• Sun. Oct 25th, 2026

24×7 Live News

Apdin News

കാശി എന്നുപേരിട്ട കഫേയിൽ ജിന്നയുടെ ഫോട്ടോ കണ്ടാണ് കമന്റിട്ടത്; ഇനി എവിടെ കണ്ടാലും ഇടും: ന്യായീകരണവുമായി ദിയ കൃഷ്ണ

Byadmin

Oct 25, 2026


കൊച്ചി: ഫോർട്ട് കൊച്ചിയിലെ കഫേയെക്കുറിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വീഡിയോയ്ക്ക് താഴെ ‘സാഡ് റിയാലിറ്റി’ എന്ന് കമന്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ.

വീഡിയോയുടെ ആദ്യഭാഗം മാത്രം കണ്ട്, കഫേയിൽ മുഹമ്മദലി ജിന്നയുടെ ചിത്രം വെച്ചതിനെക്കുറിച്ചാണ് താൻ ആ കമന്റ് ഇട്ടതെന്നും, മുസ്ലിങ്ങളെക്കുറിച്ച് പിന്നീട് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെന്നും ദിയ വ്യക്തമാക്കി.

വീഡിയോയുടെ ആദ്യഭാഗം മാത്രം കണ്ട് പ്രതികരിച്ചത് തന്റെ തെറ്റാണെന്നും അതിൽ മാപ്പ് ചോദിക്കുന്നതായും അവർ പറഞ്ഞു.

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ദിയ കൃഷ്ണ നിലപാട് വ്യക്തമാക്കിയത്.

ദിയ കൃഷ്ണയുടെ വിശദീകരണത്തിന്റെ പൂർണരൂപം:

“ഞാനിപ്പോൾ മൂന്നാറിലാണ്. രാവിലെ എഴുന്നേറ്റപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ കാണുന്നത് എന്നെക്കുറിച്ചുള്ള വളച്ചൊടിച്ച ചില വാർത്തകളാണ്. സത്യത്തിൽ അത് ഹൃദയഭേദകമായിരുന്നു.

കേരളത്തിൽ ഹിന്ദു-മുസ്ലിം, ഹിന്ദു-ക്രിസ്ത്യൻ സംഘർഷം ഉണ്ടായാൽ അതിന്റെ ഒത്ത നടുക്ക് ഞാനോ അച്ഛനോ ഉണ്ടാകുമെന്ന തരത്തിൽ കാര്യങ്ങൾ വളച്ചൊടിക്കുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്.

ഞാൻ ഫോളോ ചെയ്യുന്ന നോർത്തിലുള്ള ഒരു ഇൻഫ്ലുവൻസർ കേരളത്തിൽ വന്ന് ചെയ്തൊരു വീഡിയോയാണത്. വർക്കലയിലെ ‘കാശി’ എന്ന് പേരുള്ള ഒരു കഫേയുടെ ഉള്ളിൽ നിന്നുള്ള വീഡിയോയായിരുന്നു അത്. അവിടുത്തെ ചുവരിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തോടൊപ്പം പാകിസ്ഥാൻ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ ഫോട്ടോയും വെച്ചിട്ടുണ്ടായിരുന്നു.

ഇന്ത്യയിലെ ഒരു പുരാതന നഗരത്തിന്റെ പേരുള്ള കഫേയിൽ മഹാത്മാഗാന്ധിയുടെയോ നെഹ്‌റുവിന്റെയോ ചിത്രം വെച്ചാൽ മനസ്സിലാക്കാം, പക്ഷെ ജിന്നയുടെ പടം എന്തിനാണ് വെച്ചതെന്ന് എനിക്ക് മനസ്സിലായില്ല.

കേരളത്തിനകത്ത് ഇങ്ങനെയൊന്ന് വെക്കാൻ ആരാണ് ഇങ്ങനെയൊരു ആശയം കൊടുത്തതെന്ന് ഓർത്ത് വിഷമിച്ചാണ് ‘സാഡ് റിയാലിറ്റി’ എന്ന് ഞാൻ കമന്റ് ചെയ്തത്.

ആദ്യഭാഗത്ത് ജിന്നയുടെ ഫോട്ടോ വെച്ചതിനെക്കുറിച്ച് പറയുന്ന ആ ഭാഗം മാത്രം കണ്ടാണ് ഞാൻ ആ കമന്റ് ഇട്ടത്. സ്വൽപമെങ്കിലും ബോധമുള്ളവർക്ക് അത് കണ്ടാൽ മനസ്സിലാകും. അതിന്റെ രണ്ടാം പകുതിയിൽ കഫേയെക്കുറിച്ചോ കൊച്ചിയിലെ മുസ്ലിങ്ങളെക്കുറിച്ചോ അയാൾ എന്താണ് പറയുന്നതെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. കൊച്ചിയിലെ മുസ്ലിങ്ങളെക്കുറിച്ച് പറയുന്ന ആ ഭാഗം ഞാൻ കേട്ടിട്ടില്ല.

കൊച്ചിയിൽ വരുമ്പോഴടക്കം കേരളത്തിന് പുറത്തും ഏറ്റവും കൂടുതൽ എനിക്കൊപ്പം സെൽഫിയെടുക്കുന്നത് മുസ്ലിം പെൺകുട്ടികളാണ്. എന്റെ കുടുംബത്തിനകത്ത് പോലും മുസ്ലിം ബന്ധുക്കളുണ്ട്.

കേരളത്തിലെ മുസ്ലിങ്ങൾ ഇറങ്ങിപ്പോകണമെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, ഇനി പറയുകയും ഇല്ല. അത്തരമൊരു വിദ്വേഷം ഒരു കമ്മ്യൂണിറ്റിയോടും എനിക്കില്ല. ഞാൻ ഹിന്ദുവാണ്, ആ മതം തന്നെയാണ് എനിക്ക് ഇഷ്ടം, എന്നാൽ മറ്റൊരു മതത്തോടും എനിക്ക് എതിർപ്പില്ല.

ആ വീഡിയോ മുഴുവനായി കാണാതെ പകുതി മാത്രം കണ്ട് അങ്ങനെയൊരു കമന്റ് ഇട്ടത് എന്റെ തെറ്റാണ്, അതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. എന്നാൽ ജിന്നയുടെ ഫോട്ടോ കണ്ടതിനാണ് ഞാൻ ആ കമന്റ് ഇട്ടത്, അത് ഇനി എവിടെ കണ്ടാലും ഞാൻ വീണ്ടും കമന്റ് ചെയ്യും.

അതിനിനി ആളുകൾ ചീത്ത പറഞ്ഞാലും കുഴപ്പമില്ല. പക്ഷേ, ഒരു വയസ്സുള്ള കുഞ്ഞിനെയും എന്റെ ബിസിനസ്സും നോക്കി ജീവിക്കുന്ന എന്നെക്കുറിച്ച് ഓൺലൈനിൽ കാണുന്ന എല്ലാ കാര്യങ്ങളും വ്യാജമായി പ്രചരിപ്പിക്കരുത്,” ദിയ കൃഷ്ണ വ്യക്തമാക്കി.







By admin