ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്‍ റദ്ദാക്കി. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷനാണ് റദ്ദാക്കിയത്. കേരള സര്‍വകലാശാലയിലെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
താത്കാലിക വിസി സിസാതോമസിന്റെ എതിര്‍പ്പിനെ മറികടന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. വി.സിയുടെ വിയോജിപ്പ് സിന്‍ഡിക്കേറ്റ് തള്ളുകയും ചെയ്തു.
സസ്‌പെന്‍ഷന്‍ നടപടി അന്വേഷിക്കാന്‍ ഡോ. ഷിജുഖാന്‍, അഡ്വ.ജി.മുരളീധരന്‍, ഡോ.നസീബ് എന്നിവരടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തി. നാളെ കോടതിയില്‍ സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ക്ക് സിന്‍ഡിക്കേറ്റ് തീരുമാനം അറിയിക്കേണ്ടിവരും.
അതേസമയം, സസ്‌പെന്‍ഷന്‍ നടപടികളെക്കുറിച്ച് ചര്‍ച്ച ഉണ്ടാകില്ലെന്നും അത് അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്നും വിസി സിസാ തോമസ് പ്രതികരിച്ചു. സസ്‌പെന്‍ഷന്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു .രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്‌തെന്ന് ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളാണ്. സസ്‌പെന്‍ഷന്‍ അതേ രീതിയില്‍ നിലനില്‍ക്കുന്നുവെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.
വിസി മോഹനന്‍ കുന്നുമ്മലാണ് രജിസ്ട്രാര്‍ അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. നിലവില്‍ മോഹനന്‍ കുന്നുമ്മല്‍ വിദേശ സന്ദര്‍ശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വി സി സിസ തോമസാണ്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി നിലവില്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെ വിയോജിച്ച് കുറിപ്പ് നല്‍കിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ച് സിസ തോമസിന് പ്രത്യേക സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്‍കാം. വിസി ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കും.