സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലും അവധിയാണ്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
ഇടുക്കി ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണെന്നാണ് കലക്ടര്‍ അറിയിച്ചിരിക്കുന്നത്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെയുള്ളവള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും എല്ലാ വിദ്യാര്‍ഥികളും വീട്ടില്‍ തന്നെ കഴിയുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും വേണമെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിനോദത്തിനുള്ള അവധിയല്ല മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുന്‍കരുതലാണെന്നും കലക്ടര്‍ പറഞ്ഞു.
ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.
കോട്ടയം ജില്ലയില്‍ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചതിനാല്‍ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണെന്നാണ് കലക്ടര്‍ അറിയിച്ചിരിക്കുന്നത്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് എല്ലാ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. 3.4 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരപ്രദേശത്തു താമസിക്കുന്നവും പ്രത്യേകം ജാഗ്രത പുലര്‍ത്തണം.