• Sat. Nov 14th, 2026

24×7 Live News

Apdin News

കുട്ടികളുടെ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം; നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

Byadmin

Nov 14, 2026



കൊച്ചി: ബാലാവകാശ നിയമപ്രകാരം കുട്ടികളുടെ ഉയർന്ന പ്രായപരിധി 18ൽ നിന്ന് 16 വയസ്സായി കുറയ്‌ക്കുന്ന കാര്യം നിയമനിർമാണ സഭകൾ പരിശോധിക്കണമെന്ന് കേരള ഹൈക്കോടതി. 16 വയസ്സാകുമ്പോഴേക്കും കുട്ടികൾക്ക് ആവശ്യമായ മാനസിക വളർച്ചയും പക്വതയും കൈവരുന്നുണ്ടെന്നതാണ് നിലവിലെ പ്രവണതയെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചു.

പത്തൊൻപതുകാരൻ മദ്യപിച്ച് ഓടിച്ച ആഡംബരകാറിടിച്ച് നെടുമ്പാശേരിയിൽ മൂന്നുപേർ മരിച്ച സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സംഭവത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും നിരോധിക്കുന്ന കേരള അബ്കാരി നിയമത്തിലെ 15ബി വകുപ്പ് കർശനമായി നടപ്പാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകൻ വിനോദ് വിക്രമൻ പിള്ളയാണ് ഹർജി നൽകിയത്. ഈ വകുപ്പ് നടപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണറോട് കോടതി നിർദേശിച്ചു. നിയമവ്യവസ്ഥ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

23 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതും വിളമ്പുന്നതും ഉപയോഗിക്കുന്നതും അബ്കാരി നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെങ്കിലും വ്യവസ്ഥ കൃത്യമായി നടപ്പാക്കുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം. ലൈസൻസുള്ള സ്ഥാപനങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്ക് ഉൾപ്പെടെ മദ്യം ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഇത് എക്സൈസ് വകുപ്പിന്റെ വീഴ്ചയാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

18 വയസ്സിൽ താഴെയുള്ളവർ പോലും ബാറുകളിലും മറ്റും കയറി മദ്യപിച്ചശേഷം വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. നെടുമ്പാശേരിയിൽ 19കാരൻ മദ്യപിച്ച് കാറോടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ച സംഭവവും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചില എക്സൈസ് ഉദ്യോഗസ്ഥർ ബാർ മാനേജ്മെന്റുകളിൽനിന്ന് കൈക്കൂലി വാങ്ങി ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നുവെന്നും ഹർജിയിൽ ആരോപണമുണ്ട്. നെടുമ്പാശേരി അപകടത്തിന് കാരണമായ സാഹചര്യങ്ങളിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

By admin