ലക്നൗ : കാവിയുടുത്ത് സിന്ദൂരം തൊട്ട് എത്തിയ കൻവാരിയകളെ പൂക്കൾ ചൊരിഞ്ഞ് സ്വാഗതം ചെയ്യുന്ന മുസ്ലീം വിശ്വാസികൾ . ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം കണ്ട ഏറ്റവും മനോഹര കാഴ്‌ച്ചയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
സാമൂഹിക പ്രവർത്തകരായ തനീർ ഷെരീഫ്, നിഘത് ഖാൻ എന്നിവരുടെ നേതൃത്വത്തിലാണ് മുസ്ലീങ്ങൾ കൻവാരിയകളുടെ മേൽ പുഷ്പവൃഷ്ടി നടത്തിയത് .കൂടാതെ, കൻവാരിയകൾക്ക് ഭക്ഷണം, വെള്ളം, മറ്റ് അവശ്യ സൗകര്യങ്ങൾ എന്നിവയും ഒരുക്കി.
മതത്തിനതീതമായി പരസ്പരം സഹായിക്കുകയാണ് തങ്ങളെന്ന് തനീർ ഷെരീഫും നിഘത് ഖാനും പറഞ്ഞു. ഇത് സേവനമല്ല, മറിച്ച് മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാഹരണമാണ്. ധീരജ് കേസർവാനി, മുഹമ്മദ് പപ്പു, മുഹമ്മദ് ഷോയിബ്, മുന്ന തുടങ്ങിയവരും പരിപാടിയ്‌ക്ക് നേതൃത്വം നൽകി.
ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ ബച്‌റാവോണിലും മുസ്ലീം നിവാസികൾ കൻവാർ യാത്ര തീർത്ഥാടകരെ പുഷ്പങ്ങൾ വർഷിച്ചാണ് സ്വീകരിച്ചത്. ‘ നമ്മുടെ രാജ്യം എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു, അത് ഈദായാലും ശിവരാത്രിയായാലും… സ്നേഹത്തിൽ വിശ്വസിക്കുന്ന ഒരു രാജ്യമാണ് നമ്മൾ എന്ന സന്ദേശം ഇത് ലോകത്തിന് നൽകും.”- എന്നാണ് ഇതിൽ പങ്കെടുത്ത മുഹമ്മദ് ഷാ പറഞ്ഞത്.