• Thu. Oct 22nd, 2026

24×7 Live News

Apdin News

കളിക്കാരൻ മാത്രമല്ല, ഇനി മുതലാളിയും; കടക്കെണിയിൽ മുങ്ങിയ അൽ-നസറിന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ എത്തുന്നു!

Byadmin

Oct 22, 2026


സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നാസറിന്റെ മാനേജ്‌മെന്റ് ക്ലബ്ബ് വിൽക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതായി റിപ്പോർട്ട്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (PIF) ഉടമസ്ഥതയിലുള്ള ക്ലബ്ബ് വൻ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് വിൽപ്പനയ്ക്ക് ഒരുങ്ങുന്നത്.

ബ്ലൂംബെർഗ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച്, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ ഏറ്റെടുക്കലിൽ പങ്കാളിയാകാൻ തയ്യാറെടുക്കുന്നതായാണ് വിവരം.

കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയും

റിപ്പോർട്ടുകൾ പ്രകാരം അൽ-നാസർ ക്ലബ്ബിന് മേൽ 212 മില്യൺ ഡോളറിലധികം (ഏകദേശം 200 ദശലക്ഷം യൂറോ) കടം കുമിഞ്ഞുകൂടിയിട്ടുണ്ട്.

2025/26 സീസണിലെ വലിയ തോതിലുള്ള സാമ്പത്തിക ചെലവുകളും കളിക്കാരുടെ ഭീമമായ കരാറുകളുമാണ് (ഏകദേശം 507 മില്യൺ ഡോളറോളം) ഈ കടബാധ്യതയ്ക്ക് പ്രധാന കാരണം. വിൽപ്പനയ്ക്ക് മുമ്പ് വിവിധ സ്പോൺസർഷിപ്പുകളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും ഈ ബാധ്യതകൾ വീട്ടാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.

2023-ൽ പ്രൈവറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് പിഐഎഫ് അൽ-നാസറിന്റെ 75 ശതമാനം ഓഹരികൾ ഏറ്റെടുത്തത്.

തുടർന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ സ്പോർട്സ് മന്ത്രാലയം ലാഭേച്ഛയില്ലാത്ത സംഘടനയുടെ കൈവശമുണ്ടായിരുന്ന ബാക്കി 25 ശതമാനം ഓഹരികളും പിഐഎഫിലേക്ക് കൈമാറിയിരുന്നു.

റെഡ്‌ബേർഡ് ക്യാപിറ്റൽ കൺസോർഷ്യവും റൊണാൾഡോയുടെ പങ്കാളിത്തവും

യുഎസ് സ്ഥാപനമായ റെഡ്‌ബേർഡ് ക്യാപിറ്റൽ പാർട്ണേഴ്സിന്റെ നേതൃത്വത്തിലുള്ള ഒരു നിക്ഷേപ കൺസോർഷ്യവും സൗദി നിക്ഷേപകരും ചേർന്ന് അൽ-നാസറിനെ ഏറ്റെടുക്കുന്നതിനായി പിഐഎഫുമായി ചർച്ചകൾ നടത്തിവരികയാണ്.

എസി മിലാൻ, ടുലൗസ് തുടങ്ങിയ പ്രമുഖ യൂറോപ്യൻ ക്ലബ്ബുകളുടെ ഉടമകളായ റെഡ്‌ബേർഡ് ക്യാപിറ്റലിന് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിലും ഓഹരി പങ്കാളിത്തമുണ്ട്.

ഈ ഏറ്റെടുക്കൽ പ്രക്രിയയിൽ പങ്കാളിയാകാൻ നിക്ഷേപകർ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ആവശ്യപ്പെടുകയും, താരം അതിന് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതിന് ഏറ്റവും പ്രധാനപ്പെട്ട കാരണം, ക്ലബ്ബ് സ്വകാര്യ നിക്ഷേപത്തിന് വെക്കുകയാണെങ്കിൽ അതിന്റെ 20 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കാൻ റൊണാൾഡോയ്ക്ക് മുൻഗണന നൽകുന്ന പ്രത്യേക വ്യവസ്ഥ അദ്ദേഹത്തിന്റെ അൽ-നസർ കരാറിലുണ്ട് എന്നതാണ്

ഈ നീക്കം യാഥാർത്ഥ്യമായാൽ കളിക്കളത്തിനൊപ്പം ക്ലബ്ബിന്റെ സഹഉടമകൂടിയായുള്ള പുതിയൊരു പങ്ക് കൂടി റൊണാൾഡോയ്ക്ക് സ്വന്തമാകും.

The post കളിക്കാരൻ മാത്രമല്ല, ഇനി മുതലാളിയും; കടക്കെണിയിൽ മുങ്ങിയ അൽ-നസറിന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ എത്തുന്നു! appeared first on Chandrika Daily.

By admin