• Tue. Jul 7th, 2026

24×7 Live News

Apdin News

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Byadmin

Jul 7, 2026


മുംബയ് : ആയുര്‍വേദ ചികിത്സയ്‌ക്കായി കേരളത്തിലേക്ക് പോകാനുള്ള അപേക്ഷയുമായി ബോംബെ ഹൈക്കോടതിയെ സമീപിച്ച് 2018 ലെ ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസിലെ പ്രതി മഹേഷ് റൗത്ത്. ഇതിനായി ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കണമെന്നാണ് ആവശ്യം. റൗത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവ്യക്തമാണെന്നും നിര്‍ദ്ദിഷ്ട ചികിത്സയുടെ ഫലപ്രാപ്തി വ്യക്തമല്ലെന്നും ചൂണ്ടിക്കാട്ടി എന്‍ഐഎ അപേക്ഷയെ എതിര്‍ത്തതോടെ നേരത്തെ പ്രത്യേക കോടതി അപേക്ഷ നിരസിച്ചിരുന്നു.
വാതം അടക്കമുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സയ്‌ക്കായി പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലേക്ക് പോകാനാണ് അനുമതി തേടിയത്.
നിയമ പരീക്ഷ എഴുതാനും മെഡിക്കല്‍ കാരണങ്ങളാല്‍ താനെയില്‍ താമസിക്കാനും റൗത്തിന് മുമ്പ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ചിരുന്നു.
കലാപമുണ്ടാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനും മാവോയിസ്റ്റ് ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ 16 ആക്ടിവിസ്റ്റുകളും പണ്ഡിതരും ഉള്‍പ്പെടുന്നതാണ് ഭീമ കൊറേഗാവ്-എല്‍ഗാര്‍ പരിഷത്ത് കേസ്. 2018 ജനുവരി 1 ന് ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാര്‍ഷികാഘോഷ വേളയിലായിരുന്നു അക്രമം അഴിച്ചുവിട്ടത്.
പതിനാറ് പേരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ 15 പേര്‍ വിചാരണ നേരിടുകയാണ്. ജെസ്യൂട്ട് വൈദികന്‍ സ്റ്റാന്‍ സ്വാമി 2021 ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചിരിന്നു. ശേഷിക്കുന്ന പ്രതികളില്‍ ഭൂരിഭാഗം പേരും ജാമ്യത്തിലാണ്.



By admin