• Wed. Jul 16th, 2025

24×7 Live News

Apdin News

കലാപശാലയാക്കാന്‍ ശ്രമിക്കുന്നവര്‍ മാറിനില്ക്കണം

Byadmin

Jul 16, 2025



കേരള സര്‍വകലാശാലയില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷനും നിയമം കയ്യിലെടുത്തുള്ള എസ്എഫ്‌ഐയുടെ ഗുണ്ടായിസവും വലിയ വിവാദമായി തുടരുകയാണ്. വൈസ് ചാന്‍സലറുടെ നടപടി അംഗീകരിക്കാതെ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ബലമായി ഓഫീസില്‍ കയറുന്നു. നടപടി സ്വീകരിക്കേണ്ട പോലീസുകാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുന്നു. സമരത്തിന്റെ പേരില്‍ എസ്എഫ്‌ഐക്കാരും വിദ്യാര്‍ത്ഥികളല്ലാത്ത ചില ക്രിമിനലുകളും സര്‍വകലാശാല ആസ്ഥാനത്തെത്തി ഉപകരണങ്ങളും ജനല്‍ ചില്ലുകളും തകര്‍ക്കുന്നു. ഇതിനെല്ലാം കാഴ്ചക്കാരായി പോലീസ് ഉദ്യോഗസ്ഥരും. വൈസ് ചാന്‍സലര്‍ ഓഫീസില്‍ വന്നാല്‍ കാലു തല്ലിയൊടിക്കും എന്ന് എസ്എഫ്‌ഐ നേതാവ്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം താളം തെറ്റുമ്പോള്‍ കുറ്റക്കാര്‍ ആരാണ്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ജന്മഭൂമി ലേഖകന്‍ ടി. എസ്. നീലാംബരനോട് സംസാരിക്കുന്നു.

കേരള സര്‍വകലാശാലയിലെ നിലവിലെ വിവാദത്തെക്കുറിച്ച്

രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ സസ്‌പെന്‍ഷനിലാണ്. വിസി രജിസ്ട്രാറേ സസ്‌പെന്‍ഡ് ചെയ്താല്‍ അതംഗീകരിച്ച് ആദ്യം മാറി നില്‍ക്കണം. അതാണ് വേണ്ടത്. സസ്‌പെന്‍ഷന്‍ ശിക്ഷാ നടപടിയല്ല. ഒരു കുറ്റാരോപണം വന്നാല്‍ അതെക്കുറിച്ച് അന്വേഷിക്കാന്‍ ആരോപണ വിധേയനായ ആളെ മാറ്റിനിര്‍ത്തുന്നത് സ്വാഭാവികമാണ്. ഓഫീസിലെത്തി തെളിവുകള്‍ നശിപ്പിക്കുക, കീഴ്ജീവനക്കാരെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഒഴിവാക്കാനാണിത്. സസ്‌പെന്‍ഷനെതിരെ രജിസ്ട്രാര്‍ക്ക് ചാന്‍സലറായ ഗവര്‍ണര്‍ക്കോ, വിസിക്കോ, സിന്‍ഡിക്കേറ്റിനോ പരാതി നല്‍കാവുന്നതാണ്. എന്നാല്‍ രേഖാമൂലം ഇങ്ങനെ ഒരു പരാതിയും നല്‍കിയിട്ടില്ല. അതിനുപകരം കോടതിയെ സമീപിക്കുകയായിരുന്നു. കോടതി സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. പി
ന്നീട് കോടതിയില്‍ നിന്ന് ഈ കേസ് പിന്‍വലിക്കുകയും ചെയ്തു.

രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുണ്ടായ സാഹചര്യം

സര്‍വകലാശാലയുടെ ചാന്‍സലറാണ് ഗവര്‍ണര്‍. ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ അവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍ പെരുമാറിയാല്‍ അത് വലിയ കുറ്റമാണ്. മാത്രമല്ല, സെനറ്റ് ഹാള്‍ വാടകയ്‌ക്ക് എടുത്ത് ഒരു പരിപാടി നടത്തുമ്പോള്‍ രജിസ്ട്രാര്‍ അവിടെപ്പോയി ഇടപെടേണ്ട കാര്യമില്ല. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമാണ് അവിടെ വിലക്കുള്ളത്. ഭാരത് മാതാ ചിത്രം വയ്‌ക്കുന്നത് അതിന്റെ പരിധിയില്‍ വരില്ല. അടിയന്തരാവസ്ഥയിലെ സമരപോരാളികളെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത.് അവിടെ ഭാരത്മാതാ ചിത്രം വയ്‌ക്കുന്നതില്‍ എന്താണ് തെറ്റ്. അടിയന്തരാവസ്ഥക്കെതിരായ സമരം തന്നെ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ്.

80 വയസ്സിനു മുകളിലൊക്കെ പ്രായമുള്ള ആളുകളാണ് അവിടെ ഉണ്ടായിരുന്നത്. അവരെ അപമാനിക്കുന്ന രീതിയിലാണ് രജിസ്ട്രാര്‍ പെരുമാറിയത്. ഗുരുതര വീഴ്ചയാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. അതുകൊണ്ടാണ് അന്വേഷണത്തിനുവേണ്ടി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത്.

തുടര്‍ നപടിയെക്കുറിച്ച്

തുടരന്വേഷണം നടക്കണം. സിന്‍ഡിക്കേറ്റിനെ തന്നെയാണ് അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് സസ്‌പെന്‍ഷന്‍ കാര്യത്തില്‍ തീരുമാനവും ഉണ്ടാകും. അന്വേഷണം നടത്താന്‍ രജിസ്ട്രാര്‍ മാറിനില്‍ക്കുന്നില്ല എന്നതാണ് വിഷയം. സമാധാനപരമായ അന്തരീക്ഷം ഉണ്ടായാലേ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകൂ.

സിന്‍ഡിക്കേറ്റിന്റെ ഇടപെടല്‍

സസ്‌പെന്‍ഷന്‍ ലഭിച്ചതോടെ അനില്‍കുമാര്‍ കോടതിയെ സമീപിച്ചു. സര്‍വകലാശാലയുടെ അഭിഭാഷകന്‍ ഇക്കാര്യത്തില്‍ കോടതിയില്‍ എന്ത് വിശദീകരണം നല്‍കണം എന്ന് വ്യക്തമാക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കണം എന്നാവശ്യപ്പെട്ടു. അതേത്തുടര്‍ന്നാണ് വിസിയുടെ ചുമതലയുണ്ടായിരുന്ന ഡോ. സിസ തോമസ് ഏക അജണ്ടയില്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ചത്. സസ്‌പെന്‍ഷനെക്കുറിച്ച് ചര്‍ച്ച ചെയ്യാനല്ല, കോടതിയില്‍ എന്ത് പറയണം എന്ന് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇക്കാര്യം മാത്രമേ ചര്‍ച്ചയില്‍ അനുവദിക്കൂ എന്നും വിസി വ്യക്തമാക്കിയിരുന്നു. ഇത് ലംഘിക്കപ്പെട്ടപ്പോഴാണ് യോഗം പിരിച്ചുവിട്ട് വിസി മടങ്ങിയത്. തുടര്‍ന്ന് കുറച്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു എന്ന് പറയുന്നതിന് നിയമപരമായി സാംഗത്യമില്ല.

