• Fri. Jul 4th, 2025

24×7 Live News

Apdin News

കിസാന്‍ സംഘിന്റെ പ്രതിഷേധം; കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ പിൻവലിച്ച് നിതി ആയോഗ്

Byadmin

Jul 4, 2025


ന്യൂദല്‍ഹി: ഭാരതവും അമേരിക്കയും തമ്മിലുള്ള കാര്‍ഷിക, വ്യാപാര നയരേഖയില്‍ നിന്ന് നിതി ആയോഗ് പിന്മാറി. പ്രൊമോട്ടിങ് ഇന്ത്യ- യുഎസ് അഗ്രിക്കള്‍ച്ചറല്‍ ട്രേഡ് ഇന്‍ ദി ന്യൂ യുഎസ് ട്രേഡ് സിസ്റ്റം എന്ന പേരിലാണ് നിതിയ ആയോഗ് നയരേഖ തയാറാക്കിയത്. ഭാരതീയ കിസാന്‍ സംഘ് അടക്കമുള്ള സംഘടനകള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ നിതി ആയോഗിന്റെ വെബ്സൈറ്റില്‍ നിന്ന് ഇത് നീക്കം ചെയ്തു.

അമേരിക്കയില്‍ നിന്ന് മറ്റ് പാലുല്‍പ്പന്നങ്ങള്‍ക്കൊപ്പം ജിഎം സോയാബീന്‍ എണ്ണ, ജിഎം സോയാബീന്‍ വിത്തുകള്‍, ജിഎം ചോളം എന്നിവ ഇറക്കുമതി ചെയ്യാനായിരുന്നു നിര്‍ദേശം. സോയാബീന്‍ എണ്ണ ഇറക്കുമതിയില്‍ അമേരിക്കയ്‌ക്ക് താരിഫ് ഇളവുകള്‍ നല്‍കണമെന്നും നയരേഖയില്‍ പറയുന്നു. എന്നാല്‍ ജിഎം വിളകളുടെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ഗവേഷണ റിപ്പോര്‍ട്ട് ഇനിയും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തന രേഖയ്‌ക്കെതിരെ കര്‍ഷക സംഘടനകള്‍ ശക്തമായി രംഗത്തുവന്നത്.

ഇത്തരം ശുപാര്‍ശകള്‍ മുന്നോട്ടുവയ്‌ക്കുന്ന നിതി ആയോഗിലെ വിദഗ്ധര്‍ ആദ്യം സ്വയം ജിഎം വിളകള്‍ ഉപയോഗിക്കണമെന്ന് കിസാന്‍സംഘ് ജനറല്‍ സെക്രട്ടറി മോഹിനി മോഹന്‍ മിശ്ര പറഞ്ഞു. കര്‍ഷകരെയും ഉപഭോക്താക്കളെയും ഗിനി പന്നികളാകാന്‍ വിട്ടുതരില്ല. മുന്‍പും, ഹരിത വിപ്ലവത്തിന്റെയും മറ്റും പേരില്‍, കൂടുതല്‍ ഉത്പാദനം ലക്ഷ്യമിട്ട് കര്‍ഷകര്‍ക്ക് രാസവസ്തുക്കള്‍ നല്‍കിയിരുന്നു. ഇതുമൂലം വ്യാപകമാകുന്ന കാന്‍സറിന് ഇപ്പോള്‍ പഴി കേള്‍ക്കേണ്ടിവരുന്നത് കര്‍ഷകരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് കീഴില്‍ നമ്മുടെ കൃഷി രീതിയെ ജിഎം ഉല്‍പ്പന്നങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നത് 70 കോടി ഭാരതീയരുടെ ഉപജീവനമാര്‍ഗം അപകടത്തിലാക്കുമെന്നും പ്രവര്‍ത്തന നയരേഖ പിന്‍വലിച്ച നീതി ആയോഗിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.



By admin