• Thu. Aug 20th, 2026

24×7 Live News

Apdin News

‘കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വഞ്ചിച്ചു’: എഫ്.ഐ.ആറുകള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് സി.ജെ.പി

Byadmin

Aug 19, 2026


മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തുകയാണെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി). സമരം അവസാനിക്കുമ്പോള്‍ കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടുവെന്നും വിജ്ഞാപനങ്ങള്‍ പാലിക്കാതെ സര്‍ക്കാരുകള്‍ രാജ്യത്തെ വഞ്ചിക്കുകയാണെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് ദല്‍ഹിയില്‍ മാധ്യമങ്ങളോട് ആരോപിച്ചു.

പ്രതിഷേധങ്ങള്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് അതിക്രമങ്ങളും അനുബന്ധ സംഭവങ്ങളും അന്വേഷിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച ഉന്നതാധികാര സമിതിയില്‍ തങ്ങളുടെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഒരു മുന്‍ ജഡ്ജി, മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ്, റിട്ട. ഡി.ജി.പി എന്നിവരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കാന്‍ ഉത്തരവിട്ടത്.

ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരം പ്രതിഷേധക്കാര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ ചുമത്തിയ കേസുകള്‍ റദ്ദാക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേന സി.ജെ.പി കോടതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസുകള്‍ പിന്‍വലിക്കാമെന്ന് കഴിഞ്ഞ മാസം കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ജൂലൈ 25-ന് സമരം അവസാനിപ്പിച്ചതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

നീറ്റ് ക്രമക്കേടിനെ തുടര്‍ന്ന് ജീവനൊടുക്കിയ വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കാനും കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ ദേശീയ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്ന് സൗരവ് ദാസ് മുന്നറിയിപ്പ് നല്‍കി.

 

By admin