• Thu. Sep 17th, 2026

24×7 Live News

Apdin News

കുട്ടികളോട് മുടിവെട്ടാൻ അധ്യാപകര്‍ പറയേണ്ട; സ്കൂളുകൾക്ക് കർശന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

Byadmin

Sep 17, 2026


തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടി വളർത്തുന്നതിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. കുട്ടികളുടെ ബാഹ്യരൂപത്തേക്കാൾ പഠനപുരോഗതിക്കും വ്യക്തിത്വവികാസത്തിനുമാണ് സ്കൂൾ അധികൃതർ മുൻഗണന നൽകേണ്ടതെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കറുടേതാണ് നിർണായക ഉത്തരവ്.

ഉത്തരവിലെ പ്രധാന നിർദ്ദേശങ്ങൾ:

വ്യക്തിപരമായ സ്വാതന്ത്ര്യം:

ആൺകുട്ടികൾക്കും ട്രാൻസ്ജെൻഡർ ഉൾപ്പെടെയുള്ള ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും തങ്ങളുടെ താല്പര്യത്തിനനുസരിച്ച് മുടി പരിപാലിക്കാനും ഡ്രസ്സ് കോഡ് തിരഞ്ഞെടുക്കാനും പൂർണ്ണ അവകാശമുണ്ട്.

സുരക്ഷാ മുൻകരുതലുകൾ:

മുടി കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കണം. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി മുടി നിർബന്ധമായും കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവെക്കുകയോ ചെയ്യേണ്ടതാണ്.

ഹെൽത്ത് അലേർട്ട്:

മുടിയിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കൽ വസ്തുക്കളും കളറുകളും ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.

വിവേചനത്തിനെതിരെ കർശന നടപടി

മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരിൽ സ്കൂൾ അധികൃതർ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ ക്ലാസിൽ നിന്ന് മാറ്റിനിർത്താനോ പാടില്ല. വിവേചനപരമായി പെരുമാറുന്നതും മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതും നിയമവിരുദ്ധമാണ്.

വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം

ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സി.ബി.എസ്.ഇയോ ഇതുവരെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടില്ലെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ അടിയന്തരമായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഈ സമിതിയിൽ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും ഉൾപ്പെടുത്തി അവരുടെ അഭിപ്രായങ്ങൾ കൂടി കേട്ടശേഷമേ വിദ്യാലയങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാവൂ. കമ്മീഷന്റെ ശിപാർശയിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണം.

ഹർജിയുടെ പശ്ചാത്തലം

കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തലമുടി നീട്ടി വളർത്തുന്ന ആൺകുട്ടികളോട് വിവേചനം കാണിക്കുന്നുവെന്നും അവരെ കുറ്റവാളികളെ പോലെയാണ് സ്കൂൾ അധികൃതർ നേരിടുന്നത് എന്നും കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ നൽകിയ ഹർജിയാണ് ഉത്തരവിലേക്ക് നയിച്ചത്. കൂടാതെ, പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് മുടി വെട്ടാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ എന്തു തീരുമാനം എടുക്കണമെന്ന് കാണിച്ച് കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഹർജി സമർപ്പിച്ചിരുന്നു. ഈ രണ്ട് ഹർജികളും പരിഗണിച്ചാണ് കമ്മീഷന്റെ ചരിത്രപരമായ ഉത്തരവ്.







By admin