• Mon. Sep 28th, 2026

24×7 Live News

Apdin News

കമൽ സാർ നൽകിയത് 3 വേരിയേഷനുകൾ, ലാൽ സാറിന്റെ വാക്കുകൾ മാജിക്കായി മാറി: വെളിപ്പെടുത്തി എസ്.എസ്. രാജമൗലി

Byadmin

Sep 28, 2026


ഇന്ത്യൻ സിനിമയിലെ പ്രമുഖ സംവിധായകനായ എസ്.എസ്. രാജമൗലി 2001-ൽ ജൂനിയർ എൻ.ടി.ആറിനെ നായകനാക്കി ഒരുക്കിയ ‘സ്റ്റുഡന്റ് നമ്പർ വൺ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്.

അദ്ദേഹം, പിന്നീട് ‘ബാഹുബലി’, ‘ആർ.ആർ.ആർ’ എന്നീ ചിത്രങ്ങളിലൂടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധനേടുകയായിരുന്നു.

രാജമൗലി പ്രസന്റ് ചെയ്യുകയും മകൻ എസ്.എസ്. കാർത്തികേയൻ നിർമ്മിക്കുകയും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒക്ടോബർ രണ്ടിന് തീയേറ്ററുകളിലെത്തുന്ന ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’.

ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഈ ഫ്‌ലാന്റസി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശശാങ്ക് യെലോട്ടിയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിന്റെ വിവിധ ഭാഷാ ട്രെയിലറുകൾക്ക് പിന്നിൽ പ്രമുഖ താരങ്ങളുടെ വോയ്‌സ് ഓവറുണ്ട്. മലയാളത്തിൽ മോഹൻലാലും, തമിഴിൽ കമൽ ഹാസനും, തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണയുമാണ് വോയ്‌സ് ഓവർ നൽകിയിരിക്കുന്നത്.

പ്രൊമോഷൻ ഇവന്റിനിടെ ഈ മൂന്ന് ലെജൻഡുകളെയും സമീപിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് രാജമൗലി.

രാജമൗലിയുടെ വാക്കുകൾ:

“ബാലകൃഷ്ണ സാർ കാര്യങ്ങൾ മുഖത്തുനോക്കി സംസാരിക്കുന്ന വ്യക്തിയാണ്. ഇല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയും.

വോയ്‌സ് ഓവറിനായി കാർത്തികേയനും ഫഹദും അദ്ദേഹത്തെ സമീപിച്ചപ്പോൾ അദ്ദേഹം ട്രെയിലർ കാണുകയും ചെയ്യാമെന്ന് ഏൽക്കുകയുമായിരുന്നു.

അദ്ദേഹത്തിന്റെ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ എന്ന സംഭാഷണം ഒരു ട്രോൾ മെറ്റീരിയലായാണ് തുടങ്ങിയതെങ്കിലും പിന്നീട് അത് യുവാക്കൾക്കിടയിൽ തരംഗമായി മാറി. വോയ്‌സ് ഓവർ ചെയ്തു നൽകിയതിന് അദ്ദേഹത്തോട് വലിയ നന്ദിയുണ്ട്.

തമിഴ് വോയ്‌സ് ഓവറിനായി സമീപിച്ചപ്പോൾ കമൽ ഹാസൻ സാറും മികച്ച പിന്തുണയാണ് നൽകിയത്. വെറുതെ റെക്കോർഡ് ചെയ്ത് അയച്ചു തരാമായിരുന്നു. എന്നാൽ അദ്ദേഹം കാർത്തികേയനെ വിളിച്ച് മൂന്ന് വേരിയേഷനിലുള്ള വോയ്‌സ് ഓവർ ചെയ്ത് നൽകുകയായിരുന്നു.

ഒരു വോയ്‌സ് ഓവറിന് ഇത്രയും പെർഫെക്ഷനും വേരിയേഷനും നൽകാൻ അദ്ദേഹത്തിന് മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യൻ സിനിമയിലെ ലെജൻഡായി മാറിയതും.

എന്നാൽ ഇവരിൽ നിന്നൊക്കെ വ്യത്യസ്തനാണ് മോഹൻലാൽ സാർ. അദ്ദേഹം വന്ന് എന്തെങ്കിലും പറയും, പക്ഷേ അതൊരു മാജിക്കായി മാറും.

ചിത്രത്തെ പിന്തുണച്ച ഈ മൂന്ന് ഇതിഹാസങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,”എന്ന് രാജമൗലി പറഞ്ഞു.







By admin