തിരുവനന്തപുരം : ”ശരയോഗ സംഗമം 2026 ‘ നോടനുബന്ധിച്ച് സമര്‍പ്പിക്കുന്ന ഈ വര്‍ഷത്തെ ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്‌ക്കാണ് അംഗീകാരം. ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ആദിമുനി ആചാര്യരത്‌ന പുരസ്‌കാരത്തിന് അട്ടപ്പാടി അതിര്‍ത്തി ഊരായ മുള്ളിയിലെ ഗവ എല്‍ പി സ്‌കൂള്‍ അധ്യാപകനും എന്‍ സി ഇ ആര്‍ ടി പാഠ്യപദ്ധതി പാഠ പുസ്തക നിര്‍മ്മാണ സമിതിയംഗവുമായ ജോബി ബാലകൃഷ്ണനും ആദിമുനി ബാലസൃഷ്ടി പുരസ്‌കാരത്തിന് പ്രമുഖ സാഹിത്യകാരന്‍ ശ്രീജിത്ത് മൂത്തേടത്തും അര്‍ഹരായി.
മേയ് 10 ന് തിരുവല്ല കുമ്പനാട് മണിയാട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ശരരാജയോഗി പത്മാനന്ദഗിരി സ്വാമികള്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശരയോഗസംഗമത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രമുഖരെ ആദരിക്കും. പ്രമുഖ സൈക്കോളജിസ്റ്റും ഹോളിസ്റ്റിക്ക് ഹീലറുമായ ജോര്‍ജ്ജ് കോശി അധ്യക്ഷത വഹിക്കുന്ന”ശരയോഗസംഗമം 2026 ല്‍, പ്രമുഖ ചലച്ചിത്രതാരം അങ്കിത് മാധവ് മുഖ്യാതിഥിയായിരിക്കും.സ്വാഗത പ്രസംഗം നടത്തുന്നത് ഡോ.ഡോണ്‍ വി ഷാജു ആണ്. ബ്രഹ്മശ്രീ ആചാര്യ സിദ്ധയോഗി കൃഷ്ണപിള്ള ശരയോഗ സംഗമം ഉദ്ഘാടനം നിര്‍വഹിക്കും.ആദിമുനിയുടെ പ്രതിമ അനാച്ഛാദനം, ചങ്ങനാശേരി സീനിയര്‍ ഡി വൈ എസ് പി അഷാദ് എസ് നിര്‍വഹിക്കും. തുടര്‍ന്ന് ശരയോഗത്തെക്കുറിച്ച് ശരരാജയോഗി പത്മാനന്ദഗിരി സ്വാമികള്‍ വിവരിക്കും.
ഗിന്നസ് പ്രശാന്ത് അമൃതത്തിന്റെ ആര്‍ട്ടിസ്റ്റിക്ക് യോഗ , കുമാരി പൂജ ദശമി കുമാരി അവിക അനൂപ് എന്നിവരുടെ നൃത്തം, നന്ദന്‍ കടലുണ്ടിയുടെ മാജിക്ക് ഷോ, രമേശന്‍ ടി അവതരിപ്പിക്കുന്ന കുങ് ഫു ഷോ,ചാവക്കാട് വല്ലഭട്ട കളരി സംഘം നടത്തുന്ന കളരി പ്രദര്‍ശനം എന്നിവ ശരയോഗസംഗമത്തിന്റെ ഭാഗമായി നടക്കും. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണവും ഉണ്ടായിരിക്കും.
പുരസ്‌കാര വിതരണത്തിനു ശേഷം വൈകുന്നേരം നാല് മണി മുതല്‍ ശരരാജയോഗി പത്മാനന്ദഗിരി സ്വാമികള്‍ നയിക്കുന്ന ശരയോഗക്രിയ പരിശീലനമുണ്ടായിരിക്കും.
പുരാതനമായ രഹസ്യ ശാസ്ത്രമായ ശരയോഗവും മറ്റനവധി പൗരാണിക വിദ്യകളും സാധാരണക്കാര്‍ക്കും ഗൃഹസ്ഥാശ്രമവാസികള്‍ക്കും പ്രാപ്തമാകണമെന്നുള്ള ലക്ഷ്യത്തോടുകൂടി ശരരാജയോഗി പത്മാനന്ദഗിരി സ്വാമികളുടെ നേതൃത്വത്തില്‍ പത്തനംതിട്ട വെണ്ണിക്കുളം മേമല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ആദിമുനി യോഗകേന്ദ്ര. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആദിമുനി യോഗകേന്ദ്ര ശരയോഗികളുടെയും ശരയോഗം അഭ്യസിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും വളരെ വിപുലമായ ഒരു സമ്മേളനം ശരയോഗസംഗമം എന്ന പേരില്‍ നടത്തിവരുന്നുണ്ട്.