• Thu. Jul 17th, 2025

24×7 Live News

Apdin News

കീം റാങ്ക്പട്ടിക: സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

Byadmin

Jul 16, 2025


ന്യൂഡല്‍ഹി: കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികള്‍ നല്‍കിയ അപ്പീലില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. റാങ്ക് പട്ടിക സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയ കോടതി ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരാമെന്നും പറഞ്ഞു.

കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ വിധിയില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഇടപെടാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. ഇതോടെയാണ് കേരളാസിലബസ് പ്രകാരം പരീക്ഷയെഴുതിയവര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസ് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പ്രൊസ്പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സിബിഎസ്ഇ സിലബസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന പഴയ പ്രൊസ്പെക്ടസ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ് എന്നുമായിരുന്നു സ്റ്റേറ്റ് സിലബസ് വിദ്യാര്‍ത്ഥികളുടെ വാദം. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവേശന നടപടികളെയും വിദ്യാര്‍ഥികളെയും ബാധിക്കുന്നതിനാല്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കില്ലെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്‌പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്. പിന്നാലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിച്ചുകൊണ്ട് പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു.

By admin