങ്ങളായി കാണിച്ചാല്‍ മതി.

സിനിമ കാണുമ്പോള്‍ മനസ്സിലാക്കുന്നത് സംവിധായകന്‍ വിവരണം നല്‍കിയിട്ടോ കുറിപ്പ് വായിച്ചിട്ടോ അല്ലല്ലോ. ‘ലോകം അഗളി സ്‌കൂളിലേക്ക് ‘ എന്ന പരിപാടി സംഘടിപ്പിച്ചുകൊണ്ട്, ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള 20ല്‍ പരം പ്രഗത്ഭരായ വ്യക്തിത്വങ്ങളെ ഈ തിയേറ്ററിലൂടെ ഓണ്‍ലൈനായി അട്ടപ്പാടിയിലെ കുട്ടികള്‍ക്കു മുന്നിലെത്തിച്ചു. അതിലൂടെ തങ്ങളുടെ കഴിവുകളും ആശയങ്ങളും അതുമായി ബന്ധപ്പെട്ടവരോട് തന്നെ നേരിട്ട് സംവദിച്ച് മെച്ചപ്പെടുത്തുവാനുമുള്ള അവസരം കുട്ടികള്‍ക്ക് ലഭ്യമാക്കി. സ്പോര്‍ട്സ് ക്ലബ്ബിന്റെ ഭാഗമായി, റഗ്ബിയും ബേസ്ബോളുമടക്കം കേരളത്തില്‍ സുപരിചിതമല്ലാത്ത 25 ഓളം ഇന്റര്‍നാഷണനല്‍ ഗെയിമുകള്‍ കളിക്കുവാന്‍ പാകത്തിലുള്ള ടീമുകള്‍ രൂപീകരിക്കാനുള്ള ശ്രമത്തിലുമാണ്. ഭാരതത്തിന്റെ അഭിമാനമായ ‘അഗ്നിവീര്‍’ പദ്ധതിയുടെ ഭാഗമാകാന്‍ ഇവിടുത്തെ കുട്ടികള്‍ പോകുന്നു.”സോഹന്‍ റോയി പറഞ്ഞു.

‘എഫിഷ്യന്‍സി ഇംപ്രൂവ്മെന്റ് മാനേജ്മെന്റ് സിസ്റ്റം’എന്ന 5 വര്‍ഷത്തെ പദ്ധതിയുടെ ഭാഗമായിട്ടാണ് അഗളിയില്‍ മാറ്റം കൊണ്ടുവന്നത്. വ്യവസായ അധിഷ്ഠിത വിദ്യാഭ്യാസമാണ് ലക്ഷ്യമിടുന്നത്. അഗളി മാതൃക രാജ്യത്തെ 55 സ്‌കൂളുകള്‍ പിന്തുടരുന്നു. തമിഴ്നാട്ടിലെ നിംസ് യൂണിവേഴ്സിറ്റിയെ അഞ്ചു വര്‍ഷത്തിനകം രാജ്യത്തെ മികച്ച സ്ഥാപനമാക്കുന്നതിനുള്ള കരാറും ഏറ്റെടുത്തിട്ടുണ്ട്.

മടിയില്‍ കനമില്ലെങ്കില്‍ പിണറായിയേയും ‘ധിക്കരിക്കാം’

ലോക കേരള സഭയില്‍ സോഹന്‍ റോയിയുടെ ‘ധിക്കാരം’ വിവാദമായിരുന്നു. പ്രസംഗിച്ചുകൊണ്ടിരിക്കെ ‘താങ്കളുടെ ബിസിനസ്സിനെക്കുറിച്ചൊന്നും പറയണ്ട’ എന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ തടയിട്ടു. ‘എനിക്ക് പറയാനുള്ളത് പറയാനാണ് ഞാന്‍ വന്നത് ‘ എന്ന ചുട്ട മറുപടി അപ്രതീക്ഷിതമായി വന്നപ്പോള്‍ സദസ് അമ്പരന്നു. ‘എന്റെ പ്രസംഗം കേള്‍ക്കാന്‍ താല്പര്യമില്ലെങ്കില്‍ എനിക്കും താല്പര്യമില്ലെന്നു’ പറഞ്ഞ് സോഹന്‍ റോയി കേരളസഭ ബഹിഷ്‌കരിച്ചത് വലിയ വാര്‍ത്തയായി. ഒരു പ്രവാസി വ്യവസായി ഇത്തരത്തില്‍ പെരുമാറിയത് അത്ഭുതമായിരുന്നു. അതേക്കുറിച്ച് സോഹന്‍ പറയുന്നു.

