മലപ്പുറം : സൈബർ ക്രൈം പോലീസിന്റെ സമയോചിത ഇടപെടലിൽ വൻ സാമ്പത്തിക തട്ടിപ്പ് തടഞ്ഞു. ബാങ്കിംഗ് നെറ്റ്‌വർക്കിൽ നിന്ന് ലഭിച്ച സൂചനാ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ മണി മ്യൂൾ അക്കൗണ്ട് വഴി നടത്താൻ ശ്രമിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ ഇടപാടാണ് പോലീസ് തടഞ്ഞത്.
മലപ്പുറത്തെ ഒരു സ്വകാര്യ ബാങ്ക് ശാഖയിൽ ഒരാൾ ഒരേ ദിവസം രണ്ട് തവണകളിലായി വലിയ തുക പിൻവലിക്കാൻ ശ്രമിച്ചതായി ബാങ്കിംഗ് നെറ്റ്‌വർക്കിൽ നിന്ന് സൈബർ ക്രൈം പോലീസിന് വിവരം ലഭിച്ചു.
തുടർന്ന്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ഷാജഹാൻ യു.കെയുടെ നിർദേശപ്രകാരം പോലീസ് സംഘം ബാങ്കിലെത്തി പണം പിൻവലിക്കൽ തടയുകയായിരുന്നു.പണം പിൻവലിക്കാനായി എത്തിയ ആളോട് തുകയുടെ സ്രോതസ്സിനെക്കുറിച്ച് അന്വേഷിച്ചതിൽ നിന്നും വ്യക്തമായ മറുപടി ലഭിക്കാത്തതിനെ തുടർന്ന് ഇത് മണി മ്യൂൾ തട്ടിപ്പാണ് എന്ന് വ്യക്തമാവുകയായിരുന്നു. പണം പിൻവലിക്കുന്നതിനായി തന്റെ അക്കൗണ്ട് കമ്മീഷൻ വ്യവസ്ഥയിൽ ഉപയോഗിക്കുന്നതായി തെളിഞ്ഞു.
തട്ടിപ്പുകാർക്കായി ഇയാളിൽ നിന്നും പണം കൈപ്പറ്റുന്ന ആൾ ഒളിവിലാണ്. വലിയ സംഖ്യകൾ വാടക അക്കൗണ്ടിലേക്ക് അയച്ച് കമ്മീഷൻ നൽകിയാണ് അവരെക്കൊണ്ട് ഈ തുക പിൻവലിച്ച് തട്ടിപ്പുകാർക്ക് കൈമാറുന്നത്. ഇക്കാര്യത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതാണ്. സൈബർ ക്രൈം പോലീസ് പണം അയച്ച അക്കൗണ്ടിന്റെ വിവരങ്ങൾ, പണം കൈപ്പറ്റാനായി എത്തി മുങ്ങിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ അന്വേഷിച്ചു വരുന്നു.
പരിചയമില്ലാത്ത വ്യക്തികൾക്ക് അനധികൃതമായി സ്വന്തം അക്കൗണ്ട് ഉപയോഗിക്കാൻ നൽകുന്നതും, ഇത്തരത്തിൽ പണം പിൻവലിച്ച് കൊടുക്കുന്ന ആളുകൾക്കെതിരെയും പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതാണ്. ഇത്തരം നടപടികളിൽ നിന്നും വ്യക്തികൾ പിൻതിരിയണമെന്നും പോലീസ് അറിയിച്ചു.