• Sat. Sep 5th, 2026

24×7 Live News

Apdin News

ഏഴു ടിക്കറ്റിന് 6000 രൂപ : തിയറ്ററുകളിൽ ടിക്കറ്റിന്റെ പേരിലും കൊള്ള : ലൈസൻസ് നൽകുന്നതു കോർപറേഷനാണ് , യോഗം വിളിക്കാൻ വി.വി.രാജേഷ്

Byadmin

Sep 5, 2026


തിരുവനന്തപുരം ; തിയറ്ററുകളിൽ ഭക്ഷ്യവസ്തുക്കൾക്കു കൂടുതൽ വില ഈടാക്കുന്നതിനു പുറമേ തിരക്കുള്ള സമയങ്ങളിൽ അധിക ടിക്കറ്റു നിരക്കും ഈടാക്കുന്നുവെന്ന് തിരുവനന്തപുരം മേയർ വി.വി.രാജേഷ്.

ഏഴു ടിക്കറ്റിന് 6048.94 രൂപയാണ് തലസ്ഥാനത്തെ മാളിൽ സിനിമ കാണാനെത്തിയ കുടുംബം ഓൺലൈനിൽ അടച്ചത്. എന്നാൽ, സിനിമ കാണാൻ ചെന്നപ്പോൾ 230 രൂപയുടെ ടിക്കറ്റിനുള്ള സീറ്റാണ് കൊടുത്തത്. ചോദിച്ചപ്പോൾ കമ്പനിയാണ് നടത്തുന്നത്, എന്തു വേണമെങ്കിലും ചെയ്തോളൂ എന്നായിരുന്നു മറുപടി. ഒടുവിൽ കുടുംബത്തിന് മുൻസീറ്റുകളിൽ ഇരുന്ന് സിനിമ കാണേണ്ടിവന്നു. ഇതു സംബന്ധിച്ച് തനിക്കു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചതെന്നു മേയർ പറഞ്ഞു.

കോർപറേഷൻ പരിധിയിലുള്ള തിയറ്റർ ഉടമകളുടെ യോഗം വിളിക്കും. പാർക്കിങ് സൗകര്യം, ശുചിത്വം, സുരക്ഷ, മാലിന്യനിർമാർജനം തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും. ലൈസൻസ് നൽകുന്നതു കോർപറേഷനാണ്. അതു സംബന്ധിച്ച ചർച്ചകളിൽ പൊതുസമൂഹത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും മേയർ പറഞ്ഞു.

ഒരു പ്രമുഖ നിർമാതാവ് കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞത് 200 രൂപ ടിക്കറ്റെടുത്ത് ചെന്നാൽ 500 രൂപയുടെ പോപ്‌കോൺ വാങ്ങേണ്ടി വരുമെന്നാണ്. പൊതുസമൂഹം ഇതാണിപ്പോൾ ചർച്ച ചെയ്യുന്നത്. സിനിമ വ്യവസായം നിലനിർത്തുന്നത് ജനങ്ങളാണ്. ഭരണപരമായോ നിയമപരമായോ ഉള്ള ഇടപെടലിനു മുൻപ് തന്നെ ഉത്തരവാദപ്പെട്ടവർ ഒരു ധാരണയിലേക്ക് എത്തണമെന്നും മേയർ ആവശ്യപ്പെട്ടു.

നിയമപരമായ പരിമിതിയുണ്ടെന്നു പറഞ്ഞ് സർക്കാരിന് വിഷയത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നും മേയർ വ്യക്തമാക്കി. സർക്കാർ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മേയർ പറഞ്ഞു.



By admin