• Wed. May 20th, 2026

24×7 Live News

Apdin News

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

Byadmin

May 20, 2026


നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍ എന്ന നെയ്‌മര്‍, തളരാത്ത പോരാട്ട വീര്യത്തിന്റെ മറുപേര്. തിരിച്ചുവരവുകളിലൂടെ ആരാധകരുടെ മനസ്സുകളില്‍ കിരീടംവയ്‌ക്കാത്ത രാജാവായി മാറിയ താരം. അതെ, ജൂണില്‍ അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ലോകകപ്പില്‍ പന്തുതട്ടാന്‍ ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരിലൊരാളായ നെയ്‌മര്‍ ജൂനിയര്‍ ബ്രസീലിയന്‍ നിരയിലുണ്ടാകും. കാര്‍ലോ ആഞ്ചലോട്ടി എന്ന ഇറ്റാലിയന്‍ തന്ത്രജ്ഞന് ആ പേര് പ്രൗഢമായ മഞ്ഞപ്പടയ്‌ക്കൊപ്പം വേണമായിരുന്നു.

തിരിച്ചുവരവ് എന്നു പറയുമ്പോള്‍ നെയ്‌മര്‍ നടത്തിയിട്ടുള്ളത് വെറും തിരിച്ചുവരവല്ല, ഒന്നൊന്നര തിരിച്ചുവരവായിരുന്നു എല്ലാക്കാലത്തും നെയ്‌മര്‍ നടത്തിയിട്ടുള്ളത്. 2014ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പ് ക്വാര്‍ട്ടറില്‍ കൊളംബിയയ്‌ക്കെതിരായ മത്സരത്തില്‍ പ്രതിരോധ താരം യുവാന്‍ സുനിഗയുടെ പിന്നില്‍നിന്നുള്ള ഇടിയേറ്റ് നട്ടെല്ലിനു ക്ഷതം സംഭവിച്ചതോടെ ലോകകപ്പില്‍ പിന്നീടുള്ള മത്സരങ്ങള്‍ കളിക്കാന്‍ നെയ്‌മറിനായില്ല. ആ ലോകകപ്പിന്റെ സെമിയില്‍ ജര്‍മനിയോട് 7-1ന്റെ വലിയ പരാജയമേറ്റുവാങ്ങി ബ്രസീല്‍ പുറത്ത്. പിന്നീട് അതേ കാണികളുടെ മുന്നില്‍ ഒളിമ്പിക് സ്വര്‍ണം ബ്രസീലിനു വാങ്ങിക്കൊടുത്താണ് നെയ്‌മര്‍ തിരിച്ചുവരവ് നടത്തിയത്. പിന്നീട് 2022ലെ ലോകകപ്പിനു മുമ്പും നെയ്‌മര്‍ പരിക്കിന്റെ പിടിയിലകപ്പെട്ടു അവിടെയും വലിയ പ്രതീക്ഷകളോടെ തിരിച്ചെത്താന്‍ നെയ്‌മറിനായി. എന്നാല്‍, ലോകകിരീടം നേടാന്‍ ഏറെ സാധ്യത കല്‍പ്പിച്ചിരുന്ന ബ്രസീല്‍ ക്രൊയേഷ്യക്കുമുമ്പില്‍ വീണു, അതും ക്വാര്‍ട്ടറില്‍. പിന്നീട് നിരന്തരം പരിക്ക് വേട്ടയാടപ്പെട്ട നെയ്‌മര്‍ ഒടുവില്‍ ഇതാ തിരിച്ചെത്തിയിരിക്കുന്നു, ബ്രസീലിന്റെ ആറാം കിരീടം തന്നെ ലക്ഷ്യം. കരിയറില്‍ തന്റെ അവസാന ലോകകപ്പിനിറങ്ങുന്ന നെയ്‌മര്‍ക്ക് അതിനു സാധിക്കുമോ എന്ന് കണ്ടുതന്നെ അറിയണം.

