കൊച്ചി: വൈപ്പിൻ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച വിദേശ കപ്പലിന് തീപിടിച്ചു. സീ ബ്യൂ എന്ന സ്വകാര്യ ഷിപ്യാർഡിലാണ് തീപിടുത്തമുണ്ടായത്. തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചാണ് ഫയർഫോഴ്സ് അണയ്‌ക്കാൻ ശ്രമിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവം നടന്ന ഉടൻ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്‌ക്കാനുള്ള തീവ്രശ്രമത്തിലാണ്. കപ്പലിന്റെ മുകൾഭാഗത്താണ് തീ വ്യാപിച്ചിരിക്കുന്നത്. സമീപത്തായി അറ്റകുറ്റപ്പണിക്കായി എത്തിച്ചിരുന്ന മറ്റ് ബോട്ടുകളും കപ്പലുകളും ഉള്ളതിനാൽ വൻ അപകടസാധ്യതയാണ് നിലവിലുള്ളത്.
ഇന്ന് പുലർച്ചെ കപ്പലിന്റെ മുകൾഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു.