കൊൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ്. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു. തന്റെ വസതിയിൽ നടന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ നടന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങൾക്കെതിരെയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം.
ഈ സർക്കാർ നമ്മുടെ ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരെ മമത ഉന്നയിച്ചു. കൂടാതെ ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും മമത ആവശ്യപ്പെട്ടു. മമത ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ മമത ബാനർജിയുടെ അനന്തരവനും ലോക്സഭാ എം പിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു.
ബിജെപി സർക്കാരിന്റെ ഒരുതരത്തിലുള്ള ഭീഷണിക്കും വഴങ്ങില്ലെന്നായിരുന്നു അഭിഷേക് ബാനർജിയുടെ പ്രതികരണം.തെരുവുകച്ചവടക്കാരെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തൃണമൂൽ കോൺഗ്രസ്. മെയ് 21ന് ബാലിഗഞ്ച്, ഹൗറ ജംഗ്ഷൻ, സീൽഡ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിക്കുക.