കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇപ്പോൾ പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി. കരാർ കമ്പനിയെ പഴിച്ചാരിക്കൊണ്ടുള്ള സർക്കാർ റിപ്പോർട്ടിലാണ് നിരീക്ഷണം. സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിർമാണ പ്രവൃത്തികൾ നിർത്തിവയ്‌പ്പിച്ചുവെങ്കിൽ എങ്ങനെയാണ് ഇത്രയും പേർ അപകടത്തിൽപ്പെട്ടു, ദുരന്തസമയത്ത് നിർമാണ പ്രവൃത്തികളിൽ ഏർപ്പെട്ടവരാണോ അപകടത്തിൽപ്പെട്ടവരെന്നും ഹൈക്കോടതി ചോദിച്ചു.
കനത്ത മഴ കണക്കിലെടുത്ത് ജൂൺ അഞ്ചിന് തുരങ്കപാത നിർമാണ ജോലികൾ നിർത്തിവയ്‌പിച്ചുവെന്നും സുരക്ഷ ഉറപ്പാക്കാൻ കരാറുകാരുടെ യോഗം നടത്തിയെന്നും മരണനിരക്ക് കുറച്ചത് സർക്കാരിന്റെ സമയോജിത ഇടപെടലിലൂടെയാണെന്നുമായിരുന്നു സർക്കാരിന്റെ റിപ്പോർട്ട്. കരാറുകാരുടെ മേൽ പൂർണമായും പഴിചാരിയ സർക്കാർ, ഖനനം ചെയ്ത മണ്ണ് നീക്കംചെയ്യാൻ നിർദേശം നൽകിയിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
നിര്‍മ്മാണ അവശിഷ്ടങ്ങള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകരുതെന്നും ആവശ്യമെങ്കില്‍ തൊഴിലാളികളെയും പൊതുജനങ്ങളെയും ഒഴിപ്പിക്കണം എന്നും നിര്‍ദേശിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് അപകടത്തിന് തലേദിവസവും ആവശ്യപ്പെട്ടിരുന്നു. കാങ്കണ്‍ റെയില്‍വേയോടും കരാര്‍ കമ്പനിയോടുമാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത് എന്നും ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.
ദുരന്ത നിവാരണ സെക്രട്ടറിയും പരിസ്ഥിതി സെക്രട്ടറിയും രണ്ട് സ്വതന്ത്ര അന്വേഷണങ്ങൾ നടത്തും. സാങ്കേതിക നിയമ അനുമതികളും പാരിസ്ഥിതിക അനുമതികളും നേടിയോയെന്നും പരിശോധിക്കുമെന്നും സർക്കാർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചെലവുകൾ പൂർണമായും സർക്കാർ വഹിക്കണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പ്രഖ്യാപിച്ച ധനസഹായം എത്രയും വേഗം നൽകണമെന്നും നിർദേശിച്ചു. മൃതദേഹങ്ങൾ വിട്ടു നൽകിയോ എന്ന കോടതിയുടെ ചോദ്യത്തിന് ബന്ധപ്പെട്ട സംസ്ഥാനത്തിലെ ദുരന്ത നിവാരണ അതോ റിട്ടി വഴി കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നായിരുന്നു സർക്കാരിന്റെ മറുപടി.
സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. തുരങ്കപാത പ്രദേശം മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമെന്നാണ് പാരിസ്ഥിതിക അനുമതി റിപ്പോര്‍ട്ട്.