സ്പീക്കറുടെ അധ്യക്ഷതയില്‍ നടക്കുമ്പോഴാണ് നിയമസഭ സമ്മേളനത്തിന് സാധുത ലഭിക്കുന്നത്. അതുപോലെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ വിസി അധ്യക്ഷത വഹിക്കുമ്പോഴാണ് അതിന് നിയമസാധുത ലഭിക്കുന്നത്. വിസി ഇല്ലാത്ത സമയത്ത് കുറച്ചുപേര്‍ ചേര്‍ന്ന് അജണ്ടയിലില്ലാതെ എന്തെങ്കിലും തീരുമാനിച്ചാല്‍ അതിന് നിയമസാധുതയില്ല. സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു എന്നു പറഞ്ഞ് രജിസ്ട്രാര്‍ പിന്നീട് കോടതിയില്‍ പോയി കേസ് പിന്‍വലിക്കുകയായിരുന്നു. കോടതിയും ആ സമയത്ത് വ്യക്തമാക്കിയത്, സസ്‌പെന്‍ഷന്‍ പിന്‍വലിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ കോടതി ഇപ്പോള്‍ ഒരഭിപ്രായവും പറയുന്നില്ല എന്നാണ.് അതിനര്‍ത്ഥം സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നു എന്ന് തന്നെയാണ്. സ്റ്റേ ചെയ്യാനോ റദ്ദാക്കാനോ കോടതി തയ്യാറായില്ല എന്നതും ശ്രദ്ധിക്കണം.

നിലവിലെ പ്രതിസന്ധി

നിലവില്‍ സര്‍വകലാശാലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ അനില്‍കുമാറും ഒരു കൂട്ടം എസ്എഫ്‌ഐക്കാരുമാണ്. സസ്‌പെന്‍ഷനില്‍ ആയ അനില്‍കുമാര്‍ ആദ്യം മാറിനില്‍ക്കാന്‍ തയ്യാറാകണം. എസ്എഫ്‌ഐയുടെ പേരില്‍ പ്രകോപനം ഉണ്ടാക്കുന്നവരും പിന്മാറണം. അതോടെ നിലവിലെ പ്രതിസന്ധി മാറും. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നില്ല എന്നാണ് ആരോപണം. ഞാന്‍ സര്‍വകലാശാലയില്‍ എത്തിയാല്‍ കാലു തല്ലിയൊടിക്കും എന്നാണ് ഭീഷണി. അത്തരമൊരു സംഘര്‍ഷാവസ്ഥ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപക്ഷേ എനിക്ക് പോലീസ് സംരക്ഷണം കിട്ടിയേക്കാം. പക്ഷേ ഒരു സംഘര്‍ഷം ഉണ്ടായാല്‍ വിദ്യാര്‍ത്ഥികള്‍ക്കും പോലീസുകാര്‍ക്കും ഉള്‍പ്പെടെ പലര്‍ക്കും പരിക്കേല്‍ക്കും. പലവിധ നാശനഷ്ടങ്ങളും ഉണ്ടാകും. സര്‍വകലാശാലയിലെ ജനല്‍ചില്ലുകളും വാതിലുകളും ഉപകരണങ്ങളും നശിപ്പിക്കപ്പെടും. അതൊന്നും ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് തല്‍ക്കാലം അങ്ങോട്ടില്ല എന്നു പറഞ്ഞത്. എസ്എഫ്‌ഐയുടെ പേരില്‍ സമരം ചെയ്യുന്ന പലരും വിദ്യാര്‍ത്ഥികളല്ല. പുറമേ നിന്നുള്ള ക്രിമിനലുകള്‍ വരെ ഈ സമരത്തിന്റെ മറവില്‍ കയറിക്കൂടുന്നുണ്ട്. അവരെ അവിടെനിന്ന് പുറത്താക്കി സര്‍വകലാശാലയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയാണ് പോലീസ് ചെയ്യേണ്ടത്.

പോലീസിന്റെ നിലപാട് സംബന്ധിച്ച്

കേരള സര്‍വകലാശാലയില്‍ അടുത്തകാലത്തുണ്ടായ എല്ലാ സംഭവങ്ങളിലും പോലീസ് നാടകം കളിക്കുകയാണ്. എസ്എഫ്‌ഐക്കാര്‍ക്ക് സര്‍വകലാശാല ഓഫീസില്‍ അകത്തു കയറി അഴിഞ്ഞാടാനുള്ള അവസരം ഒരുക്കിക്കൊടുത്തത് പോലീസാണ്. മാര്‍ച്ച് ഗേറ്റില്‍ തടയേണ്ടതായിരുന്നു. അതുണ്ടായില്ല. സമരക്കാര്‍ ഓഫീസില്‍ കയറി ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും മറ്റുപകരണങ്ങളും കേടുവരുത്തി. പോലീസ് കാഴ്ചക്കാരായി നിന്നു. രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ല. സമരക്കാരെ ഗേറ്റില്‍ തടഞ്ഞിരുന്നുവെങ്കില്‍ ഈ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. തെരുവ് ഗുണ്ടായിസമാണ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ കാണിക്കുന്നത്.

മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും ഒപ്പിടുന്നത് സംബന്ധിച്ച്

കഴിഞ്ഞ ദിവസം വരെയുള്ള എല്ലാ ഫയലുകളും നോക്കി കൊടുത്തിട്ടുണ്ട് ഇനിയുള്ള മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും ഒപ്പിടാന്‍ ഏതാനും മണിക്കൂറുകളുടെ കാര്യമേയുള്ളൂ. പക്ഷേ സ്വതന്ത്രമായി അവിടെ പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. അത് ചെയ്യേണ്ടത് പോലീസാണ്. സമരം നടത്തുന്ന പലരും അവിടെ പഠിക്കുന്നവരല്ല. അവരെ ബലമായി മാറ്റാന്‍ പോലീസുദ്യോഗസ്ഥര്‍ തയ്യാറാകണം. സര്‍വകലാശാലയിലെ ഒരു വിഭാഗം ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും സസ്‌പെന്‍ഷനിലായ രജിസ്ട്രാര്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നുണ്ട്. ഇത് സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കും. രജിസ്ട്രാറുടെ താല്‍ക്കാലിക ചുമതല നല്‍കിയ മിനി കാപ്പനെ ഭീഷണിപ്പെടുത്തി. അവരുടെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ തകരാറിലാക്കി. നിലവില്‍ അനില്‍കുമാറിനോട് ഫയലുകള്‍ നോക്കരുത് എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അനില്‍കുമാര്‍ അയയ്‌ക്കുന്ന ഒരു ഫയലിലും വിസി ഒപ്പുവയ്‌ക്കില്ല എന്നും അറിയിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ താല്‍കാലിക ചുമതല നല്‍കിയിട്ടുള്ള മിനി കാപ്പന്‍ അയയ്‌ക്കുന്ന ഫയലുകളിലാണ് ഇപ്പോള്‍ വിസി ഒപ്പുവയ്‌ക്കുന്നത്.

വിഷയത്തില്‍ എന്തിന് എസ്എഫ്‌ഐ ഇടപെട്ടു

യഥാര്‍ത്ഥത്തില്‍ എസ്എഫ്‌ഐയുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഒരു വിഷയമാണിത്. സര്‍വകലാശാലയുടെ ഭരണതലത്തില്‍ നടക്കുന്ന ഒരു കാര്യം. തെറ്റ് ചെയ്ത ആരോപണ വിധേയനായ രജിസ്ട്രാര്‍ക്കെതിരെ വിസി അന്വേഷണം പ്രഖ്യാപിക്കുന്നു. ആ നടപടിക്രമങ്ങള്‍ വളരെ സമാധാനപരമായി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. അതിനിടയില്‍ നിയമം കയ്യിലെടുക്കാനുള്ള സിന്‍ഡിക്കേറ്റിലെ ഒരു വിഭാഗത്തിന്റെയും എസ്എഫ്‌ഐയുടെയും ശ്രമമാണ് സര്‍വകലാശാലയെ ഇന്നു കാണുന്ന പ്രതിസന്ധിയിലേക്ക് നയിച്ചത്. അനില്‍കുമാര്‍ മാറിനില്‍ക്കുകയും ഗുണ്ടായിസം കാണിക്കുന്നവര്‍ പു
റത്തുപോവുകയും ചെയ്താല്‍ മണിക്കൂറുകള്‍ കൊണ്ട് കേരള സര്‍വകലാശാലയിലെ പ്രശ്‌നം പരിഹരിക്കപ്പെടും. അനില്‍കുമാറിന്റെ വിഷയം സിന്‍ഡിക്കേറ്റ് അന്വേഷിച്ച് ഉചിതമായ തീരുമാനം എടുക്കും. അതിന് അവരെ ചുമതലപ്പെടുത്തുക മാത്രമാണ് വിസി ചെയ്യുക.

