കാസര്‍കോട് കാഞ്ഞങ്ങാട് ഇന്നലെ അപകടത്തില്‍ മറിഞ്ഞ ടാങ്കര്‍ ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വാതക ചോര്‍ച്ച. സംഭവത്തിന് പിന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. ലോറി ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വാള്‍വ് പൊട്ടി വാതക ചോര്‍ച്ച ഉണ്ടാവുകയായിരുന്നു. പ്രദേശത്ത് ത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
മംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പാചക വാതകവുമായി പോകുന്ന ടാങ്കര്‍ ലോറി ഇന്നലെ ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. ദേശീയപാതയില്‍ സര്‍വീസ് റോഡിലൂടെ പോകുകയായിരുന്നു ടാങ്കര്‍ ലോറി പ്രധാന റോഡിലേക്ക് കയറുന്നതിനിടെ മറിയുകയായിരുന്നു. ടാങ്കര്‍ ലോറി മറിഞ്ഞ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ 18,19,26 വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട് സൗത്ത് മുതല്‍ പടന്നക്കാട് വരെ ദേശീയ പാതയില്‍ ഗതാഗതവും തടഞ്ഞു.
പ്രദേശത്ത് വൈദ്യുത ബന്ധം വിഛേദിച്ചു. കൊവ്വല്‍ സ്റ്റോറിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീടുകളില്‍ ഗ്യാസ് സിലണ്ടര്‍ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇന്‍വെര്‍ട്ടര്‍ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റു ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ലെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.