കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ കെ വി തോമസ്.
ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 11 ന് വിന്നിപെഗിലെ ഫ്യൂണറൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മരണ സർട്ടിഫിക്കറ്റിനും മറ്റ് ആവശ്യ രേഖകൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്നും രേഖകൾ അടുത്ത ദിവസം തന്നെ ലഭിക്കുമെന്ന് ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജ ഇന്ന് കെ.വി തോമസിനെ അറിയിച്ചു.
രേഖകൾ കിട്ടുന്ന മുറയ്ക്ക് മൃതദേഹം വിന്നിപെഗിൽ നിന്ന് ടൊറന്റോയിലേക്ക് വിമാനമാർഗ്ഗം കൊണ്ടുപോകും. തുടർന്ന് ടൊറന്റോയിൽ നിന്ന് മൃതദേഹം കേരളത്തിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി ടൊറന്റോയിലെ ഫ്യൂണറൽ ഹോമിൽ നിന്നുള്ള രേഖകളും എത്രയും വേഗം ശരിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കോൺസുലേറ്റ് ജനറൽ അറിയിച്ചു.