ക്യാമ്പസുകളിലെ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനം

കേരള സര്‍വകലാശാലയില്‍ മാത്രമല്ല കേരളത്തിലെ ഒട്ടെല്ലാ ക്യാമ്പസുകളിലും എസ്എഫ്‌ഐ നടത്തുന്നത് ഗുണ്ടായിസമാണ്. വിരലിലെണ്ണാവുന്ന കുറച്ച് ആളുകള്‍ ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യുകയാണ്. ക്യാമ്പസുകളില്‍ ഗുണ്ടായിസം കാണിച്ച് ഹീറോ ചമയാന്‍ ശ്രമിക്കുന്നു. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ എല്ലാ അക്കാദമിക് വര്‍ഷവും ഇതാണവസ്ഥ. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കേരളത്തിലെ കോളേജ് യൂണിയനുകള്‍ക്ക് വേണ്ടി ഏതാണ്ട് 60 കോടി രൂപ പ്രതിവര്‍ഷം അനുവദിക്കുന്നുണ്ട്. ഈ ഫണ്ട് മുഴുവന്‍ കൈകാര്യം ചെയ്യുന്നത് വിദ്യാര്‍ത്ഥി യൂണിയനുകളാണ്. ഈ യൂണിയനുകള്‍ കൈപ്പിടിയിലാക്കാനാണ് എസ്എഫ്‌ഐ ഈ ശ്രമങ്ങളൊക്കെ നടത്തുന്നത്. പലപ്പോഴും ഈ ഫണ്ട് വിനിയോഗിക്കുന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണമോ ഓഡിറ്റിങ്ങോ നടക്കുന്നില്ല. കേരളത്തിലെ ക്യാമ്പസുകളുടെ അക്കാദമിക് അന്തരീക്ഷം മോശമായി വരുന്നു. എല്ലാ സര്‍വകലാശാലകളിലും ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും വിദ്യാര്‍ത്ഥികള്‍ കുറയുന്നു. എസ്എഫ്‌ഐയുടെ സമരവും അക്രമവും നിമിത്തം വിദ്യാര്‍ത്ഥികളെ കോളജിലേക്ക് അയക്കാന്‍ രക്ഷിതാക്കള്‍ മടിക്കുന്നു. പണമില്ലാത്തവര്‍ പോലും കടം വാങ്ങി അയല്‍ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും മക്കളെ അയക്കുകയാണ്. പഠിക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ കേരളത്തിലെ ക്യാമ്പസുകള്‍ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാകും. ഇക്കാര്യം എല്ലാവരും ഗൗരവത്തോടെ ചിന്തിക്കേണ്ട കാര്യമാണ്. സാധാരണക്കാരായ പൗ
രന്മാരോ അധ്യാപകരോ സംഘര്‍ഷം ആഗ്രഹിക്കുന്നില്ല.

സര്‍വകലാശാലയിലേക്കുള്ള മടക്കം

പ്രശ്‌നം തീരാതെ സര്‍വകലാശാലയില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല. അവിടെ ഒരു കലാപം ഉണ്ടാക്കി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി കുറച്ചുപേര്‍ക്ക് ഹീറോ ചമയാനുള്ള അവസരം ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് പോകാത്തത്. സമാധാനപരമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടായാല്‍ സര്‍വ്വകലാശാലയില്‍ പോകും. സുഗമമായി അവിടുത്തെ പ്രവര്‍ത്തനം നടത്തുകയും ചെയ്യും. സര്‍ക്കാരും പോലീസുമാണ് അതിനുള്ള സംവിധാനം ഒരുക്കേണ്ടത്. ഇക്കാര്യങ്ങളെല്ലാം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ധരിപ്പിച്ചിട്ടുണ്ട്.

 

By admin