കൊച്ചി: ഉള്ളിക്ക് ദേശീയ ശരാശരിയേക്കാൾ വില ഉയർന്നതിനാൽ നാസിക്കിൽ നിന്ന് ദൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പ്രത്യേക റെയിൽ ഗതാഗത സംവിധാനം വഴി ഉള്ളി എത്തിക്കാൻ കേന്ദ്രസർക്കാർ. മഹാരാഷ്‌ട്രയിലെ ബഫർ സ്റ്റോക്കുകളിൽ നിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ഉള്ളി എത്തിക്കുന്നതിനായി തിങ്കളാഴ്ച മുതൽ “കാന്ദ എക്സ്പ്രസ്” ഓടിത്തുടങ്ങും.
ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിരക്കിൽ ഉള്ളി വിൽപ്പന നടക്കുന്ന വിപണികളിൽ വിതരണം കൂട്ടി വില നിയന്ത്രണവിധേയമാക്കുകയാണ് കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പിന്റെ ലക്ഷ്യം. രാജ്യത്തെ ശരാശരി സവാള വില കിലോയ്‌ക്ക് 42 രൂപയായി ഉയർന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനവും, കഴിഞ്ഞ വർഷം ഇതേ സമയത്തേതിനെ അപേക്ഷിച്ച് 45 ശതമാനവും വർധനയാണിത്. ദൽഹിയിൽ കിലോയ്‌ക്ക് 65 രൂപയും (കഴിഞ്ഞ വർഷം 35 രൂപ) ചെന്നൈയിൽ 58 രൂപയുമാണ് (കഴിഞ്ഞ വർഷം 33 രൂപ) നിലവിലുള്ള നിരക്ക്.
മഹാരാഷ്‌ട്രയിലെ പ്രധാന ഉള്ളി വിപണിയായ ലാസൽഗാവിൽ കഴിഞ്ഞ ജൂണിന് ശേഷം ഉള്ളിയുടെ മൊത്തവ്യാപാര വില ഇരട്ടിയായി (ക്വിന്‍റലിന് 2,000 രൂപയിൽ നിന്ന് 3,800 രൂപയായി ഉയർന്നു). മഴ വൈകിയതും കൃഷിയിടങ്ങളുടെ വിസ്തൃതി കുറഞ്ഞതും കാരണം പ്രധാന ഉത്പാദന കേന്ദ്രമായ മഹാരാഷ്‌ട്രയിൽ ഖാരിഫ് ഉള്ളി ഉത്പാദനത്തിൽ 5 മുതൽ 7 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.
എന്നാൽ 2025-26 വർഷത്തെ മൊത്തം ഉത്പാദനം 30.73 മില്യൺ ടണ്ണായി നിൽക്കുന്നതിനാൽ വലിയ ക്ഷാമത്തിന് സാധ്യതയില്ലെന്നാണ് കൃഷി മന്ത്രാലയത്തിന്റെ വിലയിരുത്തൽ.