കൊച്ചി: കേരള എന്‍ജിനീയറിങ് പ്രവേശന യോഗ്യതാ പരീക്ഷയുടെ (കീം) പുതുക്കിയ റാങ്ക് പട്ടിക ഇറക്കി സര്‍ക്കാര്‍. പഴയ ഫോര്‍മുല പ്രകാരമുള്ള പട്ടികയാണ് ഇന്നലെ രാത്രി ഇറക്കിയത്. പരീക്ഷാ പ്രോസ്‌പെക്‌ടസിലെ നിര്‍ദേശത്തിനു വിരുദ്ധമായി വെയിറ്റേജ് മാറ്റി ഇറക്കിയ റാങ്ക് പട്ടിക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചും തള്ളിയതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ യു-ടേണ്‍.
വിധി തിരിച്ചടിയായെങ്കിലും അപ്പീലിനില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു. പ്രോസ്‌പെക്‌ടസില്‍ ഏതു സമയത്തും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഓഗസ്‌റ്റ് 14-നു മുന്‍പ് പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുള്ളതിനാല്‍ വിധി അംഗീകരിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു.
പഴയ ഫോര്‍മുല പ്രകാരം റാങ്ക് പട്ടിക പുതുക്കിയതോടെ കേരള സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍തൂക്കം നഷ്‌ടമായി. മുന്‍ സമവാക്യപ്രകാരം തയാറാക്കുമ്പോള്‍ കേരള സിലബസുകാര്‍ക്ക് സി.ബി.എസ്.ഇ. വിദ്യാര്‍ഥികളേക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് മാര്‍ക്ക് കുറയാത്തരീതിയില്‍ പുതിയ സമവാക്യം കൊണ്ടുവന്നത്. എന്നാല്‍, റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിനു തൊട്ടുമുന്‍പ് അവസാന നിമിഷം കൊണ്ടുവന്ന സമവാക്യം ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നു ജസ്‌റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്‌റ്റിസ് എസ്. മുരളീകൃഷ്‌ണ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചും വിധിച്ചതോടെ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.
സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്കൊപ്പം മലയാളം സിലബസ് വിദ്യാര്‍ഥികള്‍ക്കും തുല്യത ഉറപ്പു വരുത്താനാണ് റാങ്ക് പട്ടിക തയാറാക്കുന്നതിന്റെ ഫോര്‍മുല മാറ്റിയത് എന്നാണ് സര്‍ക്കാര്‍ വാദിച്ചത്. എങ്ങനെയാണ് ഈ തീരുമാനത്തില്‍ എത്തിയത് എന്ന് കോടതി ആരാഞ്ഞപ്പോള്‍, കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് സര്‍ക്കാര്‍ സ്‌റ്റാന്‍ഡാര്‍ഡൈസേഷന്‍ റിവ്യൂ കമ്മിറ്റിയെ നിയോഗിച്ചിരുന്നെന്ന് മറുപടി നല്‍കി. ഈ കമ്മിറ്റി ജൂണ്‍ രണ്ടിന് നല്‍കിയ അഭിപ്രായത്തിന്റെയും എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണറുടെ നിര്‍ദേശത്തിന്റെയും അടിസ്‌ഥാനത്തില്‍ ജൂലൈ ഒന്നിന് പ്രോസ്‌പെക്‌ടസില്‍ ഭേദഗതി വരുത്താന്‍ തീരുമാനിക്കുകയായിരുന്നു എന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ ഈ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. ഉച്ചകഴിഞ്ഞ് കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹാജരാക്കി. ഇതു പരിശോധിച്ച കോടതി, റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ചല്ല സര്‍ക്കാര്‍ പുതിയ ഫോര്‍മുല തയാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി.
ഒറ്റയടിക്ക് ഫോര്‍മുല മാറ്റുക സാധ്യമല്ലെന്നും ഇക്കാര്യം നന്നായി പഠിക്കണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. ഇതും എടുത്തുകാട്ടിയാണ് സര്‍ക്കാരിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കഴിഞ്ഞ നവംബറില്‍തന്നെ ഈ വിഷയം പരിഗണിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കണമെന്ന് എന്‍ട്രന്‍സ് കമ്മിഷണര്‍ ആവശ്യപ്പെട്ടിരുന്നതായും കോടതി ചൂണ്ടിക്കാട്ടി. പക്ഷേ, മാര്‍ച്ചില്‍ മാത്രമാണ് സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചതെന്നും കോടതി നിരീക്ഷിച്ചു.