ഇടുക്കി: 60 മെഗാവാട്ടായി ഉത്പാദനം വര്‍ധിപ്പിച്ച പള്ളിവാസല്‍ ജലവൈദ്യുത വിപുലീകരണ പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങി. ആദ്യ ഘട്ടത്തിലെ 37.5 മെഗാ വാട്ട് ഉത്പാദനമാണ് 60 മെഗാ വാട്ടായി ഉയര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി ഉത്പാദന കേന്ദ്രമാണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി.
വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 5 നും രണ്ടാം നമ്പര്‍ ജനറേറ്റര്‍ ഡിസംബര്‍ 24 നും ഗ്രിഡുമായി ബന്ധിപ്പിച്ചു വാണിജ്യ ഉത്പാദനം ആരംഭിച്ചു. 159.898 മില്ല്യണ്‍ യൂണിറ്റാണ് ഇതുവരെയുള്ള ഉത്പാദനം. സ്ഥാപിത ശേഷിയില്‍ സംസ്ഥാനത്ത് ഏഴാം സ്ഥാനത്താണ് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി. വെള്ളത്തിന്റെ അധിക ലഭ്യതയും ജലവൈദ്യുത ഉത്പാദന സംവിധാനത്തിന്റെ കാലപ്പഴക്കവും കണക്കിലെടുത്താണ് പഴയ പവര്‍ ഹൗസിനോട് ചേര്‍ന്ന് പളളിവാസല്‍ വിപുലീകരണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അധികമായി 153.90 മില്ല്യണ്‍ യൂണിറ്റാണ് പദ്ധതി പ്രകാരം ഉത്പാദിപ്പിക്കുന്നത്.