• Tue. Jul 15th, 2025

24×7 Live News

Apdin News

കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ

Byadmin

Jul 15, 2025


ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.

By admin