കൊച്ചി: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ലാപ്‌ടോപ്പിനു പകരം ടീഷര്‍ട്ട് ലഭിച്ച സംഭവത്തില്‍ ഇ കൊമേഴ്‌സ് സ്ഥാപനം 49,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധിച്ചു.
പെരുമ്പാവൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. ഫോട്ടോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം കസ്റ്റമര്‍ കെയര്‍ വിഭാഗത്തെ സമീപിച്ചുവെങ്കിലും അപേക്ഷ നിരസിച്ചതായി ഇദ്‌ദേഹം പരാതിപ്പെട്ടു. ഇ കൊമേഴ്‌സ് സ്ഥാപനത്തിനു നല്‍കുന്ന പരാതികള്‍ക്കു 48 മണിക്കൂറിനകം കൈപ്പറ്റ് അറിയിപ്പ് നല്‍കണമെന്നും ഒരു മാസത്തിനകം പരിഹാരം ഉണ്ടാക്കണമെന്നുമുള്ള ചട്ടം എതിര്‍കക്ഷികള്‍ ലംഘിച്ചതായി ഡിബി ബിനു അധ്യക്ഷനും വി രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.