• Sun. Oct 25th, 2026

24×7 Live News

Apdin News

ഗുരുവായൂർ ദേവസ്വത്തിലെ ഓഡിറ്റിംഗിലുണ്ടാകുന്ന കാലതാമസം ആശങ്കാജനകം -ഹൈക്കോടതി

Byadmin

Oct 25, 2026


കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ നിയമപരമായ ഓഡിറ്റിംഗിലുണ്ടാകുന്ന കാലതാമസത്തിൽ ഹൈക്കോടതി അതീവ ആശങ്ക രേഖപ്പെടുത്തി. സാമ്പത്തിക ഭരണനിർവ്വഹണവും ഉത്തരവാദിത്തവും ശക്തിപ്പെടുത്താൻ ക്ഷേത്ര ഭരണസമിതിയോട് കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്, സ്വമേധയാ എടുത്ത കേസിലാണ് ഈ നിർദേശങ്ങൾ നൽകിയത്. 2023-24, 2024-25, 2025-26 വർഷങ്ങളിലെ വാർഷിക കണക്കുകൾ ഓഡിറ്റിംഗിനായി ലഭ്യമാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2001-02 മുതൽ 2021-22 വരെയുള്ള കാലയളവിൽ 2,048 ഓഡിറ്റ് ചോദ്യങ്ങളും തീർപ്പാക്കാത്ത 16 റിപ്പോർട്ടുകളും കണ്ടെത്തിയിട്ടുണ്ട്. സ്വർണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും വാർഷിക ഭൗതിക പരിശോധന 2006 – 07 വർഷത്തിൽ മാത്രമാണ് നടന്നതെന്നും, നിലവിൽ നടക്കുന്ന പരിശോധനക്ക് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും കോടതി രേഖപ്പെടുത്തി.
ഓഡിറ്റ് വിഭാഗത്തിന് യോഗ നടപടിക്രമങ്ങളുടെ രേഖകൾ നൽകണമെന്ന നിർദ്ദേശം പൂർണമായും പാലിക്കാത്തതിന് അഡ്മിനിസ്‌ട്രേറ്ററെ കോടതി താക്കീത് ചെയ്തു. കണക്കുകൾ ഒത്തുനോക്കുന്ന നടപടി വർഷങ്ങളായി വൈകുകയാണെന്നും, 2023-24 വർഷത്തെ കണക്കുകൾ മാത്രമാണ് പൂർത്തിയാക്കിയതെന്നും കോടതി നിരീക്ഷിച്ചു. 1978-ലെ ഗുരുവായൂർ ദേവസ്വം നിയമത്തിലെ സെക്ഷൻ 23(1) പ്രകാരം നിഷ്‌കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ഓഡിറ്റിംഗ് പൂർത്തിയാക്കണമെന്ന് കോടതി എടുത്തുപറഞ്ഞു.
ദേവസ്വത്തിനായി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ കൊച്ചിയിലെ ‘ലോജിക്കൽ സ്റ്റെപ്‌സ് ഇന്ററാക്ടീവ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായി കോടതി പറഞ്ഞൂ. മാനേജിംഗ് കമ്മിറ്റി അംഗവും ഒരു ചാർട്ടേഡ് അക്കൗണ്ടന്റുമാണ് ഇതിന് മുൻകൈ എടുത്തത്. എന്നാൽ, കേവലം ഒരു അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ കൊണ്ട് മാത്രം നിലവിലുള്ള വ്യവസ്ഥാപരമായ പോരായ്‌മകൾ പരിഹരിക്കാനാവില്ലെന്ന് കോടതി വിലയിരുത്തി. അതിനാൽ, അക്കൗണ്ടിംഗ്, ആസ്തികൾ, സ്വത്തുക്കൾ, സംഭരണം, ശമ്പള വിതരണം, ഇൻവെന്ററി, ക്ഷേത്ര സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതും, അതത് ചുമതലകൾക്കനുസരിച്ചുള്ള പ്രവേശനാനുമതിയും മാറ്റം വരുത്താൻ കഴിയാത്ത ഓഡിറ്റ് ട്രെയ്‌ലുകളും ഉള്ള ഒരു സംയോജിത ഡിജിറ്റൽ മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കോടതി നിർദേശിച്ചു. ഡെപ്യൂട്ടേഷൻ സംബന്ധിച്ച വിഷയത്തിൽ, പകരക്കാരനെ നിയമിക്കുന്നത് വരെ, ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസറായി സാജിത് കെ. പി.ക്ക് ഒരു മാസം കൂടി തുടരാൻ അനുവദിക്കണമെന്ന് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് കോടതി നിർദേശിച്ചു. കേസ് 2026 നവംബർ 11-ലേക്ക് മാറ്റി.

By admin