• Fri. Sep 20th, 2024

24×7 Live News

Apdin News

കടമെടുത്തും ധൂര്‍ത്തടിച്ചും ഇടതുസര്‍ക്കാര്‍; ട്രഷറിക്ക് കടുത്ത നിയന്ത്രണം

Byadmin

Sep 20, 2024


തിരുവനന്തപുരം: ഖജനാവ് കാലിയായതോടെ ട്രഷറി ഇടപാടുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ലൈഫ് ഭവന പദ്ധതി സ്തംഭിച്ചു. കിടപ്പാടത്തിനു വേണ്ടി ആറു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവര്‍ നിരവധി. ജലജീവന്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സംസ്ഥാന വിഹിതം 17,000 കോടി മാറ്റിവയ്‌ക്കാനാകുന്നില്ല. ഗ്രാമീണ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞു.

1500 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കുമെന്ന അറിയിപ്പു വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ. ഇതിനായുള്ള ലേലം ഈ മാസം 17ന് റിസര്‍വ് ബാങ്ക് മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ കുബേര്‍ സംവിധാനം വഴി നടക്കുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് ട്രഷറികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ധനവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഇന്നലെ ഉത്തരവിറക്കിയത്. അഞ്ചു ലക്ഷം രൂപയില്‍ അധികമുള്ള ബില്ലുകള്‍ ഇനി മാറില്ല. 25 ലക്ഷമായിരുന്ന പരിധിയാണ് വെട്ടിക്കുറച്ചത്. വിവിധ വകുപ്പുകളിലെ ആനുകൂല്യങ്ങളുടെ വിതരണത്തിലും താമസമുണ്ടാകും. ബില്ലുകള്‍ മാറുന്നതിന് അഞ്ചു ലക്ഷമെന്ന പരിധി തദ്ദേശ സ്ഥാപനങ്ങള്‍ക്കു ബാധകമാണെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തിന് ഡിസംബര്‍ വരെ ഇനി കടമെടുക്കാനാകുന്നത് 1200 കോടി മാത്രം. അടുത്ത മാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ എങ്ങനെ വഹിക്കുമെന്നറിയാതെ ഉഴലുകയാണ് ധനവകുപ്പ്.

ഓണക്കാലത്തു ശമ്പളവും പെന്‍ഷനും ബോണസും നല്കുന്നതിനുള്‍പ്പെടെ ആശ്രയം കേന്ദ്രം അനുവാദം നല്കിയ 4500 കോടിയുടെ കടമെടുപ്പായിരുന്നു.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകുന്നത്. ഈ ഘട്ടത്തിലെ നിയന്ത്രണം പദ്ധതികളെ ബാധിക്കും. സര്‍ക്കാരിനു പണം നല്കാനാവാത്ത സാഹചര്യത്തില്‍ കരാറുകാരുടെ ബില്ലുകള്‍ ബാങ്ക് വഴി മാറാവുന്ന ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ബാങ്കില്‍ നിന്ന് 90 ശതമാനം തുക വരെയാണ് കിട്ടിയിരുന്നത്. ഇനി അഞ്ചു ലക്ഷം രൂപ വരെയേ കിട്ടൂ. തദേശ സ്ഥാപനങ്ങളിലെ കരാറുകാര്‍ക്കും ഇതു ബാധകമാണ്. പണം ബാങ്കുകള്‍ക്കു പിന്നീട് സര്‍ക്കാര്‍ നല്കണം. ഇതിനുള്ള പലിശ കരാറുകാര്‍ തന്നെ നല്കുകയും വേണം.

വയനാട് ദുരന്തത്തിന്റെ പേരില്‍ ഓണാഘോഷവും ടൂറിസം വാരാഘോഷവും വെട്ടിച്ചുരുക്കിയെങ്കിലും കേരള ട്രാവല്‍ മാര്‍ട്ടിന്റെ പേരിലുള്ള ചെലവ് ഒഴിവാക്കിയില്ല. ഇതിനിടെ ഡിസംബറില്‍ കേരളീയം ധൂര്‍ത്ത് നടത്താനുള്ള അണിയറ നീക്കങ്ങളും പുരോഗമിക്കുന്നു.



By admin