ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.