• Sun. Jun 14th, 2026

24×7 Live News

Apdin News

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

Byadmin

Jun 14, 2026


ആലുവ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോ ഗ്രാമോളം കഞ്ചാവ്. 780 ഗ്രാം ഹാഷിഷ് ഓയിലും 5 ഗ്രാം എം ഡി എം എയും പിടികൂടി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറുപതോളം കേസുകളാണ് രജിസ്റ്റർ ചെയ്തത്. 73 പേരെ അറസ്റ്റ് ചെയ്തു.

ഈ മാസം ഒന്നാം തീയതി മുതലുള്ള കണക്കാണിത്. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. 34 കിലോഗ്രാം കഞ്ചാവ് കുന്നുവഴിയിൽ നിന്ന് പിടികൂടിയതാണ് ഓപ്പറേഷൻ തൂഫാനിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. ഒഡീഷയിൽ നിന്ന് വാങ്ങി ട്രെയിനിൽ ആലുവയിൽ ഇറങ്ങി ഓട്ടോയിൽ പോകുന്ന വഴിയാണ് ഇവർ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വെസ്റ്റ് ബംഗാൾ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്.

ഒഡീഷയില്‍ നിന്നു കൊണ്ടുവന്ന 12 കിലോ കഞ്ചാവ് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികളെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ പട്ടണത്തിൽ നടന്ന പരിശോധനയിൽ കഞ്ചാവും ഹാഷിഷ് ഓയിലും ഹെറോയിനും കണ്ടെടുത്തിരുന്നു. പരിശോധനയിൽ നാല് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളായ യുവതികളെയും അറസ്റ്റ് ചെയ്തു.

ഈ വർഷം ഇതുവരെ 400 കിലോയോളം കഞ്ചാവും , 775 ഗ്രാമോളം എം ഡി എം എയും, 780 ഗ്രാം ഹാഷിഷ് ഓയിലും 680 ഗ്രാം ഹെറോയിനുമാണ് റൂറൽ ജില്ലയിൽ പിടികൂടിയിട്ടുള്ളത്.



By admin