• Wed. Jul 16th, 2025

24×7 Live News

Apdin News

കാന്തപുരത്തിന്റെ ഇടപെടലിൽ പ്രതീക്ഷ; യമനിൽ ചർച്ചകൾ ഇന്നും തുടരും – Chandrika Daily

Byadmin

Jul 15, 2025


ന്യൂഡൽഹി∙ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം അബൂബക്കർ മുസല്യാരുടെ ഇടപെടലിനു പിന്നാലെ യെമനിൽ ചേരുന്ന യോഗത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ കുടുംബവുമായുള്ള ചർച്ചകൾ ഇന്നു പുനരാരംഭിക്കും.

കൊല്ലപ്പെട്ടയാളിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കും. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുണ്ടാകും.

കാന്തപുരത്തിന്റെ ഇടപെടലോടെയാണ് യെമൻ പൗറന്റെ കുടുംബവുമായുള്ള ആശയവിനിമയം സാധ്യമായത്. ഷെയ്ഖ് ഹബീബ് ഉമറിന്റെ നിർദേശമാണ് കുടുംബത്തെ പുനരാലോചനയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ നിർദേശം അംഗീകരിച്ച് കുടുംബം ചർച്ചയിൽ പങ്കെടുത്തു. ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമമാണു നടക്കുന്നത്.

16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ അവസാനവട്ട ശ്രമങ്ങൾ നടത്തുന്നത്. ദയാധനം വാങ്ങി മാപ്പു നൽകാൻ കുടുംബം തയാറായാൽ അക്കാര്യം കോടതിയെ അറിയിക്കുകയും വധശിക്ഷ നിർത്തിവയ്ക്കാനുള്ള നടപടിയിലേക്ക് കടക്കുകയും ചെയ്യും. ഇത് സാധ്യമായാൽ ദയാധനം നൽകാൻ സാവകാശം ലഭിക്കും.



By admin