ഇറാനെതിരായ യു.എസ്-ഇസ്രായേല് യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്ക്ക് തടസ്സം നിന്നാല് ഒമാനെ ബോംബെറിഞ്ഞ് തകര്ക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഫോക്‌സ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അമേരിക്കയുടെ നീക്കങ്ങള്ക്ക് ഒമാന് തടസ്സം നില്ക്കുകയാണെങ്കില് രാജ്യത്തെ ആക്രമിക്കുമെന്ന ഭീഷണി ട്രംപ് ആവര്ത്തിച്ചത്. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്ച്ചകളില് ദീര്ഘകാലമായി മധ്യസ്ഥത വഹിക്കുന്ന യു.എസ് പങ്കാളിയായ ഒമാനെതിരെ രണ്ടാം തവണയാണ് ട്രംപ് ഇത്തരമൊരു ഭീഷണി മുഴക്കുന്നത്.
ജൂണ് 17-ന് ജി7 ഉച്ചകോടിക്കിടെ ഒപ്പുവെച്ച ധാരണാപത്രം അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മില് സമാധാന കരാറിലെത്താന് നിശ്ചയിച്ചിരുന്ന രണ്ട് മാസത്തെ (60 ദിവസം) സമയപരിധി തിങ്കളാഴ്ച അവസാനിച്ചു. യുദ്ധം ഉടന് അവസാനിക്കുമെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, കരാറിലെത്താന് തനിക്ക് തിടുക്കമില്ലെന്നും സമയപരിധി നിശ്ചയിക്കുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇറാന് പൂര്ണ്ണമായും കീഴടങ്ങണമെന്നാണ് ട്രംപിന്റെ ആവശ്യം.
ആഗോള എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്മുസ് കടലിടുക്ക് ഫെബ്രുവരിയില് യുദ്ധം ആരംഭിച്ചതുമുതല് അടഞ്ഞുകിടക്കുകയാണ്. കടലിടുക്കിന്റെ നിയന്ത്രണത്തെക്കുറിച്ച് ഇറാന്റെയും ഒമാന്റെയും ചര്ച്ചകള് പുരോഗമിക്കുന്നതിനിടെയാണ് മേഖല യു.എസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്നും ഒമാനെ തകര്ക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയത്. വാഷിംഗ്ടണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്ഡ് കോര്പ്‌സുമായി നേരിട്ട് ചര്ച്ചകള് നടത്തുന്നുണ്ടെന്ന വിവരം ട്രംപ് സ്ഥിരീകരിച്ചു.
അതേസമയം, ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകള് നിലനില്ക്കുമ്പോഴും ഒമാനുമായുള്ള നയതന്ത്ര ചര്ച്ചകള് ഗൗരവമായി മുന്നോട്ട് പോകുന്നുണ്ടെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു.എസ് ആയുധശേഖരം തീരുന്നതിനെക്കുറിച്ചുള്ള ആശങ്കകള് തള്ളിക്കളഞ്ഞ ട്രംപ്, നിലവിലെ ആക്രമണങ്ങള്ക്ക് ആവശ്യമായ ആയുധങ്ങള് അമേരിക്കയുടെ പക്കലുണ്ടെന്നും വ്യക്തമാക്കി.