ബ്രസീലിയന്‍ ഫുട്‌ബോളിലെ തിളക്കമാര്‍ന്ന പേരാണ് സാന്റോസ്. സാക്ഷാല്‍ പെലെയെ രാകി മിനുക്കിയ ക്ലബ്. അവിടെനിന്ന് ഉയര്‍ന്നു വന്ന നെയ്‌മര്‍ക്ക് ഒന്നും താലത്തില്‍വച്ച് നല്‍കിയതായിരുന്നില്ല, ഓരോ നേട്ടവും വെട്ടിപ്പിടിച്ചതാണ്. എന്നാല്‍, പരിക്കിന്റെ രൂപത്തില്‍ നിര്‍ഭാഗ്യങ്ങളും നെയ്‌മറെ പിന്തുടര്‍ന്നു.

പരിക്കിനെ ക്ഷണിച്ചുവരുത്തുന്ന ഡ്രിബിളിങ്ങ് ശൈലിയാണ് നെയ്‌മറുടേതെന്ന് എപ്പോഴും വിലയിരുത്താറുണ്ട്. ശരിയുമാണ്. എത്രവലിയ പ്രതിരോധത്തെയും കീറി മുറിക്കാന്‍ അവര്‍ക്കിടയിലേക്ക് ഡ്രിബിള്‍ ചെയ്തു കടക്കുന്ന നെയ്‌മര്‍ പലപ്പോഴും താളം തെറ്റി വീണ് പരിക്കേല്‍ക്കുന്നു. അതായിരുന്നു നെയ്‌മറിന് എക്കാലവും തിരിച്ചടിയായത്.

2026 ലോകകപ്പ് ലക്ഷ്യമിട്ടാണ് നെയ്‌മര്‍ സ്വന്തം നാട്ടിലേക്കു പോയത്. 2024-25 സീസണില്‍ 30 മത്സരങ്ങളില്‍ നിന്ന് 11 ഗോളും നാല് അസിസ്റ്റുമാണ് സാന്റോസിനായി നെയ്‌മര്‍ നേടിയത്. ഈ സീസണില്‍ ഇതുവരെ 15 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളും നാല് അസിസ്റ്റും സ്വന്തം പേരിലുണ്ട്. തിരിച്ചുവരവിന്റെ ചെറിയ മിന്നലാട്ടങ്ങള്‍ ഈ പ്രകടനങ്ങളില്‍ കാണാം. എന്നാല്‍, 2023ല്‍ സംഭവിച്ച എസിഎല്‍ ഇഞ്ചുറിക്ക് ശേഷം നെയ്‌മറിന് തന്റെ ക്ഷമത പൂര്‍ണമായും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 2025 ഒക്ടോബറില്‍ ഹാംസ്ട്രിങ് ഇഞ്ചുറി, ജനുവരിയില്‍ കാല്‍ക്കുഴയിലെ ഇഞ്ചുറി, പിന്നെ ശസ്ത്രക്രിയ അങ്ങനെയങ്ങനെ.. ഇതോടെ ആരാധകര്‍ക്ക് നിരാശയായി. നെയ്‌മര്‍ ടീമിലുണ്ടാവില്ല എന്ന് ആരാധകര്‍ പോലും ഉറപ്പിച്ച കാലമായിരുന്നു അത്. എന്നാല്‍, ആ ധാരണകളെയൊക്കെ പിന്നാമ്പുറത്തേക്ക് അടിച്ചകറ്റി സുല്‍ത്താന്‍ മടങ്ങി വന്നിരിക്കുന്നു. ഇതോടെ ഒരിക്കല്‍ക്കൂടി ബ്രസീലിയന്‍ ജനത ആ ബൂട്ടുകളില്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ്, ആറാം കിരീടം ബ്രസീലിനു ലഭിക്കുമോ?

 



By admin