ഇന്റർനാഷണൽ ടി-20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ്. ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടി-20യിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയതിന് പിന്നാലെ ടി-20യിൽ ഇന്ത്യക്ക് വേണ്ടി ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി അർഷ്ദീപ് മാറി.
38 വിക്കറ്റുകളാണ് താരം 2026ൽ ഇതുവരെ നേടിയത്. 2022ൽ 37 വിക്കറ്റുകൾ നേടിയ ഭുവനേശ്വർ കുമാറിനെയാണ് താരം മറികടന്നത്.
മത്സരത്തിൽ ഇന്ത്യൻ ബൗളിംഗിൽ അർഷ്ദീപിനൊപ്പം ഭുവനേശ്വർ, നിതീഷ് കുമാർ റെഡ്ഢി, പ്രിൻസ് യാദവ് എന്നിവർ ഓരോ വീതം വിക്കറ്റുകൾ നേടി.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 180 റൺസാണ് നേടിയത്. ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്‌സ് എന്നിവർ അർധ സെഞ്ച്വറി നേടി തിളങ്ങി.
കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ഫിലിപ്പ്സ് 43 പന്തിൽ 70 റൺസാണ് അടിച്ചെടുത്തത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് ഇന്നിംഗ്സ്. ബെവൺ ജേക്കബ്‌സ് 46 പന്തിൽ 5 ഫോറുകളും ഒരു സിക്‌സും അടക്കം 58 റൺസും നേടി.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഈ മത്സരത്തിൽ കളത്തിലിറങ്ങിയത്. പരിക്കേറ്റ ഇഷാൻ കിഷന് പകരം യുവതാരം വൈഭവ് സൂര്യവംശി ഇടം നേടിയപ്പോൾ മായങ്ക് യാദവിന് പകരം പ്രിൻസ് യാദവും ടീമിലെത്തി.
ഇന്ത്യ പ്ലെയിംഗ് ഇലവൻ
സഞ്ജു സാംസൺ(വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്‌ദീപ് സിംഗ്, പ്രിൻസ് യാദവ്.
ന്യൂസിലാൻഡ് പ്ലെയിംഗ് ഇലവൻ
ഫിൻ അലൻ, ടിം സൈഫെർട്ട്(വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ്, ബെവൺ ജേക്കബ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാൻ്റ്നർ(ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ.