
കൊച്ചി:കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി.സിപിഎമ്മില്‍ നിന്നും പുറത്താക്കിയ മുന്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബ് അടക്കം 53 പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുടെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ഷാജു ജേക്കബ് പറഞ്ഞു.
പാലക്കുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.എ. ജയ, മുന്‍ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയാണ് സിപിഐയില്‍ എത്തിയത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷ്റഫ്, മുന്‍ എംഎല്‍എമാരായ ബാബു പോള്‍, എല്‍ദോ എബ്രഹാം തുടങ്ങിയ സിപിഐ നേതാക്കളില്‍ നിന്നും ഇവര്‍ അംഗത്വം സ്വീകരിച്ചു.
വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ സിപിഐയില്‍ എത്തുമെന്ന് നേതാക്കള്‍ പ്രതികരിച്ചു.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഷാജു ജേക്കബ് ഒഴികെ സിപിഎം സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകാന്‍ കാരണം ഷാജു ജേക്കബ് ആണെന്ന വിലയിരുത്തല്‍ പ്രകാരമാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.