കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ കോടതി നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കൂടി ശരിവച്ചതോടെ സംസ്ഥാനത്തെ എന്‍ജിനിയറിങ്ങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആകെ അലങ്കോലമായി.
സര്‍ക്കാരിന്റെ അനാസ്ഥ കാരണം റാങ്കുകള്‍ മാറിമറിയും. പ്രവേശനം ലഭിച്ച പലര്‍ക്കും പുതിയ റാങ്ക് പട്ടിക വരുന്നതോടെ സീറ്റ് നഷ്ടമാകും. പ്രവേശനം ലഭിക്കാത്ത പലര്‍ക്കും അഡ്മിഷന്‍ ലഭിക്കും. മറ്റിടങ്ങളില്‍ പ്രവേശനം ലഭിച്ചിട്ടും കേരളത്തില്‍ മതിയെന്ന നിലപാടില്‍ അവിടങ്ങളില്‍ പോകാതിരുന്നവര്‍ക്ക് കിട്ടിയ സീറ്റ് നഷ്ടപ്പെടുന്ന ദുരവസ്ഥയുമുണ്ടാകാം.
അപേക്ഷ ക്ഷണിച്ച സമയത്തോ പരീക്ഷാക്കാലത്തോ അതിനു ശേഷമോ ഒന്നും ഇടപെടാതിരുന്ന സര്‍ക്കാര്‍ റാങ്ക് ലിസ്റ്റ് ഇടുന്നതിന് ഒരു മണിക്കൂര്‍ മുമ്പു മാത്രമാണ് പ്രോസ്പക്ടസില്‍ മാറ്റം വരുത്തിയതും അഡ്മിഷന്‍ രീതി അടിമുടി മാറ്റിയതും. കഴിഞ്ഞ വര്‍ഷം വരെ പിന്തുടര്‍ന്ന രീതിയില്‍ കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്കും സിബിഎസ്ഇ അടക്കമുള്ള സിലബസിലെ വിദ്യാര്‍ത്ഥികള്‍ക്കും തുല്യ പരിഗണനയാണ് ലഭിച്ചിരുന്നത്. ഇതിനു പകരം കേരള സിലബസിലെ കുട്ടികള്‍ക്ക് മാത്രമായി മുന്‍തൂക്കം ലഭിക്കാന്‍ കൊണ്ടു വന്ന കള്ളക്കളിയാണ് ഇപ്പോള്‍ മുഴുവന്‍ പേര്‍ക്കും വിനയായത്. ഇനി പഴയ രീതിയില്‍ വീണ്ടും റാങ്ക് ലിസ്റ്റ് തയാറാക്കണം.
അഡ്മിഷന്‍ മാര്‍ക്കിന്റെ അനുപാതത്തില്‍ പൊടുന്നനെ വരുത്തിയ മാറ്റങ്ങള്‍ തങ്ങളെ ബാധിക്കുമെന്നു കണ്ട് സിബിഎസ്ഇ സിലബസിലെ കുട്ടികളാണ് ഹര്‍ജി നല്‍കിയതും നിയമ യുദ്ധം നടത്തിയതും. അവസാന നിമിഷം വളരെ തന്ത്രപൂര്‍വം കൊണ്ടുവന്ന മാറ്റം നിയമ വിരുദ്ധമാണെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തി. ഈ കണ്ടെത്തല്‍ ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെ അക്ഷരാര്‍ഥത്തില്‍ പ്രതിക്കൂട്ടിലായത് സംസ്ഥാന സര്‍ക്കാരാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പാണ്.
വരുത്തേണ്ട മാറ്റങ്ങള്‍ അടങ്ങിയ ശിപാര്‍ശകള്‍ മുഖ്യമന്ത്രിയടക്കമുള്ളവരുടെ ഓഫീസുകൡ തന്ത്രപൂര്‍വം ഇട്ടുതട്ടി അവസാന നിമിഷം മിന്നല്‍ വേഗത്തില്‍ മാറ്റം വരുത്തുകയായിരുന്നു. കരുതിക്കൂട്ടിയുള്ള നീക്കം ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ അകറ്റിനിര്‍ത്താനുള്ള അടവായിരുന്നുവേണം കരുതാന്‍. ഒരു സര്‍ക്കാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൃത്യമാണ് ചെയ്തത്. വിദ്യാര്‍ഥികളോട് കേരള സിലബസും സിബിഎസ്ഇയും എന്ന് വേര്‍തിരിവുകാട്ടി. അക്ഷന്തവ്യമായ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. അതിന് കോടതിയില്‍ നല്ല തിരിച്ചടിയും കിട്ടി.
പക്ഷെ ഇതുവഴി കുട്ടികളുടെ കണ്ണീരാണ് വീഴുന്നത്. പ്രവേശനം ലഭിച്ച പലര്‍ക്കും സീറ്റ് നഷ്ടപ്പെടാം. ജീവിതത്തിലെ വിലപ്പെട്ട ഒരു വര്‍ഷമാണ് നഷ്ടമാകുന്നത്. അടുത്ത വര്‍ഷത്തെ പരീക്ഷയില്‍ ഇവര്‍ക്ക് സീറ്റ് ലഭിക്കണമെന്നില്ല. മറ്റു പല കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ കഴിഞ്ഞു. അവസരം നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസമാണ് അനിശ്ചിത്വത്തിലായത്.