• Sat. Jul 26th, 2025

24×7 Live News

Apdin News

കാർഗിൽ വിജയ് ദിവസ് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി; ലഡാക്കിലെ ദ്രാസില്‍ അനുസ്മരണ പരിപാടികള്‍ക്ക് തുടക്കം

Byadmin

Jul 26, 2025



ന്യൂദൽഹി: 1999 കാർഗിൽ യുദ്ധത്തിന്റെ 26-ാം വാര്‍ഷികം വിപുലമായി ആഘോഷിച്ച് രാജ്യം. ലഡാക്കിലെ ദ്രാസില്‍ അനുസ്മരണ പരിപാടികള്‍ തുടങ്ങി. ഡ്രോണ്‍ ഷോ, വീരമൃത്യു വരിച്ച സൈനികരുമായി മുഖാമുഖം, സാംസ്‌കാരിക പരിപാടികള്‍, പദയാത്ര തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരും ഉന്നത സൈനിക ഉദ്യോഗസ്ഥരും പങ്കെടുക്കും.

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ‘ഇ ശ്രദ്ധാഞ്ജലി’ പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുളള സൗകര്യം ഒരുക്കും. കാര്‍ഗില്‍ വീരഗാഥകള്‍ കേള്‍ക്കാനുളള ഓഡിയോ അപ്ലിക്കേഷനും പുറത്തിറക്കും. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ കാര്‍ഗില്‍ യുദ്ധചരിത്രം കേള്‍ക്കാനാകും. പൊതുജനങ്ങള്‍ക്ക് നിയന്ത്രണരേഖയിലെ ചില പ്രധാന സ്ഥലങ്ങള്‍ കാണാനുളള സൗകര്യവുമൊരുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് കാർഗിൽ വിജയ് ദിവസ് ആശംസകള്‍ നേർന്നു. “രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ജീവൻ സമർപ്പിച്ച ഭാരതമാതാവിന്റെ ധീരപുത്രന്മാരുടെ സമാനതകളില്ലാത്ത ധീരതയെ ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു”, മോദി എക്സിൽ കുറിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും. ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി വീരമൃത്യുവരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ചു. കര, നാവിക, വ്യോമ സേനകളുടെ തലവന്മാർ അടക്കം പുഷ്‌പങ്ങളര്‍പ്പിച്ചു.

“കാർഗിൽ വിജയ് ദിവസിൽ, ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ ബഹുമാനം സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും മനക്കരുത്തും ദൃഢനിശ്ചയവും പ്രകടിപ്പിച്ച ധീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു’ – പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എക്സിൽ കുറിച്ചു.

“കാർഗിൽ വിജയ് ദിവസത്തിൽ, മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നു. നമ്മുടെ സൈനികരുടെ അസാധാരണമായ വീര്യത്തിന്റെയും ധൈര്യത്തിന്റെയും അചഞ്ചലമായ ദൃഢനിശ്ചയത്തിന്റെയും പ്രതീകമായി ഈ ദിവസം നിലകൊള്ളുന്നു” – രാഷ്‌ട്രപതി ദ്രൗപദി മുർമു എക്സിൽ എഴുതി. “വീരമൃത്യുവരിച്ച വീരന്മാരുടെ ധൈര്യം ഭാവി തലമുറകൾക്ക് പ്രചോദനമാകും. അവരുടെ അചഞ്ചലമായ ധൈര്യവും ശൗര്യവും തലമുറകളെ പ്രചോദിപ്പിക്കും” – ഖാർഗെ എക്‌സിൽ എഴുതി.

By admin