
ന്യൂദല്‍ഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്‌ആർഒയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ രാജി, വിആർഎസ് സംബന്ധിച്ച നിയമങ്ങള്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. 100 ശാസ്ത്രജ്ഞര്‍ ഒറ്റയടിക്ക് വിരമിച്ചുപോയതോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നിയന്ത്രണം.
നേരത്തെ ശാസ്ത്രജ്ഞരുടെ രാജി, വിആര്‍എസ് അപേക്ഷകള്‍ സ്വീകരിക്കാൻ ഐഎസ്‌ആർഒ കേന്ദ്രങ്ങളുടെ മേധാവിമാർക്ക് അനുമതി നല്‍കിക്കൊണ്ട് 2020-ല്‍ കൊണ്ടുവന്ന ഇളവാണ് ഇപ്പോള്‍ റദ്ദാക്കിയത്. ഐഎസ്‌ആർഒയില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ കൂട്ടക്കൊഴിഞ്ഞുപോക്കിനെ തുടർന്നാണ് ജീവനക്കാരുടെ രാജി, സ്വയം വിരമിക്കല്‍ നിയമങ്ങള്‍ കർശനമാക്കിയത്.
ഇന്ത്യയുടെ അഭിമാനകരമായ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാൻ’ ഉള്‍പ്പെടെയുള്ള നിർണായക പദ്ധതികളില്‍ പ്രവർത്തിക്കുന്ന ഗ്രൂപ്പ് ‘എ’ ശാസ്ത്ര-സാങ്കേതിക ജീവനക്കാരുടെ രാജി അല്ലെങ്കില്‍ സ്വയം വിരമിക്കല്‍ അപേക്ഷകള്‍ ഇനി മുതല്‍ സാധാരണ രീതിയില്‍ സ്വീകരിക്കരുതെന്ന് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ (വിഎസ്‌എസ്സി), ബംഗളൂരുവിലെ യു.ആർ റാവു സാറ്റലൈറ്റ് സെന്റർ (യുആർഎസ്സി) എന്നിവയുള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്ക് ജൂലൈ 14-ന് അയച്ച ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇനിമുതല്‍ സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികക്ക് താഴെയുള്ള ജീവനക്കാരുടെ അപേക്ഷകള്‍ പോലും അതത് കേന്ദ്രങ്ങളുടെ ഡയറക്ടർമാരുടെ കൃത്യമായ ശിപാർശയോടെ അന്തിമ തീരുമാനത്തിനായി ബഹിരാകാശ വകുപ്പിലേക്ക് അയക്കണമെന്നും ഉത്തരവിലുണ്ട്.
ശാസ്ത്രജ്ഞരുടെ രാജി, വിആർഎസ് അപേക്ഷകള്‍ സ്വീകരിക്കാൻ ഐഎസ്‌ആർഒ കേന്ദ്രങ്ങളുടെ മേധാവിമാർക്ക് അനുമതി നല്‍കിക്കൊണ്ട് 2020-ല്‍ കൊണ്ടുവന്ന ഭരണപരമായ ഇളവാണ് ഇതോടെ കേന്ദ്രം റദ്ദാക്കിയത്. വിഎസ്‌എസ്സി, യുആർഎസ്സി എന്നിവയ്‌ക്ക് പുറമെ സതീഷ് ധവാൻ സ്‌പേസ് സെന്റർ (എസ്ഡിഎസ്‌സി), ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്റർ (എല്‍പിഎസ്‌സി), സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്‌എസി), നാഷണല്‍ റിമോട്ട് സെൻസിങ് സെന്റർ (എൻആർഎസി) തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങള്‍ക്കും പുതിയ നിർദേശം ബാധകമാണ്.
തുമ്പയിലെ വിഎസ്‌എസ്സി, ബംഗളൂരുവിലെ യുആർഎസ്സി എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേർ രാജിവെച്ചത്. അടുത്തിടെ നൂറിലധികം ഉദ്യോഗസ്ഥരാണ് ഐഎസ്‌ആർഒ വിട്ടത്. ഗഗൻയാൻ ദൗത്യത്തിനായി ഉപയോഗിക്കുന്ന എല്‍വിഎം-3 (LVM3) റോക്കറ്റ് പ്രൊജക്ടിന്റെ ഡയറക്ടറായിരുന്ന മുതിർന്ന ശാസ്ത്രജ്ഞൻ വിക്ടർ ജോസഫ് ഈ വർഷം ഫെബ്രുവരിയില്‍ രാജിവെച്ചിരുന്നു. പ്രൊജക്‌ട് ഡയറക്ടറായി 13 മാസം സേവനമനുഷ്ഠിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പടിയിറക്കം.
രാജിവെച്ചവര്‍ പോകുന്നത് ബഹിരാകാശ സ്റ്റാര്‍ട്ടപ്പുകളിലേക്ക്
രാജിവെച്ച ശാസ്ത്രജ്ഞരില്‍ പലരും സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പുകളിലേക്കാണ് ചേക്കേറുന്നത്. 2020-ല്‍ ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുത്തതും 2023-ലെ ഇന്ത്യൻ സ്‌പേസ് പോളിസിയും രാജ്യത്ത് ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ വൻ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്.
നിലവില്‍ ഇന്ത്യയില്‍ 400-ലധികം രജിസ്റ്റർ ചെയ്ത സ്‌പേസ് സ്റ്റാർട്ടപ്പുകളുണ്ട്. ഇവ 500 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് ആകർഷിച്ചിട്ടുള്ളത്. ഇതില്‍ 150 ദശലക്ഷം ഡോളറും ലഭിച്ചത് 2025-ല്‍ മാത്രമാണ്. പിക്‌സല്‍, ധ്രുവ സ്‌പേസ്, സ്‌കൈറൂട്ട് എയറോസ്‌പേസ്, അഗ്‌നികുല്‍ കോസ്‌മോസ്, ബെലാട്രിക്‌സ് എയറോസ്‌പേസ് തുടങ്ങിയ കമ്പനികളാണ് ഈ രംഗത്ത് മുന്നിലുള്ളത്.