കെടിയു, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തില്‍ സര്‍ക്കാരും ചാന്‍സലറും സമവായത്തിലെത്തണമെന്ന് സുപ്രീം കോടതി. സ്ഥിരം വിസിമാരെ നിയമിക്കുന്നതുവരെ നിലവിലെ വിസിമാര്‍ക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. സര്‍വകലാശാലകളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കരുതെന്നും നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി.
സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നടപടി. കേരള സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും നിലവിലെ താത്കാലിക വൈസ് ചാന്‍സലര്‍മാര്‍ക്ക് തുടരാം. ഇതിനായി ചാന്‍സലര്‍ പുതിയ വിജ്ഞാപനം ഇറക്കണം. സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണം.
സര്‍ക്കാരിനാണോ ഗവര്‍ണ്ണര്‍ക്കാണോ നിയമനാധികാരം എന്നതല്ല പരിഗണനാ വിഷയമെന്നും രണ്ട് സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തതാണ് പ്രധാന പ്രശ്നമെന്നും ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നിരീക്ഷണം. വസ്തുതകള്‍ പരിശോധിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്നും വ്യക്തമാക്കി.
സര്‍വകലാശാലകളില്‍ ഭരണ സ്തംഭനം ഉണ്ടാകരുതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം സുപ്രീംകോടതി ശരിവെച്ചു.