• Thu. Jul 24th, 2025

24×7 Live News

Apdin News

കൈവശമുള്ളത് 34 രാജ്യങ്ങളുടെ സീൽ; എട്ട് വർഷത്തോളം വ്യാജ എംബസി നടത്തിയയാൾ പിടിയിൽ

Byadmin

Jul 24, 2025


ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോളനേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ആളുകളെ കബളിപ്പിച്ച് വ്യാജ എംബസി നടത്തിയയാൾ പിടിയിൽ. ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റാർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിലാണ് ഇയാൾ വ്യാജ എംബസി നടത്തിയിരുന്നത്. വെസ്റ്റാർക്ടിക്കയുടെ ‘ബാരൺ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ ആണ് യുപി സ്പെഷൽ ടാസ്ക് ഫോഴ്സിൻ്റെ പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം.

വെസ്റ്റാർക്ടിക്ക, സബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ അംബാസഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഹർഷവർധൻ എട്ടുവർഷത്തോളം ആളുകളെ കബളിപ്പിച്ചത്. വിസ നൽകുക, പാസ്‌പോർട്ടുകൾ പുതുക്കുക, വിദേശത്ത് താമസിക്കുന്ന താമസക്കാർക്ക് സഹായം നൽകുക എന്നീ ചുമതലകളാണ് ഒരു കോൺസൽ അല്ലെങ്കിൽ അംബാസിഡറിന് ഉണ്ടാവുക. വിവിധ രാജ്യങ്ങളുടെയും കമ്പനികളുടെയും മുപ്പത്തിനാല് വ്യാജ സീലുകളും ഇയാളുടെ കൈവശം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍
റിപ്പോർട്ട് ചെയ്യുന്നു.

ആഡംബര ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിൻ തൻ്റെ വ്യാജ എംബസി സമ്രാജ്യം കെട്ടിപ്പടുത്തത്. എംബസിക്ക് മുന്നിൽ വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉള്ള ആഡംബര കാറുകളുമുണ്ടായിരുന്നു. ഇതിനൊപ്പം വിശ്വാസ്യത വർധിപ്പിക്കാനായി രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർക്കൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങളും ഇയാൾ ഉപയോഗിച്ചു.

നയതന്ത്ര നമ്പർ പ്ലേറ്റുകൾ, 12 മൈക്രോനേഷനുകളുടെ ‘നയതന്ത്ര പാസ്‌പോർട്ടുകൾ’, വിദേശകാര്യ മന്ത്രാലയത്തിന്റെ സ്റ്റാമ്പുകൾ പതിച്ച രേഖകൾ, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, 44 ലക്ഷം രൂപ, വിദേശ കറൻസി, 18 നയതന്ത്ര നമ്പർ പ്ലേറ്റുകൾ, ആഡംബര വാച്ച് ശേഖരം എന്നിവ എസ്ടിഎഫ് ഉദ്യോഗസ്ഥർ ഹർഷവർധൻ്റെ എംബസിയിൽ നിന്ന് കണ്ടെടുത്തു.

നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന് 2011ൽ ജെയിനിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവാദ ആൾദൈവമായ ചന്ദ്രസ്വാമിയുമായും അന്താരാഷ്ട്ര ആയുധ ഇടപാടുകാരനായ അദ്‌നാൻ ഖഗോഷിയുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹവാല വഴി കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിന്റെ ഭാഗമാണിയാളെന്നും നയതന്ത്ര രേഖകൾ വ്യാജമായി നിർമിച്ചതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഗാസിയാബാദിലെ വ്യാജ എംബസിക്ക് പുറത്തുള്ള നെയിംബോർഡിൽ ‘കോൺസൽ ജനറൽ ഓഫ് ഗ്രാൻഡ് ഡച്ചി ഓഫ് വെസ്റ്റാർക്ടിക്ക’ എന്നാണ് കുറിച്ചിരിക്കുന്നത്. എസ്‌ടിഎഫ് വ്യാജ എംബസി കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, വെസ്റ്റാർക്ടിക്കയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അവരുടെ ഹർഷവർധൻ്റെ ഫോട്ടോകൾ പങ്കിട്ടിരുന്നു. “ബാരൺ എച്ച്. വി. ജെയിൻ നിയന്ത്രിക്കുന്ന വെസ്റ്റാർക്ടിക്കയുടെ ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറൽ 2017 മുതൽ പ്രവർത്തനക്ഷമമാണ്.

ഇന്ത്യയിലെ വെസ്റ്റാർക്ടിക്കയുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനൊപ്പം, ബാരൺ ജെയിൻ പ്രതിവർഷം അഞ്ച് തവണ പ്രാദേശിക ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുമുണ്ട്,” ഗാസിയാബാദിലെ കെട്ടിടത്തിന്റെയും ജെയിനിൻ്റെ ‘ഭണ്ഡാര’ ഓർഗനൈസേഷെൻ്റേയും ഫോട്ടോകൾ പങ്കിട്ടുകൊണ്ടുള്ള പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

 

By admin