”മടിയില്‍ കനമുള്ളവന് വഴിയില്‍ പേടിച്ചാല്‍ മതി. വഴിവിട്ടൊന്നും ഞാന്‍ ചെയ്യുന്നില്ല. വഴിവിട്ടൊന്നും വേണ്ടതാനും. ലോക കേരളസഭയില്‍ ക്ഷണിച്ചിട്ടാണ് പ്രസംഗിക്കാന്‍ പോയത്. സിനിമ തിയേറ്ററുകള്‍ വ്യാപകമായി പൂട്ടിക്കൊണ്ടിരുന്ന കാലം. തിയേറ്ററില്‍ മാത്രം കണ്ടിരുന്ന സിനിമ മൊബൈലിലും ലാപ്‌ടോപ്പിലും ടിവിയിലും കാണുന്നു. തിയേറ്ററുകളിലേക്ക് സിനിമയെ എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്നായിരുന്നു ഞാന്‍ പറയാന്‍ ശ്രമിച്ചത്. കുതിച്ചുപായുന്ന ലോകത്തില്‍ സ്വയം നവീകരിക്കുന്നവര്‍ക്കു മാത്രമേ നിലനില്‍പ്പുള്ളൂ. സിനിമയുടെ സാങ്കേതിക വിദ്യയില്‍, കൈകാര്യം ചെയ്യുന്ന വിഷയങ്ങളില്‍, അവതരിപ്പിക്കുന്ന രീതികളില്‍ എല്ലാം വന്‍ മാറ്റങ്ങള്‍ വന്നു. സിനിമയുടെ ഉള്ളടക്കത്തില്‍ നവീകരണം നടന്നപ്പോള്‍ ഇവ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കാലഹരണപ്പെട്ട രീതികള്‍ ആചാരം പോലെ പിന്തുടരുന്നു. ഈ വിരോധാഭാസം അവസാനിപ്പിക്കേണ്ട സമയമായി. തിയേറ്ററുകളെ ആധുനീകരിച്ച് ഇത് പരിഹരിക്കാം എന്നു ഞാന്‍ പറഞ്ഞു.

കാഴ്‌ച്ചക്കാരനെ അദ്വിതീയ അനുഭവത്തിലൂടെ കടന്നുപോകാന്‍ സഹായിക്കുന്നതിനും ഇലക്ട്രോണിക് വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഋജകഇഅ യുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് സൂചിപ്പിച്ചു. ഏരീസ് പ്ലെക്‌സ് തിയേറ്ററുകളുടെ കാര്യം ഉദാഹരണമായി പറഞ്ഞത് മുഖ്യമന്ത്രിക്ക് ഇഷ്ടമായില്ല. നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ച് പറയാനല്ല വേദി തന്നത് എന്ന് പറഞ്ഞ് പരസ്യമായി ആക്ഷേപിച്ചു. ഞാന്‍ പറഞ്ഞതെന്താണെന്ന് മനസ്സിലാക്കാതെയായിരുന്നു പ്രതികരണം. പറയാനുള്ളത് പറയാന്‍ പറ്റില്ലെങ്കില്‍ അത്തരം വേദി വേണ്ട എന്നു പറഞ്ഞ് ലോക കേരളസഭ ബഹിഷ്‌കരിച്ചിറങ്ങി. വലിയ വാര്‍ത്ത ആയെങ്കിലും വലിയൊരു കാര്യമായി തോന്നുന്നില്ല. സ്വാഭാവിക പ്രതികരണം എന്നല്ലാതെ ആരേയും അപമാനിക്കാന്‍ ചെയ്തതുമല്ല. പക്ഷേ അന്ന് പറയാന്‍ ശ്രമിച്ചത് ഇന്ന് നടപ്പിലാകുന്ന കാഴ്‌ച്ച സന്തോഷം നല്‍കുന്നു. ഗ്രാമ പ്രദേശങ്ങളില്‍ പോലും ആധുനിക സാങ്കേതികവിദ്യയോടു കൂടിയ തിയേറ്റര്‍ സമുച്ചയങ്ങള്‍. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ തിയേറ്ററുകളും ആധുനികവത്കരിച്ചിരിക്കുന്നു. തിയേറ്ററുകളിലേക്ക് സിനിമ തിരിച്ചു വന്നിരിക്കുന്നു. പൂട്ടിക്കിടന്ന തിയേറ്ററുകള്‍ തുറന്നു, പുതുതായി ധാരാളം തിയേറ്ററുകള്‍ തുറന്നു. വലിയൊരു മാറ്റത്തിനു തുടക്കം കുറിക്കാനായതില്‍ അഭിമാനം ഉണ്ട് ‘

