ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഭാരതത്തിന്റെ വുഷു ടീമില്‍ നിന്നൊഴിവാക്കിയ ഫെഡറേഷന്റെ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെ നിലപാട് മയപ്പെടുത്തി യുവതാരം ദിവ്യാന്‍ഷി ചൗധരി.
തന്റെ കായികക്ഷമതയ്‌ക്കും ആരോഗ്യത്തിനുമാണ് ഫെഡറേഷന്‍ മുന്‍ഗണന നല്‍കുന്നതെന്നും കാല്‍മുട്ടിലെ പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തയാകാനാണ് താന്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, മറ്റൊരു പ്രമുഖ താരമായ റോഷിബിന ദേവിക്കെതിരെ ഗുരുതരമായ മാനസികശാരീരിക പീഡന ആരോപണങ്ങളും ദിവ്യാന്‍ഷി ഉന്നയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ദിവ്യാന്‍ഷി നിലപാട് വ്യക്തമാക്കിയത്. ഒരു കായികതാരത്തിന്റെ ആരോഗ്യത്തിനാണ് ഫെഡറേഷന്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നതെന്ന് അധികൃതര്‍ തന്നെ ബോധ്യപ്പെടുത്തിയതായി താരം പറഞ്ഞു. പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തി നേടിയ ശേഷം കളിക്കളത്തിലേക്ക് കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഏഷ്യന്‍ ഗെയിംസിലെ ഇരട്ട മെഡല്‍ ജേതാവായ റോഷിബിന ദേവി നവോറെമിനെ അവസാന സെലക്ഷന്‍ ട്രയല്‍സില്‍ പരാജയപ്പെടുത്തിയിട്ടും അവസാന നിമിഷം തന്നെ ഭാരത ടീമില്‍ നിന്ന് ഒഴിവാക്കിയെന്ന് കാണിച്ച് ദിവ്യാന്‍ഷി നേരത്തെ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ താരത്തിന് കാല്‍മുട്ടിന് പരിക്കേറ്റിട്ടുണ്ടെന്നും, കായികക്ഷമത വീണ്ടെടുക്കുന്നതുവരെ മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മെഡിക്കല്‍ സംഘം നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു വുഷു അസോസിയേഷന്‍ ഓഫ് ഭാരതത്തിന്റെ വിശദീകരണം. എം.ആര്‍.ഐ പരിശോധനയില്‍ ദിവ്യാന്‍ഷിയുടെ എ.സി.എല്ലിന് പരിക്ക് സ്ഥിരീകരിച്ചിരുന്നു.
കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, വുഷു അസോസിയേഷന്‍ പ്രസിഡന്റ് ജിതേന്ദര്‍ സിംഗ് ബജ്വ, പരിശീലകന്‍ അശോക് ഗൗതം തുടങ്ങിയവര്‍ സംസാരിച്ചപ്പോഴാണ് ഫെഡറേഷന്റെ നിലപാട് തനിക്ക് ബോധ്യപ്പെട്ടതെന്ന് ദിവ്യാന്‍ഷി പറഞ്ഞു. ആദ്യം ഫെഡറേഷന്‍ തനിക്കൊപ്പമല്ലെന്ന് തെറ്റിദ്ധരിച്ചിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരും തന്റെ ക്ഷേമത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മനസ്സിലായെന്നും താരം വ്യക്തമാക്കി. തീരുമാനം അംഗീകരിച്ചെങ്കിലും, സഹതാരം റോഷിബിന ദേവിക്കെതിരായ ആരോപണങ്ങളില്‍ ദിവ്യാന്‍ഷി ഉറച്ചുനിന്നു.
ജൂണ്‍ മാസം മുതല്‍ തന്നെയും കുടുംബത്തെയും റോഷിബിന മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും, ഒരു കായികതാരം ഇത്രത്തോളം തരംതാഴാന്‍ കഴിയുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ദിവ്യാന്‍ഷി ആരോപിച്ചു.
വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ സാധിക്കില്ലെങ്കിലും, ഇതൊരു അവസാനമല്ലെന്നും അടുത്ത ഏഷ്യന്‍ ഗെയിംസില്‍ ഭാരതത്തിനായി സ്വര്‍ണം നേടുകയാണ് ലക്ഷ്യമെന്നും ദിവ്യാന്‍ഷി പ്രത്യാശ പ്രകടിപ്പിച്ചു.