കോഴിക്കോട്: കേരള പ്രീമിയര്‍ ലീഗ് 2025-26 സീസണിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ കാലിക്കറ്റ് എഫ്സിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കോഴിക്കോടന്‍ ടീം കെഎസ്ഇബിയെ വീഴ്‌ത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ (90+5′) രാഹുല്‍ വേണു നേടിയ തകര്‍പ്പന്‍ ഗോളാണ് കാലിക്കറ്റിന് വിജയം സമ്മാനിച്ചത്. ഈ ജയത്തോടെ സൂപ്പര്‍ 8 പോയിന്റ് പട്ടികയില്‍ കാലിക്കറ്റ് എഫ്സി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.
തുടക്കം മുതല്‍ മികച്ച ആക്രമണങ്ങള്‍ അഴിച്ചുവിട്ട കെഎസ്ഇബി 21-ാം മിനിറ്റില്‍ അര്‍ഹിച്ച ലീഡ് നേടി. വലത് വിങ്ബാക്ക് ഷിനു നല്‍കിയ മികച്ചൊരു പാസ് കാലിക്കറ്റ് പ്രതിരോധത്തെ ഭേദിച്ച് ഓടിയെടുത്ത വിഘ്നേഷ്, ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ക്ക് യാതൊരു അവസരവും നല്‍കാതെയുള്ള മുന്നേറ്റമായിരുന്നു അത്. ഈ ഒരു ഗോളില്‍ ആദ്യപകുതി പൂര്‍ത്തിയായി.
രണ്ടാം പകുതിയില്‍ മറുപടി ഗോള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന കോഴിക്കോട് 63-ാം മിനിറ്റില്‍ സമനില പിടിച്ചു. വലത് വിങ്ങില്‍ നിന്നും നിതിന്‍ മധു എടുത്ത ഒരു ലോങ്ങ് ത്രോ ഇന്‍ ക്ലിയര്‍ ചെയ്യുന്നതില്‍ കെഎസ്ഇബി പ്രതിരോധത്തിന് സംഭവിച്ച പിഴവ് മുതലെടുത്ത ആന്റണി പൗലോസ് പന്ത് കൃത്യമായി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.
സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ കാലിക്കറ്റ് വീണ്ടും തങ്ങളുടെ പോരാട്ടവീര്യം പുറത്തെടുത്തു. 95-ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ ലഭിച്ച ഒരു റീബൗണ്ട് അവസരം രാഹുല്‍ വേണു അനായാസം വലയിലെത്തിച്ചതോടെ കോഴിക്കോടന്‍ പടയ്‌ക്ക് ആവേശകരമായ ജയം സ്വന്തമായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇഞ്ചുറി ടൈം ഗോളിലൂടെ കാലിക്കറ്റ് നിര്‍ണ്ണായക ജയം സ്വന്തമാക്കുന്നത്.