ന്യൂദല്‍ഹി: കോണ്‍ഗ്രസ് ജയിച്ചിടത്ത് വോട്ടുചോരിയില്ലെന്ന് മാത്രമല്ല, അവിടെ വോട്ടിംഗ് യന്ത്രങ്ങള്‍ കിറികൃത്യം പ്രവര്ത്തിക്കും. അതേ സമയം ബിജെപി തൂത്തുവാരിയ ബംഗാളിലും അസമിലും ജയം നേടിയത് വോട്ട് ചോരിയിലൂടെ മാത്രം. വോട്ടിംഗ് യന്ത്രത്തെ സംശയിക്കുന്ന രാഹുല്‍ ഗാന്ധിയുടെ രോഗം വോട്ടെണ്ണല്‍ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ശക്തമാവുകയാണ്. ആരും ചെലിക്കൊള്ളുന്നില്ലെങ്കിലും.
കേരളത്തില്‍ വോട്ട് ചോരി എന്ന വാക്ക് രാഹുല്‍ഗാന്ധി മിണ്ടില്ല. കാരണം പത്ത് വര്‍ഷം കാത്തിരുന്ന നേടിയ വിജയമാണ്. ഇതേക്കുറിച്ച് വല്ലതും പറഞ്ഞാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കണ്ടം വഴി ഓടിക്കുമെന്ന് രാഹുല്‍ ഗാന്ധിയ്‌ക്കറിയാം.
വോട്ട് ചോരി എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ ലാബില്‍വിരിഞ്ഞ ആശയമാണ്. ഇത് രാഹുല്‍ ഗാന്ധിയെ പറഞ്ഞ് പഠിപ്പിച്ച് ഇന്ത്യയിലേക്ക് വിട്ടിട്ട് നാള് കുറെയായി. പക്ഷെ ഡസന്‍ കണക്കിന് കൂറ്റന്‍ കാര്‍ട്ടണ്‍ ബോക്സില്‍ തെളിവുകളും കൊണ്ട് വന്ന് രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആര്‍ക്കും വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന ഒരു ഡേറ്റയും ഇല്ലെന്നതാണ് വാസ്തവം. ബീഹാര്‍ തെരഞ്ഞെടുപ്പുകാലത്തും വോട്ട് ചോരി ആരോപിച്ചെങ്കിലും ആരും അത് ഗൗനിച്ചില്ല. വോട്ട് ചോരി നിരന്തരം ആരോപിച്ചാല്‍ ഹിറ്റ്ലറുടെ തന്ത്രംപോലെ നുണ നൂറു വട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമാണെന്ന് ജനം ധരിച്ചേക്കുമെന്നാണ് രാഹുല്‍ കരുതുന്നത്.
എന്തായാലും തമിഴ്നാട്ടില്‍ വോട്ട് ചോരിയുണ്ടെന്ന് രാഹുല്‍ പറയില്ല. കാരണം വിജയുമായി അധികാരം പങ്കിടാന്‍ കഴിയുമോ എന്നറിയാന്‍ രാഹുല്‍ ഗാന്ധി തന്നെ പിന്തുണ നല്‍കാമെന്ന് പറഞ്ഞ് നടന്‍ വിജയിനെ ഫോണ്‍ വിളിച്ചിരിക്കുകയാണ്. വിജയ് അവരുടെ മുന്നണിയില്‍ എടുത്താല്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമെന്ന് രാഹുല്‍ വിശ്വസിക്കുന്നു. പക്ഷെ രാഹുല്‍ ഗാന്ധിയും സ്റ്റാലിനും തമ്മിലുള്ള ബന്ധം ഇനി നേരെയാകുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പ് വരെ ഡിഎംകെ മുന്നണിയ്‌ക്കൊപ്പം നില‍്ക്കുകയും അതിന് ശേഷം ഡിഎംകെ മുന്നണിയെ തള്ളി വിജയിനൊപ്പം ചേരാന്‍ ശ്രമിക്കുന്നതില്‍ സ്റ്റാലിന്‍ രോഷാകുലനാണ്. രാഹുല്‍ ഗാന്ധിയാകട്ടെ നടന്‍ വിജയിലൂടെ കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാമെന്ന് കരുതുന്നു.