• Fri. Jun 5th, 2026

24×7 Live News

Apdin News

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : എസ് ഐ ടി അന്വേഷണം ആരംഭിച്ചു, ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യും

Byadmin

Jun 5, 2026


കോഴിക്കോട് : വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യും. കേസില്‍ ആദ്യം പ്രതിയായ എംഎസ്എഫ് പ്രവര്‍ത്തകന്‍ സി കെ കാസിമിന്റെ മൊഴിയുമെടുക്കും.

അതാസമയം, സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നത് അതീവ ദുഷ്‌കരമെന്ന് അന്വേഷണ ചുമതലയുള്ള റൂറല്‍ എസ് പി ടി ഫറാഷ് പറഞ്ഞു. ഫോണുകള്‍ ശാസ്ത്രീയമായി പരിശോധിച്ചതിന്റെ പൂര്‍ണ ഫലം ലഭിച്ചിട്ടില്ല.പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം വടകരയില്‍ നടന്നു.

കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.പ്രതികളിലേക്ക് എത്താന്‍ ആയില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് പാറക്കല്‍ അബ്ദുള്ള എം.എല്‍.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കിയ പ്രകാരമാണ് ഇപ്പോഴത്തെ അന്വേഷണം.. വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് എന്നാണ് ആരോപണം ഉയര്‍ന്നത്.

എന്നാല്‍ സിപിഎം അനുകൂല സൈബര്‍ പേജുകളിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണില്‍ നിന്നാണ് ആദ്യം സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് എന്നാണ് കണ്ടെത്തിയത്. എന്നാല്‍, തുടര്‍നടപടികളുണ്ടായില്ല. പിന്നീട് തെളിവില്ലെന്ന് കാട്ടി പൊലീസ് കേസ് അവസാനിപ്പിച്ചു.

 



By admin