• Sat. Jul 12th, 2025

24×7 Live News

Apdin News

‘കീമില്‍ സര്‍ക്കാര്‍ അപ്പീലിനില്ല; കോടതി വിധി അംഗീകരിക്കുന്നു’; മന്ത്രി ആര്‍ ബിന്ദു

Byadmin

Jul 11, 2025


കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. വിഷയത്തില്‍ സുപ്രീംകോടതിയില്‍ അപ്പീലിന് പോകില്ലെന്നും മന്ത്രി വ്യക്തമാക്കി. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്‍മുല തുടരും. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കും. എന്‍ട്രന്‍സ് കമ്മീഷന്‍ അതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഓഗസ്റ്റ് പതിനാലിന് മുന്‍പ് അഡ്മിഷന്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തിയാക്കണം. സമയപരിമിതിയുള്ളതുകൊണ്ടാണ് പഴയ ഫോര്‍മുലയില്‍ റാങ്ക് ലിസ്റ്റ് പുറത്തിറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.

കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കീം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്. ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

By admin