പത്തനംതിട്ട: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. നിര്‍മാണാനുമതി നല്‍കുന്നതിലാണ് ക്രമക്കേടുകള്‍ അധികവും കണ്ടെത്തിയിരിക്കുന്നത്. 30 ഉദ്യോഗസ്ഥര്‍ കെട്ടിട നിര്‍മാണ അനുമതിക്കും, കെട്ടിട പ്ലാനുകള്‍ തയാറാക്കി നല്‍കുന്ന വിവിധ സ്വകാര്യ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍, ആര്‍ക്കിടെക്റ്റുമാര്‍, കരാറുകാര്‍ എന്നിവരില്‍ നിന്ന് 45 ലക്ഷം രൂപയോളം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. മുനിസിപ്പല്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ ഇതിലുണ്ട്. സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.
തൃശൂര്‍ കുന്നംകുളം മുനിസിപ്പാലിറ്റിയിലെ പരിശോധനയില്‍ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പല ഇടനിലക്കാര്‍ മുഖേന 21.50 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കോര്‍പറേഷന്റെ ഫോര്‍ട്ട്‌കൊച്ചി സോണല്‍ ഓഫീസില്‍ രണ്ട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരും ഓവര്‍സിയര്‍, ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരും കരാറുകാരില്‍ നിന്ന് കൈപ്പറ്റിയത് 12.69 ലക്ഷം രൂപയാണ്.
തിരുവനന്തപുരം നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി ഓവര്‍സിയര്‍ 1.37 ലക്ഷം രൂപയും വര്‍ക്കല മുനിസിപ്പാലിറ്റിയിലെ താത്കാലിക ഓവര്‍സിയര്‍ 2.08 ലക്ഷം രൂപയും അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ സ്വീപ്പര്‍ കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍മാരില്‍ നിന്ന് 2.80 ലക്ഷം രൂപയും നെടുമങ്ങാട് മുനിസിപ്പല്‍ സര്‍വേയറുടെ സ്വകാര്യ വാഹനത്തില്‍ നിന്നും കണക്കില്‍പ്പെടാത്ത 45,000 രൂപയും വിജിലന്‍സ് കണ്ടെത്തിയിരുന്നു. നേരിട്ട് തുക കൈപ്പറ്റാതെ ഓണ്‍ലൈന്‍ ആയാണ് എല്ലാവരും വന്‍ തുക കൈപ്പറ്റിയിരിക്കുന്നത്.
സംസ്ഥാനത്ത് ആറ് മുനിസിപ്പല്‍ കോര്‍പറേഷനിലും 30 മുനിസിപ്പാലിറ്റിയിലും 24 ഗ്രാമ പഞ്ചായത്തിലും ഉള്‍പ്പെടെ 60 ഓഫീസുകളില്‍ ആണ് ഒരേസമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. തദ്ദേശസ്ഥാപനങ്ങള്‍ മുഖേന സാധാരണക്കാര്‍ക്ക് ലഭ്യമാക്കേണ്ട കെട്ടിടനിര്‍മാണ അനുമതി സര്‍ട്ടിഫിക്കറ്റ്, ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കേറ്റ് അനുവദിക്കല്‍, കെട്ടിടനമ്പര്‍, കെട്ടിടനികുതി നിര്‍ണയം എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളിലാണ് മിന്നല്‍ പരിശോധന നടന്നത്. നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാതെ അധികനിലകള്‍ പണിയുക, സെറ്റ്ബാക്ക് ഫോര്‍ ഏരിയ റേഷ്യോ കവറേജ് പാര്‍ക്കിങ്, അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒന്നും പാലിക്കാതെ കെട്ടിടങ്ങള്‍ പണിയുന്നതിനാണ് കൈക്കൂലി.
സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതില്‍ യാതൊരു മാനദണ്ഡവും പാലിക്കുന്നില്ലെന്നും അനധികൃത നി
ര്‍മാണങ്ങളുടെ ക്രമവത്കരണം ഉള്‍പ്പെടെ ഈ മേഖലയില്‍ വന്‍ ക്രമക്കേടുകളാണ് നടക്കുന്നതെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറയുന്നു.