ഗിന്നസും കടന്ന ‘അണുമഹാകാവ്യം’

ചുണ്ടന്‍ വള്ളം മാത്രമല്ല, സോഹന്‍ റോയിയുടെ കവിതയും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ചു. മലയാള ഭാഷയിലെ ‘മഹാകാവ്യ’ ത്തിന്റെ പൊതു നിയമങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയ ‘അണുമഹാകാവ്യം’ എന്ന കാവ്യസമാഹാരം. ദൈനംദിന സാമൂഹിക സാംസ്‌കാരിക വിഷയങ്ങളെ ആസ്പദമാക്കിയുള്ള വരികള്‍, സംഗീതം ചെയ്യിപ്പിച്ചെടുത്ത്, ഓര്‍ക്കസ്ട്രയുടെയും അനുയോജ്യമായ ദൃശ്യങ്ങളുടെയും അകമ്പടിയോടെ അപ്പോള്‍ത്തന്നെ വീഡിയോരൂപത്തിലാക്കിയാണ് സമൂഹമാധ്യമങ്ങളിലൂടെ കവിതകള്‍ പങ്കുവച്ചു. ഏഴു വര്‍ഷമായി ഒരു ദിവസം പോലും ഇടവേളയില്ലാതെ, അതത് ദിവസത്തെ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി രചിച്ചു പോന്നതാണ് ‘അണുകാവ്യം ‘ എന്ന് പേരിട്ട നാലുവരിക്കവിതകള്‍

”സാഹിത്യ രംഗത്ത് സ്ഥാനം വേണമെന്നത് ആഗ്രഹമായിരുന്നു. കഥയും നോവലും ഒന്നും വഴങ്ങില്ലെന്ന ബോധ്യം ഉണ്ട്. ആഗ്രഹപൂര്‍ത്തീകരണത്തിനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു കവിതാ രചന. അതത് ദിവസത്തെ വിഷയം നാലുവരി കവിതയിലാക്കി നവമാധ്യമങ്ങളില്‍ കുറിച്ചു. കവിതകള്‍ സമൂഹം ഏറ്റെടുത്തതോടെ ആത്മവിശ്വാസം ഏറി. പിന്നെ അതൊരു സാധന പോലെയായി. എല്ലാ ദിവസവും ഒരു കവിത എന്നത് മുടങ്ങിയില്ല. കവിതകളെല്ലാം നാടോടിപ്പാട്ടും വഞ്ചിപ്പാട്ടും മുതല്‍ കര്‍ണ്ണാടക സംഗീതം വരെ നീളുന്ന പുതു തലമുറ ‘വൃത്തങ്ങളിലെ ‘ വിവിധ ശീലുകളില്‍ ചിട്ടപ്പെടുത്തി ‘പൊയട്രോള്‍ ‘ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പുറത്തിറക്കി. തെരഞ്ഞെടുത്ത കവിതകള്‍ ഉള്‍പ്പെടുത്തി ‘അണുമഹാകാവ്യം’ കാവ്യസമാഹാരം പ്രകാശിപ്പിച്ചത് ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയില്‍ കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞ ശ്രീകുമാരന്‍ തമ്പിയാണ്. ആധുനിക തലമുറയുടെ സാമൂഹ്യ ജീവിത പശ്ചാത്തലം, പ്രണയം, സാമൂഹ്യ വിമര്‍ശനം, ദാര്‍ശനികം, ആക്ഷേപഹാസ്യം, രാഷ്‌ട്രീയം, വൈയ്യക്തികം, പാരിസ്ഥിതികം, വൈവിദ്ധ്യാത്മകം എന്നിങ്ങനെ മഹാകാവ്യ രചനാരീതിയുടെ ചിട്ടകള്‍ അനുസരിച്ച് എട്ട് സര്‍ഗ്ഗങ്ങളായി സമാഹാരത്തില്‍ വിഭജിച്ചിരുന്നു. 1000 കവിതയായപ്പോള്‍ ഗിന്നസില്‍ ഇടംതേടി. ഇപ്പോള്‍ 2500 കഴിഞ്ഞു.

