തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ പുകഴ്‌ത്തിയ മുതിര്‍ന്ന നേതാവ് സി ദിവാകരനോട് സിപിഐ വിശദീകരണം തേടും.ഒരാഴ്ചയ്‌ക്കുള്ളില്‍ മറുപടി നല്‍കാനാണ് പാര്‍ട്ടി നിര്‍ദേശിച്ചത്.
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ശിവസേനയെ പുകഴ്‌ത്തി സംസാരിച്ചതിലും സി ദിവാകരന്‍ വിശദീകരണം നല്‍കണം.
സിപിഐ മുന്‍ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചത് പാര്‍ട്ടിയിലും ഇടതുമുന്നണിയിലും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സിപിഐയ്‌ക്ക് ഒരിക്കലും യോജിക്കാനാകാത്ത രാഷ്‌ട്രീയമുള്ള ശിവസേനയെ സി ദിവാകരന്‍ പ്രശംസിച്ചത് അംഗീകരിക്കാനാകില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം സംഘടിപ്പിച്ച ഗണേശോത്സവത്തില്‍ സി ദിവാകരന്‍ പങ്കെടുത്തിരുന്നു.
ഈ വിവാദം ചര്‍ച്ച ചെയ്ത ശേഷമാണ് സി ദിവാകരനില്‍ നിന്ന് വിശദീകരണം തേടാന്‍ പാര്‍ട്ടി തീരുമാനിച്ചത്. നിലവില്‍ സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗമാണ് സി ദിവാകരന്‍. പ്രായപരിധി മാനദണ്ഡത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ നേതൃസമിതികളില്‍ നിന്ന് ഒഴിവാക്കിയത്. പ്രഭാത് ബുക്സിന്റെ ചെയര്‍മാനുമാണ്.