ഏരീസാണ് രാശി

29 രാജ്യങ്ങളിലായി 73 സ്ഥാപനങ്ങളുള്ള ബഹുരാഷ്‌ട്ര കമ്പനിയായി ഏരീസ് എന്ന സ്ഥാപനത്തെ ഉയര്‍ത്തിയത് സോഹന്‍ റോയിയുടെ ദീര്‍ഘ വീക്ഷണവും കഠിനാധ്വാനവുമാണ്. ആഗോള മാരിടൈം വിപണിയില്‍ അഞ്ച് മേഖലകളില്‍ ലോകത്തെ ഒന്നാം നമ്പര്‍ സ്ഥാനവും മുപ്പത്തിയൊന്ന് മേഖലകളില്‍ മിഡില്‍ ഈസ്റ്റിലെ ഒന്നാം നമ്പര്‍ സ്ഥാനവും ഏരീസ് ഗ്രൂപ്പിനാണ്. ലോകത്തെമ്പാടുമുള്ള 2500 കപ്പലുകളെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ ഗ്രീന്‍ ഷിപ്പുകളാക്കി മാറ്റിയെടുത്ത് ചരിത്രം കുറിക്കാനും സാധിച്ചു. ഷിപ്പ് ഡിസൈനും ഇന്‍സ്പെക്ഷനും നിര്‍വഹിക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്ഥാപനവും സോഹന്റേതാണ്.

”ഏറ്റവും മികച്ച എച്ച്ആര്‍ സംവിധാനമുളള കമ്പനിയാണ് ‘ഏരീസ്’. കമ്പനിയുടെ അന്‍പത് ശതമാനം ഓഹരികള്‍ ജീവനക്കാര്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്. ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പ്രതിമാസ പെന്‍ഷന്‍, ജീവിത പങ്കാളിയ്‌ക്ക് ശമ്പളം, പെന്‍ഷനോടുകൂടി നേരത്തെ തന്നെ വിരമിക്കാനുള്ള സൗകര്യം, കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസച്ചെലവുകള്‍, അകാലത്തില്‍ മരണപ്പെട്ടാല്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ സംരക്ഷണം, സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക, സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന ജീവനക്കാര്‍ക്ക് പ്രത്യേക പ്രോത്സാഹനം , വിവിധ സാമൂഹിക സുരക്ഷാ പദ്ധതികള്‍. ജീവനക്കാര്‍ക്ക് മാനസികാരോഗ്യത്തിനും ശാരീരിക ക്ഷേമത്തിനും അവസരം ഒരുക്കുന്ന ‘ഹാപ്പിനസ് ഡിവിഷന്‍’ എന്ന ആഭ്യന്തര വിഭാഗത്തിന് തന്നെ രൂപം നല്‍കിയ ആദ്യത്തെ മറൈന്‍ കമ്പനിയാണ് ഏരീസ് ഗ്രൂപ്പ്. ആര്‍ത്തവ അവധി, രണ്ട് വര്‍ഷത്തെ ശിശു സംരക്ഷണ അവധി, ഭവനരഹിതര്‍ക്ക് വീട്, സ്ത്രീധന വിരുദ്ധ നയം, ജാതി വ്യവസ്ഥ വിരുദ്ധനയം തുടങ്ങിയ പദ്ധതികളും ഏരീസ് ഗ്രൂപ്പ് നടപ്പാക്കിയിട്ടുണ്ട്” സോഹന്‍ റോയി പറയുന്നു.

ഡൈവിംഗ്, ഡ്രോണുകള്‍, ഏവിയേഷന്‍, സബ് സീ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ പുതിയ സംരംഭങ്ങള്‍ക്ക് രൂപം നല്‍കുകയും, വിന്‍ഡ് എനര്‍ജി, സോളാര്‍ ഉപയോഗത്തിന്റെ പ്രോത്സാഹനം , ഊര്‍ജ്ജത്തിന്റെ കാര്യക്ഷമത, ഗ്രീന്‍ ടെക്നോളജി തുടങ്ങിയ ആശയങ്ങളില്‍ അധിഷ്ഠിതമായ വ്യവസായങ്ങള്‍ക്കായി നിരവധി പുതിയ സാങ്കേതിക സേവനങ്ങള്‍ക്ക് ഏരീസ് തുടക്കമിടുകയും ചെയ്തു. ഊര്‍ജ്ജാധിഷ്ഠിത വ്യവസായങ്ങളില്‍ ആധുനികവത്കരണം ഉറപ്പുവരുത്തുവാന്‍ ഈ മേഖല കേന്ദ്രീകരിച്ച് വരും നാളുകളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്ന കമ്പനിയാണ് ഏരീസ് .

ഐക്കരക്കോണത്തേയ്‌ക്ക്

തന്റെ കര്‍മ മേഖലയെ ഉപയോഗപ്പെടുത്തി സാമൂഹ്യമായ വേര്‍തിരിവുകള്‍ ഇല്ലാതെയാക്കാന്‍ ശ്രമിച്ചിട്ടുള്ള ഡോ. സോഹന്‍, സമൂഹത്തെ മുഴുവന്‍ ഒരേ ധാരയുടെ ഭാഗമാക്കാനുള്ള ദീര്‍ഘകാലപദ്ധതി ആസൂത്രണം ചെയ്യുകയും തനിക്കും തന്റെ സ്ഥാപനത്തിനും ചെയ്യാന്‍ സാധിക്കുന്ന രീതിയിലൊക്കെ അത് നടപ്പിലാക്കുകയുമാണ്. ജന്മനാടിനെ തന്നെ അതിന്റെ കേന്ദമാക്കാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം.

‘ജന്മദേശമാണ് എന്റെ അഭിമാനം, അവിടെ എല്ലാവര്‍ക്കും ജോലി എന്നത് എന്റെ ആഗ്രഹമായിരുന്നു. 500ല്‍ താഴെ കുടുംബങ്ങളുള്ള എന്റെ ഗ്രാമത്തില്‍ തൊഴിലില്ലാത്തവരായി ഇന്ന് ആരുമില്ല. പഠനത്തിന് അനുസരിച്ചുള്ള തൊഴില്‍ നല്‍കാനായി. പലരേയും പഠിപ്പിച്ച് തൊഴിലെടുക്കാന്‍ പ്രാപ്തരാക്കി. ഏരീസ് ഗ്രൂപ്പിന്റെ സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയില്‍ പണിയുന്ന 10 നില കെട്ടിടം ഈ വര്‍ഷം പൂര്‍ത്തിയാകും. അവസാനകാലത്ത് ഐക്കരക്കോണത്ത് വിശ്രമജീവിതം നയിക്കണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം.’

സംസ്‌കൃതം അധ്യാപകന്റെ മകനും സംസ്‌കൃതം പഠിച്ചിട്ടിള്ള ആളുമായ സോഹന്‍, വിവാഹത്തിന് ‘രാശി ‘ നോക്കിയോ എന്നറിയില്ല. നോക്കിയായും ഇല്ലെങ്കിലും സോഹന്‍ റോയിയുടെ വളര്‍ച്ചയിലെ നല്ല രാശിയാണ് ഭാര്യ അഭിനിയും മക്കള്‍ നിര്‍മാല്യയും നിവേദ്യയും. ഇന്റീരിയര്‍ ഡിസൈനറും നര്‍ത്തകിയുമാണ് അഭിനി. യുകെയിലെ സൗത്താംപ്റ്റണ്‍ സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ് മക്കള്‍. വിവിധ ചുമതലകള്‍ വഹിച്ച് കമ്പനിയുടെ നേതൃനിരയില്‍ മൂവരുമുണ്ട്.

 



By admin